ഇന്ന് കേരളത്തില്‍ ഏറെ ജനപ്രിയമായി മാറിക്കൊണ്ടിരിക്കുന്ന തൂശന്‍ പ്ലേറ്റുകള്‍ക്ക് പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന്റെയും പരിശ്രമത്തിന്റെയും വലിയൊരു കഥയുണ്ട്.
കോര്‍പറേറ്റ് ജീവിതം 45-ാം വയസില്‍ അവസാനിപ്പിക്കാനും 46-ാം വയസുമുതല്‍ ലോകം മുഴുവന്‍ യാത്ര ചെയ്യണമെന്നും ആഗ്രഹിച്ച വിനയകുമാര്‍ ബാലകൃഷ്ണന്റെ ചിന്തകളെല്ലാം മാറിമറിഞ്ഞത് ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായുണ്ടായ അനുഭവത്തില്‍ നിന്നാണ്. പ്ലാസ്റ്റിക്കിന് പകരം വെയ്ക്കാന്‍ മലയാളിക്ക് തൂശന്‍ എന്നൊരു ബ്രാന്‍ഡ് ലഭിച്ചതും അവിടെ നിന്നു തന്നെ. ഇന്ന് കേരളത്തില്‍ ഏറെ ജനപ്രിയമായി മാറിക്കൊണ്ടിരിക്കുന്ന തൂശന്‍ പ്ലേറ്റുകള്‍ക്ക് പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന്റെയും പരിശ്രമത്തിന്റെയും വലിയൊരു കഥയുണ്ട്.
റെയില്‍വേയിലെ ജോലിക്കും ടെറിട്ടോറിയല്‍ ആര്‍മിയിലെ സന്നദ്ധ സേവനത്തിനും ശേഷം രണ്ട് ബാങ്കുകളിലും ഇന്‍ഷുറന്‍സ് കമ്പനിയിലും വിനയകുമാര്‍ ബാലകൃഷ്ണന്‍ ജോലി ചെയ്തു. അക്കൂട്ടത്തില്‍ മൗറീഷ്യസില്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ സിഇഒ ആയി ജോലി ചെയ്തിരുന്ന കാലത്താണ് മാലിന്യ സംസ്‍കരണത്തെക്കുറിച്ചുള്ള ചിന്തകള്‍ വന്നത്. മൗറീഷ്യസ് പോലെ മനോഹരമായ ഒരു രാജ്യത്ത് അത്തരമൊരു ആശയം മനസിലെത്തുന്നത് തികച്ചും സ്വാഭാവികം. അങ്ങനെയിരിക്കെ ഒരു യാത്രയ്ക്കിടയില്‍ കണ്ട ഒരു തരം പ്ലേറ്റ് ഏറെ ആകര്‍ഷിച്ചു. തവിട് കൊണ്ട് നിര്‍മിച്ചതായിരുന്നു അത്. അന്വേഷണത്തില്‍ അത് പോളണ്ടില്‍ നിര്‍മിക്കുന്നതാണെന്ന് മനസിലായി. അവരോട് സംസാരിച്ചെങ്കിലും ഇന്ത്യയില്‍ ഉത്പാദനത്തിന് താത്പര്യമില്ലെന്ന് ആ കമ്പനി അറിയിച്ചതോടെയാണ് ഇത് സ്വന്തമായി ചെയ്യാന്‍ സാധിക്കുമോ എന്ന് അന്വേഷിക്കുന്നത്.
നാട്ടിലെത്തിയ ശേഷം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി.എസ്.ഐ.ആറുമായി ചേര്‍ന്നാണ് ഗവേഷണം നടത്തി. ഫണ്ടും മെഷിനറികളും നല്‍കി. ഒന്നര വര്‍ഷത്തിന് ശേഷം ഗവേഷണത്തില്‍ തവിട് കൊണ്ട് പ്ലേറ്റ് നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ കണ്ടെത്തി. ലാബിലുണ്ടായ പ്ലേറ്റ് നാട്ടിലിറക്കാനായി വേണ്ട മെഷീനുകള്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് തയ്യാറാക്കി. നിര്‍മാണം പൂര്‍ണമായും ഓട്ടോമേറ്റഡ് ആയിരിക്കണമെന്ന് അന്നേ നിര്‍ബന്ധമുണ്ടായിരുന്നു. മെഷീന്‍ നിര്‍മിക്കാന്‍ വലിയ ചെലവ് വന്നു. തവിടിന്റെ ലഭ്യത കണക്കിലെടുത്ത് അങ്കമാലിയിലാണ് പ്ലാന്റ് സ്ഥാപിച്ചത്. പിന്നീട് ഒരു വര്‍ഷത്തോളമെടുത്താണ് കൃത്യമായ അനുപാതങ്ങളിലും സാഹചര്യങ്ങളിലും ഇത്തരം പ്ലേറ്റുണ്ടാക്കാന്‍ പഠിച്ചത്.
ഇന്ന് ഇവിടെ തൂശനെന്ന ബ്രാന്‍ഡില്‍ ഗോതമ്പിന്റെ തവിടു കൊണ്ട് പ്ലേറ്റുകള്‍ നിര്‍മിക്കുന്നു, തൂശന്റെ തന്നെ അരിപ്പൊടിയില്‍ തീര്‍ത്ത സ്ട്രോകളുമുണ്ട്. പാത്രത്തില്‍ വെച്ച് ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ ആ പാത്രവും കൂടി തിന്നാം. മാലിന്യ പ്രശ്നമില്ല, പ്രകൃതിക്ക് ഏറെ അനിയോജ്യം. അരിയുടെ തവിട് കൊണ്ട് നിര്‍മിക്കുന്ന ഫോര്‍ക്ക്, നൈഫ്, സ്‍പൂണ്‍ എന്നിവയും ഉടന്‍ വരാനിരിക്കുകയാണ്. ഫുള്ളി ഓട്ടോമാറ്റിക് റോബോട്ടിക് പ്ലാന്റില്‍ മനുഷ്യസ്‍പര്‍ശമേല്‍ക്കാതെ നിര്‍മിക്കുന്നവയാണ് ഇവയെല്ലാം. പ്ലേറ്റുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഗോതമ്പ് തവിട് മനുഷ്യന് കഴിക്കാന്‍ പറ്റുന്ന നിലവാരത്തിലുള്ളതുമാണ്. അതും അന്നന്ന് രാവിലെ ശേഖരിക്കുന്ന ഫ്രഷ് തവിട്.
കേരളത്തില്‍ ഒരു മാസം ആട്ട നിര്‍മിച്ച് കഴിഞ്ഞ് ബാക്കി വരുന്ന തവിട് ഏകദേശം 7000 ടണ്‍ വരുമെന്നാണ് കണക്ക്. ഇതാണ് പ്ലേറ്റ് നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തു. പ്ലേറ്റുകള്‍ ഒറ്റത്തവണ ഉപയോഗത്തിന് മാത്രമുള്ളവയാണ്. ഉപയോഗ ശേഷം പ്ലേറ്റുകള്‍ വേണമെങ്കില്‍ കടിച്ചു തിന്നാം. അല്ലെങ്കില്‍ കാലിത്തീറ്റയായോ കോഴിത്തീറ്റയായോ മത്സ്യത്തിന് തീറ്റയായോ വളമായോ ഉപയോഗിക്കാം. പാള പ്ലേറ്റുകളും കരിമ്പിന്‍ ചണ്ടി ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകളെ അപേക്ഷിച്ച് 30 ദിവസത്തിനകം മണ്ണില്‍ അലിഞ്ഞ് ചേരുമെന്നതാണ് തൂശന്‍ പ്ലേറ്റുകളുടെ പ്രത്യേകത.
പ്രകൃതി സൗഹൃദമായ തൂശനിലയില്‍ ഭക്ഷണം കഴിക്കുന്ന മലയാളിയുടെ ഉത്പന്നമായി അറിയപ്പെടണം എന്ന ആഗ്രത്തിലാണ് തൂശനെന്ന് ബ്രാന്‍ഡിന് പേര് നല്‍കിയതെന്ന് വിനയകുമാര്‍ പറയുന്നു. നിര്‍മാണത്തേക്കാള്‍ ബുദ്ധിമുട്ടായിരുന്നു തൂശന്‍ ഉത്പന്നങ്ങളുടെ വിപണനം. ആദ്യം ചെലവേറിയ ഉത്പന്നമായിരുന്നെങ്കിലും ഇപ്പോള്‍ താങ്ങാവുന്ന വിലയില്‍ തൂശന്റെ പ്ലേറ്റുകള്‍ സ്വന്തമാക്കാം. ഒറ്റത്തവണ പ്ലാസ്റ്റികിന്റെ നിരോധനം കൂടി വന്നതോടെ കുറച്ചുകൂടി സ്വീകാര്യതയായി. പതുക്കെ നിരവധിപ്പേര്‍ ഇത്തരം പ്ലേറ്റുകള്‍ അന്വേഷിച്ചെത്താന്‍ തുടങ്ങി.
12 ഇഞ്ച് വരെയുള്ള മൂന്ന് അളവുകളില്‍ പ്ലേറ്റ് നിര്‍മിക്കുന്നുണ്ട്. വലിയ പ്ലേറ്റ് ദിവസം 1000 എണ്ണവും ചെറിയ പ്ലേറ്റ് 3000 വരെയും നിര്‍മിക്കാന്‍ നിലവില്‍ സാധിക്കും. 10000 പ്ലേറ്റ് വരെ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന തരത്തില്‍ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ് അടുത്ത ലക്ഷ്യം. മൈനസ് 10 മുതല്‍ 140 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താങ്ങാന്‍ സാധിക്കുമെന്നതിനാല്‍ തൂശന്‍ പ്ലേറ്റുകള്‍ മൈക്രോവേവ് ചെയ്യാനും തടസ്സമില്ല.നിലവില്‍ ഉത്പാദന ശേഷി കുറവായതിനാല്‍ നേരത്തെ നല്‍കുന്ന ഓര്‍ഡറുകള്‍ അനുസരിച്ച് നിര്‍മിച്ച് എത്തിക്കുകയാണ് ചെയ്യുന്നത്. ബ്രെഡ് പോലെയാണ് ഈ പ്ലേറ്റുകളും. ഈര്‍പ്പം തട്ടിയാല്‍ ഫംഗസ് ബാധിക്കും.
അരിപ്പൊടിയില്‍ നിന്ന് സ്ട്രോ
ആന്ധ്രപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലെ നെല്ല് കുത്തുന്ന മില്ലുകളില്‍ നിന്ന് പൊടിഞ്ഞുപോകുന്ന അരിയാണ് ശേഖരിക്കുന്നത്. മദ്യ കമ്പനികളാണ് സാധാരണയായി ഈ അരി ശേഖരിച്ചിരുന്നത്. മില്ലുകളുമായി സംസാരിച്ച് പൊടുഞ്ഞുപോകുന്ന അരി ശേഖരിച്ച് അതില്‍ നിന്നുണ്ടാക്കുന്നതാണ് സ്ട്രോകള്‍. ഇതില്‍ ഫുഡ് ഗ്രേഡ് കളറുകള്‍ ചേര്‍ക്കുന്നുണ്ട്. മൂന്ന് അളവുകളില്‍ സ്‍ട്രോ നിര്‍മിക്കുന്നുണ്ട്. കുടിച്ചു കഴിഞ്ഞാല്‍ സ്‍ട്രോയും കഴിക്കാം. പേപ്പര്‍ സ്‍ട്രോയെ അപേക്ഷിച്ച് തണുപ്പുള്ള പാനീയങ്ങളില്‍ എട്ട് മണിക്കൂര്‍ വരെ ഇത് മുക്കിവെച്ചാലും നശിച്ചുപോകില്ലെന്നതാണ് പ്രത്യേകത.
ഫോര്‍ക്ക്, നൈഫ്, സ്‍പൂണ്‍, ടേക്ക് എവേ കണ്ടെയ്‍നറുകള്‍ എന്നിവ ഉടന്‍ പുറത്തിറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ് തൂശന്‍. ഫോര്‍ക്കും സ്‍പൂണും അരിയുടെ തവിടിലാണ് തയ്യാറാക്കുന്നത്. ആറ് മാസം കൊണ്ട് ഇവ മണ്ണില്‍ അലിഞ്ഞുചേരും.
Read also: ഒരേ കുടക്കീഴിൽ അനേകം നെയ്ത്തുകാർ; അഞ്ജലി യാത്ര തുടരുന്നു, ഇംപ്രസയും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...