വിലയിടിവിൽ സന്തോഷിക്കേണ്ട, ആ കാലം കഴിഞ്ഞു; ഇനി സിമന്‍റ് വില കുതിക്കും

By Web TeamFirst Published Oct 5, 2024, 6:33 PM IST
Highlights

കഴിഞ്ഞ ഏഴ് മുതല്‍ എട്ട് മാസങ്ങളായി സിമന്‍റ് വിലയില്‍ ഇടിവ് തുടരുകയായിരുന്നു. എന്നാല്‍ ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ വില തിരിച്ചുകയറാന്‍ ആരംഭിച്ചിട്ടുണ്ട്.

രാജ്യത്ത് സിമന്‍റ് വില തിരിച്ചു കയറുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി സിമന്‍റ് വിലയിലുണ്ടായ ഇടിവിന് വിരാമമായതായി നിക്ഷേപ സേവന സ്ഥാപനമായ സെന്‍ട്രം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഏഴ് മുതല്‍ എട്ട് മാസങ്ങളായി സിമന്‍റ് വിലയില്‍ ഇടിവ് തുടരുകയായിരുന്നു. എന്നാല്‍ ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ വില തിരിച്ചുകയറാന്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി സിമന്‍റ് ഡിമാന്‍റ് താഴേക്കായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി സിന്‍റിന് ഡിമാന്‍റ് രേഖപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും സിമന്‍റ് വിലയില്‍ അഞ്ച് ശതമാനത്തിന്‍റെ വര്‍ധന ഉണ്ടാകുമെന്നാണ്  സെന്‍ട്രത്തിന്‍റെ വിലയിരുത്തല്‍.

സിമന്‍റ് ഡിമാന്‍റ് ഇടിയുന്നതിന് നിരവധി ഘടകങ്ങള്‍ വഴിവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്. കൂടാതെ പല സ്ഥലങ്ങളിലുമുണ്ടായ വെള്ളപ്പൊക്കവും സിമന്‍റ് ഡിമാന്‍റിനെ പ്രതികൂലമായി ബാധിച്ചു. ഡിമാന്‍റില്‍ ഏതാണ്ട് 20 ശതമാനം കുറവാണ് ഉണ്ടായത്. ഇതോടെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ സിമന്‍റ് വിലയില്‍ 1.5 ശതമാനത്തിന്‍റെ ഇടിവുണ്ടായി. രാജ്യത്തിന്‍റെ മധ്യ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഡിമാന്‍റ് കുറഞ്ഞത്. നാല് ശതമാനം വരെയാണ് ഈ പ്രദേശങ്ങളിലെ ഡിമാന്‍റിലുണ്ടായ ഇടിവ്. അതേ സമയം രാജ്യത്തിന്‍റെ കിഴക്കന്‍ ഭാഗങ്ങളില്‍ വിലയില്‍ കാര്യമായി ഇടിവുണ്ടായില്ല. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ രാജ്യത്തെ സിമന്‍റ് വില കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു.

Latest Videos

കുറഞ്ഞ ഡിമാന്‍ഡും വിലക്കുറവും കാരണം സിമന്‍റ് കമ്പനികളുടെ വരുമാനം ഗണ്യമായി കുറഞ്ഞിരുന്നു. ഡിമാന്‍ഡ് വര്‍ധിക്കുകയും വില ഉയരുകയും ചെയ്യുന്നതോടെ, ഈ സാമ്പത്തിക വര്‍ഷം രണ്ടാം പാതിയില്‍ സിമന്‍റ് കമ്പനികള്‍ മികച്ച വരുമാന വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
 

tags
click me!