ചരക്ക് പൂഴ്ത്തിവെച്ച് കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കാൻ പദ്ധതിയുണ്ടെങ്കിൽ പണി പാളും. സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം
തുവര പരിപ്പിന്റെ വില കുതിച്ചുയർന്ന സാഹചര്യത്തിൽ വ്യാപാരികളുടെ പക്കലുള്ള സ്റ്റോക്ക് പരിശോധിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. കൃത്രിമ ദൗർലഭ്യം സൃഷ്‌ടിക്കാൻ പരിപ്പിന്റെ വില്പന നിയന്ത്രിക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് കേന്ദ്രത്തിന്റെ നിർദേശം എത്തിയിരിക്കുന്നത്.
വ്യാപാരികൾ ചരക്ക് പൂഴ്ത്തിവെയ്പ് നടത്തി വിലക്കയറ്റം സൃഷ്ടിക്കുന്നത് തടയാനാണ് കേന്ദ്രത്തിന്റെ നീക്കം. വ്യാപാരികളുടെ കൈയിൽ എത്ര ചരക്കുകളുണ്ടെന്ന് കണക്കെടുക്കാൻ 1955 ലെ അവശ്യസാധന നിയമത്തിലെ സെക്ഷൻ 3(2)(h), 3(2)(i) പ്രകാരം ഉപഭോക്തൃകാര്യ വകുപ്പ് ഉത്തരവിട്ടു.
Read Also: ഒരു ലക്ഷം രൂപ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ 53 ലക്ഷം ആയി മാറി: വൻ നേട്ടം കൊയ്ത് നിക്ഷേപകർ
പയറുവർഗങ്ങളുടെ വില കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിൽ, 38 ലക്ഷം ടൺ പയറുവർഗ്ഗങ്ങളുടെ കരുതൽ ശേഖരം ഉണ്ട്. ക്ഷാമമുണ്ടാകുമ്പോൾ ഇവ വിപണിയിലേക്ക് ഇറക്കും.
ചരക്കുകൾ നിരീക്ഷിക്കാനും പരിശോധിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടത് കൂടാതെ ഓൺലൈൻ മോണിറ്ററിംഗ് പോർട്ടലിൽ അവരുടെ കൈവശമുള്ള സ്റ്റോക്കുകളുടെ ഡാറ്റ ആഴ്ചതോറും അപ്‌ലോഡ് ചെയ്യാൻ സ്റ്റോക്ക് ഹോൾഡർ എന്റിറ്റികളോട് നിർദ്ദേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: രാജകുമാരിക്ക് വേണ്ടി മാത്രം; ഫോർഡ് നിർമ്മിച്ച ഈ കാർ ലേലത്തിന്
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൃഷി മന്ദഗതിയിലായതിനെത്തുടർന്ന് ജൂലൈ രണ്ടാം വാരം മുതൽ തുവരപ്പരിപ്പിന്റെ ചില്ലറ വിൽപ്പന വില കുതിച്ചുയരുകയാണ്.
കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ തുവര പരിപ്പ് കൃഷി ചെയ്യുന്നത്. ഈ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ മഴയും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യവുമാണ് കൃഷിയെ പ്രതികൂലമായി ബാധിച്ചത്.
Read Also: തിയേറ്ററുകളിലെ പോപ്‌കോൺ ചെലവേറിയത് എന്തുകൊണ്ടാണ്? കാരണം ഇതാണ്
വരാനിരിക്കുന്ന ഉത്സവ സീസണിൽ തുവര പരിപ്പിന്റെ ആവശ്യകത വളരെ കൂടുതലായിരിക്കും. അതിനാൽ തന്നെ വിലക്കയറ്റം ഉണ്ടായാൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് ആഭ്യന്തര, വിദേശ വിപണികളിലെ പയറുവർഗങ്ങളുടെ മൊത്തത്തിലുള്ള ലഭ്യതയും വിലയും കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് എന്ന് ഉപഭോക്തൃകാര്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Read Also: ലോൺ തിരികെ ലഭിക്കാൻ ഭീഷണിപ്പെടുത്തിയാൽ പണിപാളും; താക്കീതുമായി ആർബിഐ
ആഭ്യന്തര വിപണിയിൽ ആവശ്യത്തിന് പയറുവർഗങ്ങളുടെ ലഭ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു. എന്നിട്ടും, വിപണിയിലെ വിതരണം കൂടുതൽ വർധിപ്പിക്കുന്നതിനായി അതിന്റെ കരുതൽ ശേഖരമായ 38 ലക്ഷം ടണ്ണിൽ നിന്ന് വിപണിയിലേക്ക് ചരക്ക് ഇറക്കും.