ഇൻഷുറൻസ് പോളിസി എടുത്ത ശേഷം ക്യാന്‍സര്‍ കണ്ടെത്തി, ക്ലെയിം ലഭിക്കുമോ?

By Web TeamFirst Published Sep 27, 2024, 1:57 PM IST
Highlights

 ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തുകഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം ആ വ്യക്തിക്ക് ക്യാന്‍സര്‍ കണ്ടെത്തി എന്നു കരുതുക. ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നൽകുമോ?

മെഡിക്കല്‍ ഫീസ്, മരുന്നുകള്‍, ചികിത്സകള്‍ എന്നിവയുടെ ചെലവ് വര്‍ദ്ധിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഇന്ന് അത്യന്താപേക്ഷിതമാണ്. പക്ഷെ പോളിസി എടുത്തുകഴിഞ്ഞാലും ഗുരുതരമായ അസുഖങ്ങള്‍ക്കുള്ള ക്ലെയിം ലഭിക്കുന്നതിന് ചില തടസങ്ങളുണ്ടാകാറുണ്ട്. ഉദാഹരണത്തിന്  ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തുകഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം ആ വ്യക്തിക്ക് ക്യാന്‍സര്‍ കണ്ടെത്തി എന്നു കരുതുക. ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിരസിക്കും. കാരണം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ നിലവിലുള്ള രോഗങ്ങള്‍ക്ക് വെയിറ്റിംഗ് പിരീഡ് അഥവാ കാത്തിരിപ്പ് കാലയളവ് നിഷ്കര്‍ഷിക്കുന്നുണ്ട്. ഈ കാലയളവ് അവസാനിച്ചതിന് ശേഷം മാത്രമേ നിലവിലുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് ക്ലെയിം ചെയ്യാനാകൂ. ഇന്‍ഷുറന്‍സ് വാങ്ങിയതിന്‍റെ ആദ്യ വര്‍ഷത്തിനുള്ളില്‍ ഒരു വലിയ അസുഖം കണ്ടെത്തിയാല്‍ അത് വെളിപ്പെടുത്താത്തതെയാണ് ഇന്‍ഷൂറന്‍സ് എടുത്തതെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ സംശയിക്കും. അങ്ങനെ ക്ലെയിം നിരസിക്കപ്പെടുകയും ചെയ്യും.

എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പോളിസി എടുത്ത വ്യക്തിക്ക് തുടര്‍ന്നും റീഇംബേഴ്സ്മെന്‍റിനായി ക്ലെയിം ഫയല്‍ ചെയ്യാം. റീഇംബേഴ്സ്മെന്‍റ് ക്ലെയിം ഫയല്‍ ചെയ്യുമ്പോള്‍ ചില അനുബന്ധ രേഖകള്‍ നല്‍കേണ്ടി വന്നേക്കാം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ ഗുരുതര അസുഖം ബാധിച്ച വ്യക്തി നടത്തിയ ഏതെങ്കിലും ഡയഗ്നോസ്റ്റിക്സ് അല്ലെങ്കില്‍ ആരോഗ്യ പരിശോധനകളുടെ രേഖകള്‍ ഇതില്‍ ഉള്‍പ്പെട്ടേക്കാം. ഈ റിപ്പോര്‍ട്ടുകള്‍ അത് വരെ ക്യാന്‍സറിന്‍റെ സൂചനയൊന്നും നല്‍കിയില്ലായിരുന്നു എങ്കില്‍ ക്ലെയിം അപേക്ഷക്ക് അതൊരു ബലമാണ്. അതേ സമയം പോളിസി ഇഷ്യു ചെയ്യുന്നതിന് മുമ്പ് രോഗം  കണ്ടെത്തിയതായി ഇന്‍ഷുറന്‍സ് കമ്പനിയുടെ അന്വേഷണത്തില്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍, പോളിസി റദ്ദാക്കപ്പെടാം.

Latest Videos

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ആജീവനാന്തം പുതുക്കാവുന്നവയാണ്. രോഗിയുടെ പ്രതികൂലമായ മെഡിക്കല്‍ ചരിത്രം കാരണം ഇന്‍ഷുറന്‍സ് കമ്പനിക്ക് പോളിസി പുതുക്കുന്നത് നിഷേധിക്കാനോ പ്രീമിയം വര്‍ദ്ധിപ്പിക്കാനോ കഴിയില്ല. അതിനാല്‍,  നിലവിലുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ പോളിസിയില്‍ തന്നെ തുടരാം. മാത്രമല്ല, കാന്‍സര്‍ രോഗനിര്‍ണ്ണയത്തിനു ശേഷം മറ്റേതെങ്കിലും ഇന്‍ഷുറര്‍ ഈ ഘട്ടത്തില്‍ ആരോഗ്യ പരിരക്ഷ നല്‍കാന്‍ സാധ്യതയില്ല.

നിലവിലുള്ള അസുഖത്തിനുള്ള കവറേജ് ലഭിക്കുന്നതിന് പോളിസി എടുത്ത ശേഷം കുറച്ച് കാലം കാത്തിരിക്കേണ്ടി വരും. വളരെ കുറഞ്ഞ കാത്തിരിപ്പ് കാലാവധിയുള്ള ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.   ഉദാഹരണത്തിന്, പോളിസി ആരംഭിച്ച തീയതി മുതൽ 2-4 വർഷത്തെ  കാലയളവിന് ശേഷമാണ് പ്രസവ ചെലവുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കൂ.   പല ഇൻഷുറൻസ് കമ്പനികളും പലതരത്തിലുള്ള  കാത്തിരിപ്പ് കാലയളവ് മുന്നോട്ട് വയ്ക്കാറുണ്ട് .ഇത് താരതമ്യം ചെയ്ത് മാത്രം പോളിസിയെടുക്കുക

click me!