ഇതാദ്യമായാണ് ഗൗതം അദാനി തന്റെ പിന്തുടർച്ചയെക്കുറിച്ച് സംസാരിക്കുന്നത്. മക്കളായ കരൺ അദാനി, ജീത് അദാനി, സഹോദരൻമാരുടെ മക്കളായ പ്രണവ്, സാഗർ എന്നിവർ ആയിരിക്കും പിൻഗാമികൾ
എഴുപതാം വയസ്സിൽ വിരമിക്കുമെന്നും ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഒഴിയുമെന്നും ഗൗതം അദാനി. 2030-കളുടെ തുടക്കത്തിൽ പുതിയ നായകനെ കമ്പനിക്ക് ലഭിക്കുമെന്നും അറുപത്തി രണ്ടുകാരനായ അദാനി പറഞ്ഞു. ഇതാദ്യമായാണ് ഗൗതം അദാനി തന്റെ പിന്തുടർച്ചയെക്കുറിച്ച് സംസാരിക്കുന്നത്. മക്കൾക്കും സഹോദരന്മാരുടെ മക്കൾക്കുമായി കമ്പനി കൈമാറുമെന്ന് ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ അദാനി വെളിപ്പെടുത്തിയത്. ഗൗതം അദാനി വിരമിക്കുമ്പോൾ, അദ്ദേഹത്തിന്റെ നാല് അനന്തരാവകാശികൾക്ക് കമ്പനികൾ ഭാഗം വയ്ക്കും. മക്കളായ കരൺ അദാനി, ജീത് അദാനി, സഹോദരൻമാരുടെ മക്കളായ പ്രണവ്, സാഗർ എന്നിവർ ആയിരിക്കും പിൻഗാമികൾ
ഗൗതം അദാനിയുടെ മൂത്ത മകൻ കരൺ അദാനി, അദാനി പോർട്ട്‌സിന്റെ മാനേജിംഗ് ഡയറക്ടറും ഇളയ മകൻ ജീത് അദാനി അദാനി എയർപോർട്ട്‌സിന്റെ ഡയറക്ടറുമാണ്. ഗൗതം അദാനിയുടെ സഹോദരനായ വിനോദ് അദാനിയുടെ മകൻ പ്രണവ് അദാനി, അദാനി എന്റർപ്രൈസസിന്റെ ഡയറക്ടറാണ്. ഗൗതം അദാനിയുടെ ഇളയ സഹോദരനായ രാജേഷ് അദാനിയുടെ മകനായ സാഗർ അദാനി, അദാനി ഗ്രീൻ എനർജിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. അദാനി ഗ്രൂപ്പിന്റെ ഭാഗമായി നിലവിൽ 10 ലിസ്റ്റ് ചെയ്ത കമ്പനികളുണ്ട്.
ഉച്ചഭക്ഷണ സമയത്ത് കുടുംബാംഗങ്ങൾക്കിടയിൽ ഗൗതം അദാനി തന്റെ വിരമിക്കലിനെ കുറിച്ച് പറഞ്ഞപ്പോൾ ഒരു കുടുംബം പോലെ ഗ്രൂപ്പ് നടത്താനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് മക്കളെല്ലാവരും ഒരുമിച്ച് നിലപാടെടുത്തെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ, മുഴുവൻ കുടുംബവും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുന്നത് തുടരുമെന്ന് മക്കൾ പറഞ്ഞതായി അദാനി വെളിപ്പെടുത്തി. നാല് അവകാശികൾക്കുമായി കുടുംബ ട്രസ്റ്റിന്റെ തുല്യമായി പങ്ക് വയ്ക്കാനാണ് സാധ്യത.