വിലക്കയറ്റം പിടിച്ചുനിർത്താൻ കൺസ്യൂമർഫെഡ്: ഈ ഓണക്കാലത്ത് 1,850 ഓണച്ചന്തകൾ ആരംഭിക്കും

By Web Team  |  First Published Aug 14, 2020, 9:22 PM IST

കൺസ്യൂമർഫെഡിന്റെ ത്രിവേണി ബ്രാൻഡ്‌ ഉൽപ്പന്നങ്ങളുടെ വിപണനോദ്‌ഘാടനം 18ന്‌ മുഖ്യമന്ത്രി നിർവഹിക്കും. 


കൊച്ചി: ഓണത്തിന് വിലക്കയറ്റം പിടിച്ചുനിർത്തുക എന്ന ലക്ഷ്യത്തോടെ കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ ആരംഭിക്കുന്നു. ഇക്കുറി 1,850 ഓണച്ചന്തകളാണ് സ്ഥാപനം തുറക്കുക. 13 സബ്‌സിഡി ഇനങ്ങൾ 45 ശതമാനംവരെ വിലക്കുറവിൽ ഓണച്ചന്തകളിലൂടെ ലഭ്യമാക്കുമെന്ന്‌ ചെയർമാൻ എം മെഹബൂബ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 24 മുതൽ 30 വരെ സംഘടിപ്പിക്കുന്ന ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്‌ഘാടനം 23ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും.

സബ്‌സിഡിയില്ലാത്ത ഇനങ്ങൾ 10 മുതൽ 30 ശതമാനം വിലക്കുറവിൽ ലഭ്യമാക്കും. 10 ലക്ഷം കുടുംബങ്ങൾക്ക് ഇതിന്റെ‌ പ്രയോജനം ലഭിക്കുമെന്നാണ് ഫെഡറേഷന്റെ കണക്കുകൂട്ടൽ. ഓണത്തിന്‌ 150 കോടിയുടെ വിൽപ്പനയാണ്‌ ലക്ഷ്യമിടുന്നത്‌. ത്രിവേണി സൂപ്പർമാർക്കറ്റുകൾ, പ്രാഥമിക സഹകരണ സംഘങ്ങൾ, ഫിഷർമെൻ സഹകരണ സംഘങ്ങൾ, എസ്‌സി/എസ്‌ടി സഹകരണ സംഘങ്ങൾ, ജില്ലാ മൊത്തവ്യാപാര സഹകരണ സംഘങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ്‌ ഓണച്ചന്തകൾ പ്രവർത്തിക്കുക.

Latest Videos

കൺസ്യൂമർഫെഡിന്റെ ത്രിവേണി ബ്രാൻഡ്‌ ഉൽപ്പന്നങ്ങളുടെ വിപണനോദ്‌ഘാടനം 18ന്‌ മുഖ്യമന്ത്രി നിർവഹിക്കും. ആദ്യഘട്ടത്തിൽ ആട്ട, മൈദ, റവ, വെളിച്ചെണ്ണ, ചായപ്പൊടി എന്നിവയാണ്‌ വിപണിയിൽ എത്തിക്കുന്നത്‌. കേരകർഷകരിൽനിന്ന്‌ സംഭരിക്കുന്ന കൊപ്ര മലപ്പുറം കോഡൂർ സഹകരണ ബാങ്കാണ്‌ വെളിച്ചെണ്ണയാക്കി വിപണനം ചെയ്യുന്നത്‌. ഇടുക്കി തങ്കമണി സഹകരണ ബാങ്കാണ്‌ കർഷകരിൽനിന്ന്‌തേയില ശേഖരിച്ച്‌ ചായപ്പൊടിയാക്കുന്നത്‌. പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്കിന്റെ മൈഫുഡ്‌ റോളർ ഫ്ലവർ ഫാക്‌ടറിയാണ്‌‌ ത്രിവേണി ബ്രാൻഡിൽ ആട്ട, മൈദ, റവ എന്നിവ നിർമിക്കുന്നത്‌. ഗോതമ്പുനുറുക്ക്‌, ചക്കി ഫ്രഷ്‌ ഗോതമ്പുപൊടി എന്നിവയും ഉടൻ പുറത്തിറക്കുമെന്നും എം മെഹബൂബ്‌ പറഞ്ഞു.

click me!