ക്രിപ്റ്റോ/ വെർച്വുൽ / ഡിജിറ്റൽ; മാറുന്ന കാലവും മാറുന്ന കറൻസിയും

By Arun Raj K M  |  First Published Nov 14, 2021, 8:46 PM IST

ചൈനയും ജപ്പാനും സ്വീഡനും നൈജീരയയും സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടും യൂറോപ്യൻ സെൻട്രൽ ബാങ്കും ഇതേ പാതയിൽ പരീക്ഷണങ്ങൾ തുടങ്ങാനിരിക്കുകയാണ്.  അമേരിക്കൻ ഫെഡറൽ റിസർവ്വും ഇത്തരമൊരു സാധ്യതയെ പറ്റി ആലോചിക്കുന്നുണ്ട്



പണം എന്ന സങ്കൽപ്പത്തിന് കാലത്തിന് അനുസരിച്ച് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ധാന്യം കൊടുത്ത് ഉടുപ്പും, നാല് കോഴിയെ കൊടുത്ത് ഒരാടിനെയും ഒക്കെ വാങ്ങുന്ന കൊടുക്കൽ വാങ്ങൽ സംവിധാനത്തിലാണ് തുടക്കം. ക്രമേണ  സ്വർണ്ണം അടക്കമുള്ള ലോഹങ്ങൾ ഉപയോഗിച്ചുള്ള വിനിമയങ്ങൾ തുടങ്ങി. അതും കഴിഞ്ഞാണ്  ലോഹ നിർമ്മിത നാണയങ്ങളിലേക്ക് പണം എന്ന ആശയം എത്തുന്നത്, അതും കഴിഞ്ഞാണ് പേപ്പറിൽ അച്ചടിച്ച് ഒരു രാജ്യമോ രാജ്യത്തിന്‍റെ പ്രതിനിധിയായ ബാങ്കോ മൂല്യം ഉറപ്പ് നൽകുന്ന കറൻസികൾ രംഗത്ത് വരുന്നത്. ഈ പരിണാമ പ്രക്രിയകളുടെ തുടർച്ചയാണ് ഡിജിറ്റൽ കറൻസികളും.

‍ഡിജിറ്റൽ - ക്രിപ്റ്റോ - വെർച്വുൽ

Latest Videos

undefined

ഒരു തരത്തിലും മാറ്റി ഉപയോഗിക്കാവുന്ന വാക്കുകളല്ല ഇവ മൂന്നും.എന്നാൽ പരസ്പരം ബന്ധപ്പെട്ട് കിടക്കുകയും ചെയ്യുന്നു. വെർച്വുൽ കറൻസികളും ക്രിപ്റ്റോ കറൻസികളും വിശാല അർത്ഥത്തിൽ ഡിജിറ്റൽ കറൻസികൾ തന്നെയാണ്. അവയ്ക്ക് അച്ചടിക്കപ്പെട്ട തൊട്ടു നോക്കാവുന്ന രൂപമില്ല, നിയന്ത്രിക്കുന്നതും നിർമ്മിച്ചിരിക്കുന്നതുമെല്ലാം ഇന്‍റനെറ്റിൽ. പക്ഷേ സാമ്യതകൾ ഏറെക്കുറെ ഇവിടെ അവസാനിക്കുന്നു. ക്രിപ്റ്റോ കറൻസികളും വെ‍ർച്വുൽ കറൻസികളും ഭരണകൂടങ്ങളുടേയും ദേശീയ ബാങ്കിംഗ് സംവിധാനത്തിന്‍റെയും ചട്ടക്കൂടുകൾക്ക് പുറത്ത് നിൽക്കുന്നു. കേന്ദ്രീകൃത ‍ഡിജിറ്റൽ കറൻസികളാകട്ടെ സർക്കാരുകളുടെ സ്വന്തവും. ഈ മൂന്ന് സംവിധാനങ്ങളെക്കുറിച്ചും ഒന്നറിഞ്ഞു വയ്ക്കേണ്ടത് അത്യാവശ്യമാണ്. 

സാങ്കേതിക വിദ്യ മാറുന്നതിന് അനുസരിച്ച് മാറുന്ന സാമ്പത്തിക -സാമൂഹിക രംഗത്ത് പല തട്ടുകളിലാണ് ഈ മൂന്ന് 'പണ'ങ്ങളുടെയും സ്ഥാനം. അവയ്ക്കുമേലുള്ള നിയന്ത്രണങ്ങളും അവയുടെ മൂല്യവുമെല്ലാം വ്യത്യസ്തമാണ്.

വെ‍ർച്വുലാണ്, പക്ഷേ കുട്ടിക്കളിയല്ല

ആദ്യം വെർച്വുൽ കറൻസിയിൽ നിന്ന് തുടങ്ങാം. പരമ്പരാഗത രീതിയിലുള്ള ഒരു സംവിധാനവും നിയന്ത്രിക്കാത്ത, അച്ചടി രൂപമില്ലാത്ത സാമ്പത്തിക വിനിമയ സങ്കൽപ്പമാണ് വെർച്വുൽ കറൻസി. ഏതെങ്കിലും ഒരു വെർച്വുൽ കമ്മ്യൂണിറ്റിക്ക് അകത്ത് മാത്രമായിരിക്കും പലപ്പോഴും ഓരോ വെർച്വുൽ കറൻസിക്കും മൂല്യമുണ്ടാകുക. ഏതെങ്കലും ബാങ്കിന്‍റെ പിന്തുണയോ മറ്റേതെങ്കിലും സംവിധാനവുമായി തട്ടിച്ച് നോക്കിയുള്ള മൂല്യ നിർണ്ണയമോ വെർച്വുൽ കറൻസികൾക്കില്ല. ഗെയിമുകൾക്ക് അകത്ത് കളിയുടെ ഭാഗമായ സാധനങ്ങൾ വാങ്ങാനും ചില ഇ കൊമേഴ്സ് സൈറ്റുകളിൽ ഓഫറുകൾ നേടാനുമാണ് മിക്ക വെർച്വുൽ കറൻസികളും ഉപയോഗിക്കുന്നത്.  ഫേസ്ബുക്ക് ക്രെഡിറ്റ്സ്, മൈക്രോസോഫ്റ്റ് പോയിന്‍റ്സ്, നിന്‍റെൻഡോ പോയിന്‍റ്സ് എന്നിവയൊക്കെ വെർച്വുൽ കറൻസികളാണ്.  അതാത് പ്ലാറ്റ്ഫോമിന് പുറത്ത് അവയ്ക്ക് ഉപയോഗമില്ല. 

 

മൾട്ടിപ്ലേയർ ഓൺലൈൻ ഗെയിമുകളിലെ വെർച്വുൽ കറൻസികൾ ഈ അടുത്ത് വലിയ പ്രചാരം നേടിയിട്ടുണ്ട്. പുറമേക്ക് മൂല്യമില്ലെന്ന് വ്യക്തമാക്കുന്ന ഗെയിം നിയമങ്ങളുണ്ടെങ്കിലും  ചില ജോലികൾക്ക് പ്രതിഫലമായി വെർച്വുൽ കറൻസി കൈപ്പറ്റുന്നവരുമുണ്ട്. വെർച്വുൽ കറൻസികൾക്ക് പകരം ശരിക്കുള്ള പണം നൽകുന്ന സംവിധാനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഈ ഇടപാടുകൾ നിയമാനുസൃതമല്ല.  


ക്രിപ്റ്റോ പവർഫുള്ളാണ്, സിമ്പിളാണോ ?

ക്രിപ്റ്റോ കറൻസികൾ ഇതിനും ഒരു പടി കടന്ന് നിൽക്കുന്ന സംവിധാനമാണ്.  നിയമങ്ങൾ കുറച്ച് കൂടി കർശനമാണ്. പക്ഷേ നിയമങ്ങളുണ്ടാക്കുന്നത് ഭരണകൂടങ്ങളോ അവയുടെ ഭാഗമായി പ്രവർത്തിക്കുന്ന ദേശീയ ബാങ്കുകളോ അല്ല എന്നതാണ് വ്യത്യാസം. ഒരു സ്വതന്ത്ര സിസ്റ്റമാണ് ക്രിപ്റ്റോ കറൻസികളെ നിയന്ത്രിക്കുന്നത്. ഓരോ ക്രിപ്റ്റോ യൂണിറ്റും ആരുടെ കയ്യിലാണ് അതെവിടെ നിന്ന് ഉത്ഭവിച്ചു എന്നത് കൃത്യമായി തിരിച്ചറിയാൻ പറ്റുന്ന രീതിയിലാണ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 

1980കളിൽ തന്നെ പൂർണ്ണമായും വികേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ഇ - പണം എന്ന ആശയം നിലവിലുണ്ട്. അമേരിക്കൻ ക്രിപ്റ്റോഗ്രാഫർ ഡേവിഡ് ചൗമിന്‍റെ ഈ - കാഷ് എന്ന സങ്കൽപ്പമാണ് ഇതിന്‍റെയെല്ലാം തുടക്കമെന്ന് പറയാം. 1995ൽ ഡിജികാഷ് എന്ന പേരിൽ ഇത് യാഥാർത്ഥ്യമായി. നിലവിൽ ഉപയോഗത്തിലുള്ള പണം തീർത്തും സ്വകാര്യമായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന സംവിധാനമെന്നേ ഡിജികാഷിനെ വിളിക്കാൻ പറ്റുകയുള്ളൂ. പൂർണ്ണ അർത്ഥത്തിൽ ആദ്യ വികേന്ദ്രീകൃത ക്രിപ്റ്റോ കറൻസി എന്ന് വിശേഷിപ്പിക്കാവുന്ന ബിറ്റ് കോയിൻ രംഗപ്രവേശം ചെയ്യുന്നത് 2009ലാണ്. സതോഷി നാകാമോട്ടോ എന്ന അജ്ഞാതനായ ഡെവലപ്പറായിരുന്നു ഇതിന് പിന്നിൽ. ( സതോഷി നാകാമോട്ടോ ശരിക്കും ആരാണ് എന്നത് ഇപ്പോഴും അജ്ഞാതമാണ്, ഒരു വ്യക്തിയാണോ, സംഘമാണോ ഏതെങ്കിലും ചാര സംഘടനയുടെ പേരാണോ എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല, കഥകൾ ധാരാളം പ്രചരിക്കുന്നുണ്ടെങ്കിലും...) 

വ്യാജനുണ്ടാക്കാൻ പറ്റില്ല, ഇടപാടിന് ഇടനിലക്കാരില്ല, വളരെ ചെറിയ യൂണിറ്റുകളായി വിഭജിക്കാൻ കഴിയും, ഒരു കൃത്യമായ എണ്ണത്തിൽ കൂടുതൽ ഉണ്ടാക്കാൻ പറ്റില്ല ഇത്രയുമാണ് ബിറ്റ് കോയിന്‍റെ പ്രത്യേകതകൾ. എല്ലാ ഇടപാടുകളും സുതാര്യമാണ് അതേ സമയം സ്വകാര്യവും. ഓരോ ഇടപാടും ബ്ലോക്ക് ചെയിൻ ലെഡ്ജറിൽ ലഭ്യമാണ്. ഓരോ പുതിയ ഇടപാട് നടക്കുമ്പോഴും അത് ഈ ലെഡ്ജറിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്നു. എയും ബിയും തമ്മിൽ ഇടപാട് നടന്നതായി തിരിച്ചറിയാം പക്ഷേ എ ആരാണ് ബി ആരാണ് എന്നത് സ്വകാര്യമാണ്.  2140 ആകുമ്പോഴേക്കും മാർക്കറ്റിൽ 21 മില്യൺ ബിറ്റ്കോയിനുകൾ പ്രചാരത്തിലുണ്ടാകും. ഇതിൽ കൂടുതൽ ബിറ്റ്കോയിനുകൾ ഉണ്ടാക്കാൻ കഴിയില്ല. ഇത്രയുമാണ് അടിസ്ഥാന കാര്യങ്ങൾ. മൈനിംഗ് എന്ന പ്രക്രിയിലൂടെ ബിറ്റ് കോയിൻ സ്വന്തമാക്കാം. കമ്പ്യൂട്ടറിന്റെ പ്രോസസിംഗ് ശേഷി ഉപയോഗിച്ച് ഗണിത സമസ്യകൾക്ക് ഉത്തരം കണ്ടെത്തുന്ന പരിപാടിയാണ് മൈനിംഗ് എന്ന് സാമാന്യവത്കരിക്കാം. മൈൻ ചെയത് നേടുന്ന ബിറ്റ് കോയിൻ പരസ്പരം വിനിമയം ചെയ്യാം. സ്വന്തം അക്കൗണ്ടിൽ സൂക്ഷിക്കാം. അക്കൗണ്ടെന്നാൽ ബാങ്ക് അക്കൗണ്ടല്ല മറിച്ച് ഒരു സോഫ്റ്റ്‍വെയർ വാലറ്റാണെന്ന് മാത്രം. കൂടുതൽ വിവരങ്ങൾ Blockchain.info  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ബിറ്റ് കോയിൻ സാധാരണ പണമാക്കി മാറ്റുന്ന എക്സ്ചേഞ്ചുകളും നിലിവുണ്ട്. ബിറ്റ് കോയിൻ മാതൃകയിൽ ധാരാളം  ക്രിപ്റ്റോകറൻസികൾ പിന്നീട് ഉദയം ചെയ്തു, ലൈറ്റ് കോയിൻ, ഇഥീരിയം, ട്രോൺ എന്നിങ്ങനെ ധാരാളം ക്രിപ്റ്റോകറൻസികൾ പ്രചാരത്തിലുണ്ട്. 

ക്രിപ്റ്റോ കറൻസിയുടെ പേരിൽ ധാരാളം തട്ടിപ്പുകളും നടക്കുന്നുണ്ട്. ഈ അടുത്ത് സ്ക്വിഡ്  ഗെയിമിൻ്റെ പേരിൽ നടന്ന തട്ടിപ്പ് അതിനൊരു ഉദാഹരണം മാത്രം. ലോക രാജ്യങ്ങൾക്ക് ക്രിപ്റ്റോയുടെ കാര്യത്തിൽ വ്യത്യസ്ഥ അഭിപ്രായങ്ങളാണുള്ളത്. ഇന്ത്യയിൽ ഇടപാടുകൾ നിരോധിച്ചതാണ്, ചൈനയും ക്രിപ്റ്റോ കറൻസികൾ നിരോധിച്ചിട്ടുണ്ട്. എൽ സാവദോറും ക്യൂബയും ക്രിപ്റ്റോ കറൻസികളെ അംഗീകരിച്ചിട്ടുണ്ട്. 

കേന്ദ്രീകൃത ഡിജിറ്റൽ കറൻസി, നമ്മളറിയുന്ന പണം തന്നെയാണോ ?

മുകളിൽ പറഞ്ഞ വെർച്വുൽ കറൻസിയും ക്രിപ്റ്റോ കറൻസിയും എല്ലാം ഡിജിറ്റലാണെങ്കിലും സർക്കാരുകളുടെ നിയന്ത്രണത്തിന് പുറത്താണ്. പണം സർക്കാരിന്‍റെ നിയന്ത്രണത്തിന് പുറത്ത് പോകുന്നത് നിലവിലുള്ള ലോകക്രമത്തെ തന്ന അട്ടിമറിക്കാൻ പോന്ന സാധ്യതയാണ്. ഇത് തിരിച്ചറിഞ്ഞാണ് പല രാജ്യങ്ങളും സ്വന്തം ഡിജിറ്റൽ കറൻസി എന്ന ആശയത്തിലേക്ക് എത്തുന്നത്.

രാജ്യത്ത് നിലവിൽ വിനിമയത്തിന് ഉപയോഗിക്കുന്ന പണം നമ്മുക്ക് ഓൺലൈനായി കൈകാര്യം ചെയ്യാൻ പറ്റുന്നുണ്ട്. ഒരു ബാങ്ക് അക്കൗണ്ടിൽ നമ്മൾ നിക്ഷേപിച്ചിരിക്കുന്ന പണം യുപിഐ പോലുള്ള പ്ലാറ്റ് ഫോം ഉപയോഗിച്ചോ, ബാങ്കിന്‍റെ തന്നെ ആപ്പ് ഉപയോഗിച്ചോ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ് നിലവിലെ രീതി. ഇതിൽ നിന്ന് വ്യത്യസ്തമായി സ്വന്തം അസ്ഥിത്വമുള്ള ഡിജിറ്റൽ കറൻസികൾ പുറത്തിറക്കുകയാണ് ഇപ്പോൾ രാജ്യങ്ങൾ ചെയ്യുന്നത്.

ചൈനയും ജപ്പാനും സ്വീഡനും നൈജീരയയും ഇത്തരം സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടും യൂറോപ്യൻ സെൻട്രൽ ബാങ്കും ഇതേ പാതയിൽ പരീക്ഷണങ്ങൾ തുടങ്ങാനിരിക്കുകയാണ്.  അമേരിക്കൻ ഫെഡറൽ റിസർവ്വും ഇത്തരമൊരു സാധ്യതയെ പറ്റി ആലോചിക്കുന്നുണ്ട് പക്ഷേ വേണോ വേണ്ടയോ എന്ന കാര്യത്തിൽ ഉറച്ചൊരു തീരുമാനത്തിലെത്തിയിട്ടില്ല.

ഇന്ത്യ സ്വന്തം ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമെന്ന് സൂചനകളുണ്ട് പക്ഷേ ഉറച്ച് പറയാനായിട്ടില്ല. ഓരോ സിബിഡിസിയുടേയും പിന്നിലുപയോഗിക്കുന്ന സാങ്കേതിക വിദ്യയും വ്യത്യസ്തമായിരിക്കുമെന്നാണ് മനസിലാക്കാൻ കഴിയുന്നത്.

ഡിജിറ്റൽ ഡിവൈഡ്

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഡ‍ിജിറ്റൽ കറൻസികൾ കൂടി വരുമ്പോൾ സാമ്പത്തിക അസമത്വം വർധിക്കുമെന്ന ആശങ്ക വ്യാപകമാണ്. നോട്ട് നിരോധന കാലത്ത് ഡിജിറ്റൽ പേമെൻ്റ് സംവിധാനങ്ങളെ പറ്റി അറിവില്ലാത്തവർ പെട്ടുപോയത് നമ്മൾ കണ്ടതാണ്. സ്വന്തമായി ഫോണില്ലാത്ത എടിഎം കാർഡില്ലാത്ത സാധാരണക്കാരാണ് അന്ന് വലഞ്ഞത്. ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനങ്ങൾ ഇപ്പോഴും ഇന്ത്യയിൽ എല്ലാവരിലേക്കും എത്തിയിട്ടില്ല. ഫോൺ ഉപയോഗിക്കാനറിയുന്നവരും ഇൻ്റർനെറ്റ് പരിചയുമുള്ളവരും പോലും ഡിജിറ്റൽ കറൻസികളുടെ കാര്യത്തിൽ ബോധവാന്മാരല്ലെന്ന് കൂടി കൂട്ടി വായിക്കണം. 

click me!