പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് എന്തിന്? നയം വ്യക്തമാക്കി നിർമ്മല സീതാരാമൻ

By Web Team  |  First Published Jun 11, 2022, 2:44 PM IST

ഓരോ പൊതുമേഖലാ സ്ഥാപനവും എത്തിച്ചേരുന്നത് അത് നയിക്കാനും ശേഷിയുള്ള വ്യക്തികളുടെ പക്കലേക്ക് ആണെന്ന് കേന്ദ്രസർക്കാർ ഉറപ്പാക്കുന്നുണ്ട്., നയം വ്യക്തമാക്കി നിർമ്മല സീതാരാമൻ


ദില്ലി : പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കൽ അവയെ തകർക്കാൻ അല്ലെന്നും മറിച്ച് ശക്തിപ്പെടുത്താൻ ആണെന്നും കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. പ്രൊഫഷണൽ മാനേജ്മെന്റ് നയിക്കുന്ന കാര്യക്ഷമതയുള്ള സ്ഥാപനങ്ങളായി ഇവയെ മാറ്റിയെടുക്കാനാണ് ഓഹരി വിറ്റഴിക്കൽ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അവർ പറഞ്ഞു. 1994 നും 2004 നും ഇടയിൽ ഇത്തരത്തിൽ ഓഹരി വിറ്റഴിച്ച് പൊതുമേഖലാസ്ഥാപനങ്ങളുടെ നില മെച്ചപ്പെട്ടിട്ടുണ്ട് എന്നും അവർ ചൂണ്ടിക്കാട്ടി.

ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ്, ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രധനമന്ത്രി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഈ സ്ഥാപനങ്ങളുടെ നിലനിൽപ്പ് ആവശ്യമാണെന്നും മാത്രമല്ല കൂടുതൽ സ്ഥാപനങ്ങൾ ഉണ്ടായാലേ മതിയാകൂവെന്നും അവർ വ്യക്തമാക്കി.

Latest Videos

ഓരോ പൊതുമേഖലാ സ്ഥാപനവും എത്തിച്ചേരുന്നത് അത് നയിക്കാനും ശേഷിയുള്ള വ്യക്തികളുടെ പക്കലേക്ക് ആണെന്ന് കേന്ദ്രസർക്കാർ ഉറപ്പാക്കുന്നുണ്ട്. ഈ സ്ഥാപനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടാക്കാനും കൂടുതൽ നിക്ഷേപം സമാഹരിക്കാനും ഓഹരി വിറ്റഴിക്കുന്നതിലൂടെ സാധിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

 

ഷിപ്പിങ് കോർപ്പറേഷൻ, കോൺകോർ, വിസാഗ് സ്റ്റീൽ, എച്ച്എൽഎൽ ലൈഫ് കെയർ, ഐഡിബിഐ ബാങ്ക്, എൻ എം ഡി സി യുടെ നഗർനർ സ്റ്റീൽ പ്ലാന്റ് തുടങ്ങിയ സ്ഥാപനങ്ങളാണ് ഇനി കേന്ദ്ര സർക്കാർ ഓഹരി വിറ്റഴിക്കലിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ എച്ച്എൽഎൽ ലൈഫ് കെയർ ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കേരള സർക്കാരും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.

click me!