എണ്ണവിലയില്‍ എന്തു ചാഞ്ചാട്ടമുണ്ടായാലും വിവിധ രാജ്യങ്ങള്‍ക്ക് അത് താങ്ങാനാകില്ല എന്നതാണ് സത്യം. വില കൂടിയാലും കുറഞ്ഞാലും മാന്ദ്യം കനക്കും.
ക്രൂഡ് ഓയില്‍ വില (Crude Oil) പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് പോകാനുളള സാധ്യതയുണ്ടെന്ന ജെപി മോര്‍ഗന്‍റെ റിപ്പോര്‍ട്ട് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ കിടുങ്ങി നില്‍ക്കുകയാണ് ആഗോള സാമ്പത്തിക രംഗം. എണ്ണവിലയുടെ ഏറ്റക്കുറച്ചിലുകള്‍ പലവട്ടം കണ്ടിട്ടുള്ള ലോകരാജ്യങ്ങളും സാമ്പത്തിക ഏജന്‍സികളേയും അമ്പരപ്പിച്ച പ്രവചനമാണ് രാജ്യാന്തര സാമ്പത്തിക സ്ഥാപനമായ ജെപി മോര്‍ഗന്‍ നടത്തിയത്. 65 ഡോളറിനും 380 ഡോളറിനുമിടയില്‍ വരും നാളുകളില്‍ ക്രൂഡ് ഓയില്‍ വില ചാഞ്ചാടുമെന്നാണ് ജെപി മോര്‍ഗന്‍റെ പ്രവചനം.
റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വില്‍പ്പനക്ക് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കൂടുതല്‍ നിയന്ത്രണം കൊണ്ടു വന്നാല്‍ റഷ്യ ഉത്പാദനം വെട്ടിക്കുറച്ച് ആഗോള എണ്ണവില ഉയര്‍ത്തുന്ന നീക്കത്തിന് തയ്യാറെടുക്കുമെന്നാണ് ജെപി മോര്‍ഗന്‍റെ മുന്നറിയിപ്പ്.എണ്ണവില കുത്തനെ ഉയര്‍ന്നാല്‍ ലോക രാജ്യങ്ങള്‍ക്ക് ഇത് താങ്ങാനാകാത്ത സ്ഥിതി വരും. ലോകം സമ്പൂര്‍ണ്ണ സാമ്പത്തിക മാന്ദ്യത്തിലേക്ക് എടുത്തെറിയപ്പെടുമെന്നുമാണ് അവരുടെ പഠനം. അതുകൊണ്ടു തന്നെ റഷ്യന്‍ എണ്ണയെ നിയന്ത്രിക്കാനുള്ള നീക്കം കരുതലോടെ വേണമെന്നാണ് അവരുടെ മുന്നറിയിപ്പ്. റഷ്യയില്‍ നിന്നും ചുളു വിലക്ക് എണ്ണവാങ്ങാനുള്ള ജപ്പാന്‍റെ ശ്രമവും എണ്ണ ഉത്പാദനം കുറച്ച് വില കുത്തനെ ഉയര്‍ത്താന്‍ റഷ്യയെ പ്രേരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട് .
undefined
അതേ സമയം മറ്റൊരു മുന്‍നിര ഏജന്‍സിയായ സിറ്റി ഗ്രൂപ്പിന്‍റെ പഠനം നേരെ മറിച്ചാണ്. എണ്ണവില ഇടിയുന്നതാകും മാന്ദ്യത്തില്‍ സംഭവിക്കാന്‍ പോവുകയെന്നാണ് സിറ്റി ഗ്രൂപ്പിന്‍റെ വിലയിരുത്തല്‍. . ഈ വര്‍ഷം അവസാനത്തോടെ ക്രൂഡ് ഓയില്‍ വില 65 ഡോളറിലേക്ക് എത്തുമെന്നും 2023 ല്‍ വില 45 ഡോളറില്‍ താഴെ എത്താനാണ് സാധ്യതയെന്നും സിറ്റി ഗ്രൂപ്പ് പ്രവചിക്കുന്നുണ്ട്. മാന്ദ്യം ലോകമെങ്ങും എണ്ണയുടെ ഉപഭോഗം കാര്യമായി കുറക്കുമെന്നും വില ഇടിയാന്‍ ഇതാകും കാരണമെന്നും സിറ്റി ഗ്രൂപ്പ് പ്രവചിക്കുന്നു.
എല്ലാം തീരുമാനിക്കുന്നത് ഉക്രൈന്‍ യുദ്ധത്തിന്‍റെ ഭാവി തന്നെ. യുദ്ധം വേഗം അവസാനിച്ചാല്‍ മാന്ദ്യത്തില്‍ നിന്നും പെട്ടെന്ന് കരകയറാനാകും. എന്നാല്‍ യുദ്ധത്തിന്‍റെ അടുത്ത ഘട്ടത്തില്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടി ഭാഗമായാല്‍ പിന്നെ എന്താകും സാമ്പത്തിക രംഗത്തെ സ്ഥിതിയെന്ന് പ്രവചിക്കാനാകില്ലെന്നും ഏജന്‍സികള്‍ പറയുന്നു. എണ്ണവിലയില്‍ എന്തു ചാഞ്ചാട്ടമുണ്ടായാലും വിവിധ രാജ്യങ്ങള്‍ക്ക് അത് താങ്ങാനാകില്ല എന്നതാണ് സത്യം. വില കൂടിയാലും കുറഞ്ഞാലും മാന്ദ്യം കനക്കും. വില കുറഞ്ഞാല്‍ എണ്ണ ഉത്പാദക രാജ്യങ്ങളില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന കാര്യത്തിലും തര്‍ക്കമില്ല. ഒരു വര്‍ഷത്തേക്കുള്ള ആവശ്യത്തിന്‍റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് എണ്ണവില കുതിച്ചുയരുന്നത് വലിയ തിരിച്ചടിയാകും ഉണ്ടാക്കുക