ടാറ്റ ഗ്രൂപ്പിനോട് സൈറസ് മിസ്ത്രി ചെയ്തതെന്ത്? ഒരു മണിക്കൂറിനുള്ളില്‍ രത്തന്‍ ടാറ്റ മിസ്ത്രിയെ പുറത്താക്കിയ കഥ

By Web Team  |  First Published Nov 7, 2024, 4:11 PM IST

സൈറസ് മിസ്ത്രിയെ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് രത്തന്‍ ടാറ്റയ്ക്ക് അത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്ന് തോമസ് മാത്യു പറയുന്നു.


ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രി ടാറ്റ ഗ്രൂപ്പിനെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നോ? മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ തോമസ് മാത്യു രചിച്ച രത്തന്‍ ടാറ്റയുടെ ജീവചരിത്രമായ "രത്തന്‍ ടാറ്റ: എ ലൈഫ്" എന്ന പുസ്തകത്തിലെ ചില പരാമര്‍ശങ്ങളാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്‍റെ ചില സുപ്രധാന തീരുമാനങ്ങള്‍, വെല്ലുവിളികള്‍, ടാറ്റ കുടുംബവും അതിന്‍റെ ബിസിനസ് പങ്കാളികളും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധങ്ങള്‍ എന്നിവ ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയും അദ്ദേഹത്തിന്‍റെ പിന്‍ഗാമി സൈറസ് മിസ്ത്രിയും തമ്മിലുള്ള ബന്ധം വിവരിക്കുന്നതിനിടെയാണ് അട്ടിമറികളുടെ സൂചനകള്‍ പുറത്തുവരുന്നത്.

സൈറസ് മിസ്ത്രിയെ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് രത്തന്‍ ടാറ്റയ്ക്ക് അത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്ന് തോമസ് മാത്യു പറയുന്നു. ടാറ്റ ഗ്രൂപ്പിന് അനുയോജ്യനായ വ്യക്തി മിസ്ത്രിയാണെന്ന് ടാറ്റ വിശ്വസിച്ചിരുന്നുവെങ്കിലും കാലക്രമേണ കാര്യങ്ങള്‍ മാറിമറിഞ്ഞെന്നും മാത്യു വിവരിക്കുന്നു. മിസ്ത്രിയുടെ നയങ്ങള്‍ ടാറ്റ ഗ്രൂപ്പിന്‍റെ അടിസ്ഥാന ഘടനയെ മാറ്റിമറിച്ചേക്കുമെന്ന് ടാറ്റ ഗ്രൂപ്പിലെ ചില മുതിര്‍ന്ന എക്സിക്യൂട്ടീവുകള്‍ ആശങ്കപ്പെടാന്‍ തുടങ്ങിയപ്പോള്‍, 'നോ കമന്‍റ്സ്' എന്ന് പറഞ്ഞ് അഭിപ്രായം പ്രകടിപ്പിക്കാതിരിക്കുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചത്, എന്നാല്‍ ഈ മൗനം അദ്ദേഹത്തിന്‍റെ ആന്തരിക ആശങ്കകളുടെ സൂചന കൂടിയായിരുന്നുവെന്ന് തോമസ് മാത്യു പറയുന്നു.

Latest Videos

ടാറ്റ ഗ്രൂപ്പിന്‍റെ നേതൃത്വം ഏറ്റെടുത്തതിന് ശേഷം സൈറസ് മിസ്ത്രി ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പില്‍ നിന്ന് (എസ്പി ഗ്രൂപ്പ്) പൂര്‍ണ്ണമായും വേര്‍പിരിഞ്ഞില്ല എന്നത് രത്തന്‍ ടാറ്റയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വിഷയമായിരുന്നു. എസ്പി ഗ്രൂപ്പിന് ടാറ്റ സണ്‍സില്‍ 18% ഓഹരിയുണ്ട്, ഇത് രത്തന്‍ ടാറ്റയെ അസ്വസ്ഥനാക്കി. എസ്പി ഗ്രൂപ്പ് ക്രമേണ ടാറ്റ സണ്‍സിന്‍റെ ഓഹരികള്‍ വാങ്ങിയാല്‍ ടാറ്റ ഗ്രൂപ്പ് അസ്തമിക്കുമെന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങി. ഇതിന് പുറമേ മിസ്ത്രി ചെയര്‍മാനായ ശേഷം ടാറ്റ സണ്‍സിന്‍റെ ഡയറക്ടര്‍ ബോര്‍ഡില്‍ ചില മാറ്റങ്ങള്‍ വരുത്തി. നേരത്തെ, ടാറ്റ ഗ്രൂപ്പ് ഡയറക്ടര്‍മാര്‍ ഒരേ സമയം ടാറ്റ ട്രസ്റ്റ്, ടാറ്റ സണ്‍സ്, മറ്റ് വന്‍കിട കമ്പനികള്‍ എന്നിവയുടെ ബോര്‍ഡുകളില്‍ ഇരിക്കുകയും അതുവഴി ശക്തമായ ബന്ധം നിലനിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ മിസ്ത്രിയുടെ കാലത്ത് ഈ പാരമ്പര്യം ഇല്ലാതായി, ഇത് ടാറ്റ ഗ്രൂപ്പിലെ പ്രമുഖര്‍ക്കിടയില്‍ അതൃപ്തി വര്‍ദ്ധിപ്പിച്ചു. മിസ്ത്രിയുടെ പ്രവര്‍ത്തനശൈലി ടാറ്റ ഗ്രൂപ്പിന്‍റെ പരമ്പരാഗത ഘടനയില്‍ വിള്ളലുകള്‍ സൃഷ്ടിക്കുകയാണെന്ന് രത്തന്‍ ടാറ്റ കരുതി, അത് ആത്യന്തികമായി ഗ്രൂപ്പിന്‍റെ സ്ഥിരതയ്ക്കും ഐക്യത്തിനും ഹാനികരമാകുമെന്ന് അദ്ദേഹത്തിന് മനസിലായി.

2016-ല്‍, മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ രത്തന്‍ ടാറ്റ തീരുമാനിച്ചു. ഇത് ബിസിനസ്സ് പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നില്ല. മിസ്ത്രിയുടെ നേതൃത്വത്തില്‍ ടാറ്റ ഗ്രൂപ്പിന്‍റെ ഓഹരി ഉടമകളുമായുള്ള കമ്പനിയുടെ ബന്ധവും ലാഭവിഹിതത്തിലുണ്ടായ ഇടിവും രത്തന്‍ ടാറ്റയെ ആശങ്കപ്പെടുത്തി. ടാറ്റ ട്രസ്റ്റിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ടുകളെ ഇത് ബാധിക്കുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചു. മിസ്ത്രിയെ പുറത്താക്കാനുള്ള തീരുമാനം രത്തന്‍ ടാറ്റയ്ക്ക് അത്ര എളുപ്പമായിരുന്നില്ല. ടാറ്റ തന്നെ തയാറാക്കിയ ഒരു രാജിക്കത്തുമായി മിസ്ത്രിയുടെ അടുത്ത് പോയി സ്വമേധയാ രാജിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചതായി മാത്യു പറയുന്നു. മിസ്ത്രിയുമായി അസുഖകരമായ ഒരു സാഹചര്യവും ഉണ്ടാകാന്‍ ടാറ്റ ആഗ്രഹിച്ചില്ല, എന്നാല്‍ മിസ്ത്രി നിര്‍ദ്ദേശം നിരസിച്ചതിനെത്തുടര്‍ന്ന്, അദ്ദേഹത്തെ നീക്കം ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കേണ്ടി വന്നു. വെറും ഒരു മണിക്കൂറിനുള്ളില്‍ മിസ്ത്രി ടാറ്റ ഗ്രൂപ്പിന് പുറത്തായി. രത്തന്‍ ടാറ്റയുടെ അഭിപ്രായത്തില്‍, ഈ തീരുമാനം തന്‍റെ ജീവിതത്തിലെ വേദനാജനകമായ നിമിഷമായിരുന്നു, എന്നാല്‍ ഗ്രൂപ്പിന്‍റെ പുരോഗതിക്ക് ഇത് ആവശ്യമാണെന്ന് അദ്ദേഹം കരുതി.

ആരാണ് തോമസ് മാത്യു?

ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ 1983 ബാച്ചുകാരനായ തോമസ് മാത്യു എറണാകുളം കാര്‍ത്തികപ്പള്ളി വലിയ വീട്ടില്‍ കുടുംബാംഗമാണ്. മൂന്നുപതിറ്റാണ്ടിന്‍റെ ബന്ധമാണ് ടാറ്റയുമായി തോമസ് മാത്യുവിനുള്ളത്. തോമസ് മാത്യു 2016ല്‍ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അഡീഷണല്‍ സെക്രട്ടറിയായിരിക്കെയാണ് വിരമിച്ചത്. മൂന്നര വര്‍ഷമാണ് തോമസ് മാത്യു രത്തന്‍ ടാറ്റയുടെ ജീവചരിത്രം തയ്യാറാക്കാനായി മാറ്റി വെച്ചത്. റെക്കോര്‍ഡ് പ്രതിഫലത്തോടെ ഹാര്‍പര്‍ കോളിന്‍സ് പുസ്തകം സ്വന്തമാക്കി. രണ്ടുകോടിയാണ് രത്തന്‍ ടാറ്റയുടെ ജീവചരിത്രത്തിന് ഹാര്‍പര്‍ കോളിന്‍സ നല്‍കിയത്

click me!