മെഡിക്കൽ സാമഗ്രികളുടെ നിർമ്മാണ രംഗത്ത് കേരളത്തിൽ നിക്ഷേപം നടത്താൻ വിദേശ സ്ഥാപനങ്ങൾ താത്പര്യം അറിയിച്ചതായി വ്യവസായ മന്ത്രി ഇ.പി.ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനും പ്രതിസന്ധി കാലം അവസരമാക്കിയെടുത്ത് വ്യാവസായിക മേഖലയിൽ മുന്നേറാനും ഉറച്ച് കേരളം. മെഡിക്കൽ സാമഗ്രികളുടെ നിര്‍മ്മാണ മേഖലയിലാണ് കേരളം ശ്രദ്ധ ഊന്നുന്നത്. പല വിദേശ കമ്പനികളും കേരളത്തിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ സന്നദ്ധതയറിയിച്ച് എത്തിയിട്ടുണ്ടെന്നാണ് വ്യവസായ മന്ത്രി ഇപി ജയരാജൻ പറയുന്നത്. ലൈസൻസ് കടമ്പകൾ അടക്കം അനായാസമാക്കി സംരംഭങ്ങൾക്ക് സൗഹൃദ അന്തരീക്ഷം ഒരുക്കാനാണ് മുഖ്യമന്ത്രിയുടെയും നിർദ്ദേശം.
കൊവിഡ് പ്രതിരോധത്തിൽ ആഗോള തലത്തിൽ നേടിയ പ്രശംസയുടെ അടിത്തറയിലാണ് കേരളം പുതിയ വ്യവസായ സ്വപ്നങ്ങൾ പടുത്തുയർത്തുന്നത്. മാസ്ക്,സാനിറ്റൈസർ നിർമാണം തുടങ്ങി പിപിഇ കിറ്റും വെന്‍റിലേറ്ററും വരെ സ്വന്തം നിലയിൽ നിർമ്മിച്ചാണ് കേരളം കൊവിഡ് കാലത്തെ നേരിടുന്നത്. ഉപഭോക്താവിൽ നിന്നും ഉത്പാദകരായുള്ള മാറ്റത്തിനാണ് കേരളം ഇനി പദ്ധതിയിടുന്നത്. കൊവിഡ് പ്രതിസന്ധിയിൽ അയവ് വരുന്ന മുറയ്ക്ക് വാണിജ്യ അടിസ്ഥാനത്തിൽ കേരളം നിർമ്മാണം തുടങ്ങും.
undefined
മടങ്ങി വരുന്ന പ്രവാസികളെ കൂടി ലക്ഷ്യമിട്ടാണ് പദ്ധതികളൊരുങ്ങുന്നത്. സംരംഭങ്ങൾ തുടങ്ങാൻ പ്രവാസികളെ ക്ഷണിക്കുന്ന സർക്കാർ പുതിയ ആശയങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്. ലൈസൻസ് ചട്ടങ്ങളിൽ ഇളവ്, പാട്ടത്തുക അടക്കുന്നതിൽ സാവകാശം, വെള്ളം ,വൈദ്യുതി തുടങ്ങി നിക്ഷേപ സൗഹൃദ നടപടികൾ നിരവധിയാണ്.
പ്രവാസികൾക്ക് പുറമെയാണ് വിദേശ കമ്പനികളിൽ നിന്നും കേരളം നിക്ഷേപം ലക്ഷ്യമിടുന്നത്. മെഡിക്കൽ രംഗത്തിന് ഒപ്പം മറ്റ് മേഖലകളിലും നിക്ഷേപ സാധ്യതകൾ തേടി വിദേശ കമ്പനികളുടെ അന്വേഷണം കൊവിഡ് കാലത്ത് കൂടിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നത്. ഈ സ്ഥാപനങ്ങളുമായി മുഖ്യമന്ത്രിയുടെ ഓഫീസും വ്യവസായം വകുപ്പും ചർച്ചകൾ നടത്തുകയാണ്. നിക്ഷേപത്തിന്‍റെ അളവ്,തൊഴിൽസാധ്യത,ആഗോള റേറ്റിംഗ് എന്നിവ അനുസരിച്ചാകും ഉളവുകൾ അനുവദിക്കുക.