ബജറ്റ് അവതരണത്തിന്‍റെ തുടക്കത്തിൽ കുതിച്ചുയർന്ന ഓഹരി വിപണി, ഒരു മണിക്കൂർ പിന്നിട്ടപ്പോളാണ് പൊടുന്നനെ കൂപ്പുകുത്തിയത്.
മുംബൈ: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം ധനമന്ത്രി നിർമല സീതാരാമൻ തുടരവെ ഇന്ത്യൻ ഓഹരി വിപണിയിൽ തകർച്ച. ബജറ്റ് അവതരണത്തിന്‍റെ തുടക്കത്തിൽ കുതിച്ചുയർന്ന ഓഹരി വിപണി, ബജറ്റ് അവതരണം ഒരു മണിക്കൂർ പിന്നിട്ടപ്പോളാണ് പൊടുന്നനെ കൂപ്പുകുത്തിയത്.
ബജറ്റ് പ്രഖ്യാപനങ്ങൾ തുടങ്ങിയപ്പോൾ ഓഹരി വിപണിയിൽ വൻ മുന്നേറ്റമാണ് അനുഭവപ്പെട്ടത്. ഒരു ഘട്ടത്തിൽ സെൻസെക്സ് 300 ഉം നിഫ്റ്റി 95 പോയിന്‍റും ഉയർന്നിരുന്നു. എന്നാൽ പതിനൊന്ന് മണിക്ക് തുടങ്ങിയ ബജറ്റ് അവതരണം ഒരു മണിക്കൂർ പിന്നിട്ട് 12 മണിയിലെത്തുമ്പോൾ ഓഹരി വിപണിയിൽ തിരിച്ചടിയാണ് കാണുന്നത്. നിലവിൽ സെൻസെക്സ് 371 ഉം നിഫ്റ്റി 99 ഉം പോയിന്‍റും താഴ്ന്നാണ് വ്യാപാരം തുടരുന്നത്. ബജറ്റ് അവതരണം പൂർത്തിയാകുമ്പോൾ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായാൽ ഓഹരി വിപണി ഉണർന്നേക്കും. അല്ലെങ്കിൽ ബജറ്റിലെ നിരാശ പ്രകടമാക്കി ഓഹരി വിപണി വീണ്ടും താഴേക്ക് പതിച്ചേക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റിൽ ആദായനികുതിയിൽ വമ്പൻ ആശ്വാസ പ്രഖ്യാപനങ്ങളാണ് ഉണ്ടായിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ് അനുവദിച്ച്, ആദായ നികുതിയടക്കേണ്ട പരിധി ഉയർത്തി. 12 ലക്ഷം വരെ വാർഷിക വരുമാനമുളളവർക്ക് ഇനി ആദായ നികുതിയില്ല. ഇതോടെ ബഹുഭൂരിപക്ഷം മാസ ശമ്പളക്കാർ ആദായനികുതി പരിധിക്ക് പുറത്താകും. മധ്യവർഗ കേന്ദ്രീകൃതമായ പരിഷ്ക്കാരത്തിലൂടെ സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇനി 12 ലക്ഷം ശമ്പളം വാങ്ങുന്നവർക്ക് ഇനി എൺപതിനായിരം രൂപ വരെ ലാഭിക്കാം. 18 ലക്ഷം ശമ്പളമുള്ളവർക്ക് എഴുപതിനായിരം ലാഭിക്കാം. 25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമുണ്ടാകും. പുതിയ പരിഷ്കാരത്തിലൂടെ മധ്യവർഗത്തിന്റെ കൈയിലേക്ക് കൂടുതൽ പണം എത്തിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. മധ്യവർഗത്തിൻ്റെ കൈയിലേക്ക് കൂടുതൽ പണം എത്തുന്നതോടെ മാർക്കറ്റിലേക്ക് കൂടുതൽ പണം ഇറങ്ങുമെന്ന് സർക്കാർ കരുതുന്നു. മധ്യവർഗ്ഗം തിങ്ങിപ്പാർക്കുന്ന ദില്ലിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് കൂടി മുന്നിൽ കണ്ടാണ് ഈ പ്രഖ്യാപനം എന്ന് വിലയിരുത്തുന്നവരുണ്ട്.