ജിലുമോളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ആവശ്യമായ വോയിസ് കമാന്റുകൾ ഉൾപ്പെടുത്തിക്കൊണ്ട് കാർ പരിഷ്കരിച്ച് നൽകിയത് കളമശ്ശേരിയിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പാണ്.
പാലക്കാട്: കൈകളില്ലെങ്കിലും കാലുകള്‍ ഉപയോഗിച്ച് ഡ്രൈവിങ് പഠിച്ച ഇടുക്കി സ്വദേശിനി ജിലുമോള്‍ ചരിത്രം സൃഷ്ടിച്ചപ്പോള്‍ ഒരു സ്റ്റാർട്ടപ്പിന്‍റെ മികവ് കൂടിയാണ് അംഗീകരിക്കപ്പെടുന്നത്. ഈ ലൈസൻസ് നേട്ടത്തിന് പിന്നിൽ കേരളത്തിലെ ഒരു സ്റ്റാർട്ടപ്പിന് സുപ്രധാന പങ്കുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ജിലുമോളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ആവശ്യമായ വോയിസ് കമാന്റുകൾ ഉൾപ്പെടുത്തിക്കൊണ്ട് കാർ പരിഷ്കരിച്ച് നൽകിയത് കളമശ്ശേരിയിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പാണ്.
മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന വി ഐ ഇന്നൊവേഷൻസ് ലിമിറ്റഡിന്റെ ആദ്യ പ്രൊഡക്റ്റാണ് ജിലുമോളുടെ സ്വപ്നങ്ങൾക്ക് ചിറകുകൊടുത്തിരിക്കുന്നത്. ലക്ഷ്വറി വാഹനങ്ങളിൽ മാത്രമുള്ള വോയിസ് കമാന്റുകളും മറ്റു സൗകര്യങ്ങളും ഒരുക്കിനൽകിയ കമ്പനിക്ക് ഇൻകുബേഷൻ സൗകര്യവും മേക്കർ വില്ലേജിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകളാണ് ഐടി ഇതരമേഖലയിൽ കേരളത്തിൽ ആരംഭിച്ചിട്ടുള്ളത്.
ഇവയിൽ പലതും അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുകയും ചെയ്തിട്ടുണ്ട്. ഓട്ടോമോട്ടീവ് മേഖലയിൽ ആരംഭിച്ചിട്ടുള്ള സ്റ്റാർട്ടപ്പായ വി ഐ ഇന്നൊവേഷൻ ഭിന്നശേഷി സൗഹൃദമാകാൻ പരിശ്രമിക്കുന്ന കേരളത്തിനാകെ മുതൽക്കൂട്ടാകും വിധത്തിൽ വളരട്ടെയെന്ന് ആശംസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ജിലുമോൾ മേരിയറ്റ് തോമസ് ഫോർ വീലർ വാഹനം ഓടിക്കുന്നതിനായി ലൈസൻസ് നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അഞ്ച് വർഷം മുൻപാണ് മോട്ടോർ വാഹന വകുപ്പിനെ സമീപിച്ചത്.
എന്നാൽ സാങ്കേതികവും, നിയമ പരവുമായ കാരണങ്ങളാൽ അന്ന് അത് നടക്കാതെ പോകുകയായിരുന്നു. തോറ്റു പിൻമാറാതെ ആത്മവിശ്വാസത്തോടെ പല ഘട്ടങ്ങൾ കടന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ മുമ്പിൽ ഈ വിഷയം എത്തിച്ചു. അദ്ദേഹം സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണറോട് ഇതിനൊരു പരിഹാരം തേടുകയും ചെയ്തു.
ട്രാൻസ്പോർട്ട് കമ്മീഷണർ എറണാകുളം ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറോട് ഈ വിഷയത്തിന്‍റെ സാധ്യത പഠിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. എറണാകുളം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ പഠനം നടത്തുകയും, കുട്ടിയുടെ ശാരീരിക വൈകല്യങ്ങൾക്ക് ഉതകുന്ന രീതിയിൽ വാഹനത്തിന് വേണ്ട മാറ്റങ്ങൾ ശുപാർശ ചെയ്യുകയും ചെയ്യുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം