അദാനി ഗ്രീൻ എനർജി 24,500 കോടിയും അംബുജ സിമന്‍റ്സ് 3,500 കോടിയും അദാനി കോണക്സ് 13,200 കോടിയും അദാനി ടോട്ടൽ ഗ്യാസ് ആൻഡ് സി എൻ ജി 1568 കോടിയും തമിഴ്നാട്ടിൽ നിക്ഷേപിക്കും
ചെന്നൈ: തമിഴ് നാട് സർക്കാരിന്‍റെ ആഗോള നിക്ഷേപ സംഗമത്തിന്‍റെ അവസാന ദിനത്തിൽ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. ആദ്യ ദിനത്തിൽ 60000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച അംബാനിയാണ് താരമായതെങ്കിൽ രണ്ടാം ദിനത്തിൽ താരമായത് അദാനിയാണ്. ഏകദേശം നാൽപ്പത്തിമൂവായിരം കോടിയുടെ നിക്ഷേപമാണ് അദാനി പ്രഖ്യാപിച്ചത്. കൃത്യമായി പറഞ്ഞാൽ 42768 കോടിയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പിന്‍റെ 4 കമ്പനികളും ചേർന്ന് മൊത്തത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
അദാനി ഗ്രീൻ എനർജി 24,500 കോടിയും അംബുജ സിമന്‍റ്സ് 3,500 കോടിയും അദാനി കോണക്സ് 13,200 കോടിയും അദാനി ടോട്ടൽ ഗ്യാസ് ആൻഡ് സി എൻ ജി 1568 കോടിയും തമിഴ്നാട്ടിൽ നിക്ഷേപിക്കുമെന്നാണ് ഉറപ്പായത്. ചെന്നൈയിൽ നടക്കുന്ന ആഗോള നിക്ഷേപസംഗമത്തിൽ ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പിടുകയും ചെയ്തിട്ടുണ്ട്.
undefined
അതേസമയം അറുപതിനായിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച മുകേഷ് അംബാനിയാണ് ആദ്യ ദിനത്തിലെ താരമായത്. റിലയൻസ് റിട്ടെയിൽ 25000 കോടിയുടെ നിക്ഷേപവും ജിയോ 35000 കോടിയുടെ നിക്ഷേപവും നടത്തുമെന്നാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. തമിഴ് നാട് ഉടൻ തന്നെ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായുള്ള സംസ്ഥാനമായി മാറുമെന്നുമാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ ഐ എൽ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഗ്ലോബൽ ഇൻവെസ്‌റ്റേഴ്‌സ് മീറ്റിൽ പറഞ്ഞത്. റിലയൻസ് ഗ്രൂപ്പ് ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് നടത്തിയ നിക്ഷേപങ്ങളെ കുറിച്ച് അംബാനി എടുത്തുപറഞ്ഞു. രാജ്യത്തെ ഏറ്റവും ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ് നാടെന്നും സംസ്ഥാന സർക്കാരിൽ ആത്മവിശ്വാസം മികച്ചതാണെന്നും അംബാനി ചൂണ്ടികാട്ടി.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ആഗോള നിക്ഷേപ സംഗമം മുഖ്യമന്ത്രി സ്റ്റാലിനും കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ചേർന്ന് ഇന്നലെ രാവിലെയാണ് ഉദ്ഘാടനം ചെയ്തത്. 50 രാജ്യങ്ങളില്‍ നിന്നുള്ള 450 അന്താരാഷ്ട്ര പ്രതിനിധികൾ അടക്കം 30,000 പേരാണ് നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുന്നത്. കമ്പനികളുടെ നിക്ഷേപം കൂടുന്നതോടെ തൊഴിലവസരവും കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം