ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍, ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ ലഭിച്ചത് വമ്പന്‍ ഡിസ്കൗണ്ട്

By Web Team  |  First Published Dec 25, 2024, 1:01 PM IST

ഒരു നല്ല ക്രെഡിറ്റ് സ്കോര്‍ നിലനിര്‍ത്തുന്നത് വഴി ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കുന്നതുപോലുള്ള  നേട്ടങ്ങള്‍ കൂടി ലഭിക്കും


യര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഉണ്ടായതുകൊണ്ട്  കുറഞ്ഞ പലിശയ്ക്ക് കൂടുതല്‍ വായ്പ കിട്ടുമെന്നത് മാത്രമാണ് നേട്ടമെന്ന് കരുതിയെങ്കില്‍ തെറ്റി..ഛണ്ഡീഗഡ് സ്വദേശിയായ ഒരു യുവാവ് ഇന്‍ഷുറന്‍സ് കമ്പനിയുടെ വെബ്സൈറ്റ് വഴി തന്‍റെ വാഹന ഇന്‍ഷുറന്‍സ് പുതുക്കിയപ്പോള്‍ പ്രീമിയത്തില്‍ 15 ശതമാനം കിഴിവ് ലഭിച്ചു.5,000 രൂപയാണ് ഡിസ്കൗണ്ട് ഇനത്തില്‍ ലഭിച്ചത്. കാര്യമന്വേഷിച്ചപ്പോഴാണ് ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഉള്ളതിനാലാണ് ഡിസ്കൗണ്ട് ലഭിച്ചതെന്ന് മനസിലായത്. 800 ന് മുകളിലായിരുന്നു ഈ വ്യക്തിയുടെ ക്രെഡിറ്റ് സ്കോര്‍. ഒരു നല്ല ക്രെഡിറ്റ് സ്കോര്‍ നിലനിര്‍ത്തുന്നത് വഴി ലോണുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക മാത്രമല്ല, ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കുന്നതുപോലുള്ള  നേട്ടങ്ങള്‍ കൂടി ഉറപ്പാക്കുമെന്ന് സാരം.

ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം നിര്‍ണ്ണയിക്കാന്‍ ക്രെഡിറ്റ് സ്കോറുകള്‍ ഉപയോഗിക്കുന്നുണ്ട്. നല്ല ക്രെഡിറ്റ് സ്കോര്‍ ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയുടെ പ്രീമിയം കുറയ്ക്കാന്‍ സഹായിക്കും. ഉയര്‍ന്ന സ്കോര്‍ ഉള്ളവരുടെ ഇടപാടുകള്‍ റിസ്ക് കുറഞ്ഞവയായാണ് കണക്കാക്കുന്നത്. ഇത് വഴി ചില ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്ല ക്രെഡിറ്റ് സ്കോറുകളുള്ള ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കുകള്‍ മാത്രം ഈടാക്കി പോളിസികള്‍ നല്‍കുന്നു. ചില അവസരങ്ങളില്‍ പോളിസിയില്‍ 15 ശതമാനം വരെ കിഴിവ് നല്‍കും.

ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ക്രെഡിറ്റ് സ്കോര്‍ സിബില്‍ റേറ്റിംഗ് ആണ്. സിബില്‍ ക്രെഡിറ്റ് സ്കോര്‍  മൂന്നക്ക സംഖ്യയാണ്, അത് 300 മുതല്‍ 900 വരെയാണ്, 900 ആണ് മികച്ച സ്കോര്‍.  വായ്പക്ക് യോഗ്യനാണോ എന്ന് വിലയിരുത്താന്‍ ബാങ്കുകളും വായ്പ നല്‍കുന്ന സ്ഥാപനങ്ങളും ക്രെഡിറ്റ് സ്കോറുകള്‍ ഉപയോഗിക്കുന്നു. ക്രെഡിറ്റ് സ്കോര്‍ എത്രത്തോളം മെച്ചപ്പെടുന്നുവോ അത്രത്തോളം  അപേക്ഷകള്‍ അംഗീകരിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. കുറഞ്ഞ പലിശ നിരക്കുകള്‍, ലളിതമായ തിരിച്ചടവ് നിബന്ധനകള്‍, വേഗത്തിലുള്ള ലോണ്‍ അപ്രൂവല്‍  എന്നിവ പോലുള്ള അധിക ആനുകൂല്യങ്ങളും   ലഭിക്കാന്‍ സാധ്യതയുണ്ട്.

click me!