പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം, ഈ ബാങ്കുകൾ റെഡി, ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇനി വീട്ടിൽ ലഭിക്കും

By Web Team  |  First Published Nov 12, 2024, 6:36 PM IST

ഇനി മുതല്‍ വീട്ടിലിരുന്ന് തന്നെ ലൈഫ് സര്‍ട്ടിഫിക്കറ്റ് തയാറാക്കാം. ഈ സേവനം ലഭ്യമാക്കുന്ന വിവിധ ബാങ്കുകളും അതിന് അവര്‍ ഈടാക്കുന്ന ചാര്‍ജും പരിശോധിക്കാം


കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്ക് നവംബര്‍ മാസം വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ വര്‍ഷവും നവംബര്‍ മാസത്തില്‍ എല്ലാ പെന്‍ഷന്‍കാരും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. പെന്‍ഷന്‍കാര്‍ നവംബര്‍ 1 നും 30 നും ഇടയില്‍ ഈ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. 80 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 30 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. സമയപരിധിക്കുള്ളില്‍ പെന്‍ഷന്‍കാര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ പെന്‍ഷന്‍ മുടങ്ങാം. ഇനി മുതല്‍ വീട്ടിലിരുന്ന് തന്നെ ലൈഫ് സര്‍ട്ടിഫിക്കറ്റ് തയാറാക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്‍ററുമായി സഹകരിച്ച് പെന്‍ഷന്‍, പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്‍റ്.  വിവിധ ബാങ്കുകളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഫെയ്സ് ഓതന്‍റിക്കേഷന്‍ ടെക്നോളജിയുടെയും ഫിംഗര്‍പ്രിന്‍റ് ബയോമെട്രിക് ഓതന്‍റിക്കേഷന്‍റെയും സഹായത്തോടെയാണ് വീട്ടിലിരുന്ന് ലൈഫ് സര്‍ട്ടിഫിക്കറ്റ് തയാറാക്കുന്നത്. ഈ സേവനം ലഭ്യമാക്കുന്ന വിവിധ ബാങ്കുകളും അതിന് അവര്‍ ഈടാക്കുന്ന ചാര്‍ജും പരിശോധിക്കാം

എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കനറ ബാങ്ക് എന്നിവയുടെ വെബ്സൈറ്റ് അനുസരിച്ച്, മുതിര്‍ന്ന പൗരന്മാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള സേവനം തീര്‍ത്തും സൗജന്യമായാണ് നല്‍കുന്നത്. ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ് ബാങ്ക് എല്ലാ പെന്‍ഷന്‍കാര്‍ക്കും ആധാര്‍ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സേവനം വീട്ടിലെത്തി നല്‍കുന്നുണ്ട്. ഈ സേവനം ലഭിക്കുന്നതിന്, പെന്‍ഷന്‍കാരന്‍ തന്‍റെ പ്രദേശത്തെ പോസ്റ്റ്മാനുമായി ബന്ധപ്പെട്ടാല്‍ മതി. ഇതിനുശേഷം ആധാര്‍ നമ്പറും പെന്‍ഷന്‍ വിവരങ്ങളും നല്‍കിയാല്‍ പോസ്റ്റ്മാന്‍ വീട്ടിലെത്തി സേവനം നല്‍കും. 70 രൂപയാണ് ഇതിന് ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ് ബാങ്ക ഈടാക്കുന്നത്.

Latest Videos

click me!