'ഡിവോഴ്‌സിന്' ഇത്രയും സുഗന്ധമോ... ദുബായ് രാജകുമാരി സ്വന്തം ബ്രാൻഡിൽ പുറത്തിറക്കിയ പുതിയ ഉത്‌പന്നം ഇതാണ്

By Web Team  |  First Published Sep 10, 2024, 6:04 PM IST

വിവാഹമോചനം നേടിയ രാജകുമാരി പുറത്തിറക്കിയിരിക്കുന്നത് പുതിയ പെർഫ്യൂം ആണ്. അതിന്റെ പേരാണ് വ്യവസായികൾക്കിടയിൽ ചർച്ചയാകുന്നത്. 


വിവാഹമോചനം നേടി ആഴ്ചകൾക്ക് ശേഷം, തന്റെ ബ്രാൻഡായ 'മഹ്‌റ എം 1' എന്നതിലൂടെ പുതിയ ഉത്പന്നം പുറത്തിറക്കി ദുബായ് രാജകുമാരി ഷൈഖ മഹ്‌റ. എന്താണ് ഇതിൽ ഇത്ര കാര്യം എന്നല്ലേ... വിവാഹമോചനം നേടിയ രാജകുമാരി പുറത്തിറക്കിയിരിക്കുന്നത് പുതിയ പെർഫ്യൂം ആണ്. അതിന്റെ പേരാണ് വ്യവസായികൾക്കിടയിൽ ചർച്ചയാകുന്നത്. 

ജൂലൈയിൽ വേർപിരിയുന്നതായി പ്രഖ്യാപിച്ച ദുബായ് രാജകുമാരി ശൈഖ മഹ്‌റ മുഹമ്മദ് റാഷിദ് അൽ മക്തൂം തൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പുതിയ ഉത്പന്നം പരിചയപ്പെടുത്തിയത്. ലോഞ്ചിന് മുന്നോടിയായി, രാജകുമാരി തന്റെ ബ്രാൻഡിന്റെ പേജിലൂടെ പെർഫ്യൂമിന്റെ ടീസറും പങ്കിട്ടിരുന്നു. 

Latest Videos

ഒരു കറുത്ത കുപ്പിയിൽ നിറച്ചിരിക്കുന്ന പെർഫ്യൂമിന്റെ പേര് 'ഡിവോഴ്‌സ്' എന്നാണ്. ഇൻസ്റ്റഗ്രാം പേജിലൂടെ പുതിയ ഉത്പന്നം പങ്കുവെച്ചതോടെ നിരവധി കമന്റുകളാണ് ഇതിന്റെ അടിയിൽ നിറയുന്നത്. 19,500 ലൈക്കുകൾ ആണ് ഈ പോസ്റ്റിന് ലഭിച്ചത്.  

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകളാണ് ഷൈഖ മഹ്‌റ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിൽ നിന്ന് വിവാഹമോചനം നേടിയതായി തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ  തന്നെയാണ് രാജകുമാരി അറിയിച്ചത്. ആദ്യ കുഞ്ഞിന്റെ ജനനത്തിന് ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞാണ് വിവാഹമോചനം നേടിയതായി ഷൈഖ മഹ്‌റ അറിയിച്ചത്. 

യുഎഇയിലെ സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന ഷൈഖ മഹ്‌റ. യുണൈറ്റഡ് കിംഗ്ഡത്തിലെ ഒരു യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻ്റർനാഷണൽ റിലേഷൻസിൽ ബിരുദം നേടിയിട്ടുണ്ട്. കൂടാതെ മുഹമ്മദ് ബിൻ റാഷിദ് ഗവൺമെൻ്റ് അഡ്മിനിസ്ട്രേഷനിൽ നിന്ന് കോളേജ് ബിരുദവും നേടിയിട്ടുണ്ട്.
 

click me!