ഭവന, വ്യക്തിഗത, വാഹന വായ്പകൾക്കുള്ള ഇഎംഐ കുത്തനെ കൂടും. നിലവിലുള്ള വായ്പക്കാർക്ക് ഫിക്സഡ് റേറ്റ് ലോണുകൾ ഒഴികെയുള്ള എംസിഎൽആർ-ലിങ്ക്ഡ് പലിശ നിരക്കുകളിലേക്ക് മാറാനുള്ള ഓപ്ഷൻ ഉണ്ട്.
ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിലൊന്നായ കാനറ ബാങ്ക് അതിന്റെ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്‌ഠിത വായ്പാ നിരക്ക് (എംസിഎൽആർ) 5 ബേസിസ് പോയിന്റ് വർധിപ്പിച്ചു. ഇതോടെ വിവിധ വായ്പകളുടെ ഇഎംഐ കൾ കുത്തനെ ഉയരും. പുതിയ നിരക്കുകൾ 2023 ഏപ്രിൽ 12-ന് പ്രാബല്യത്തിൽ വന്നു. ആറ് മാസത്തേയും ഒരു വർഷത്തേയും എംസിഎൽആർ യഥാക്രമം 8.45 ശതമാനമായും 8.65 ശതമാനമായും വർദ്ധിപ്പിച്ചു, അതേസമയം മറ്റ് കാലാവധികളിലെ നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നു. ഓവർനൈറ്റ് എംസിഎൽആർ 7.90 ശതമാനവും ഒരു മാസത്തെ എംസിഎൽആർ 8 ശതമാനവും മൂന്ന് മാസത്തെ എംസിഎൽആർ 8.15 ശതമാനവുമാണ്.
2023 ഏപ്രിൽ 12-നോ അതിനു ശേഷമോ എടുത്ത വായ്പകൾക്കും അതേ തീയതിയിലോ അതിനുശേഷമോ ക്രെഡിറ്റ് സൗകര്യങ്ങൾ പുതുക്കുകയോ ചെയ്യുന്ന വായ്പകൾക്ക് മാത്രമേ പുതുക്കിയ എംസിഎൽആർ ബാധകമാകൂ എന്ന് ബാങ്ക് വ്യക്തമാക്കി. നിലവിലുള്ള വായ്പക്കാർക്ക് ഫിക്സഡ് റേറ്റ് ലോണുകൾ ഒഴികെയുള്ള എംസിഎൽആർ-ലിങ്ക്ഡ് പലിശ നിരക്കുകളിലേക്ക് മാറാനുള്ള ഓപ്ഷൻ ഉണ്ട്. എന്നിരുന്നാലും, വായ്പക്കാരന്റെ സമ്മതത്തോടെ എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിലേക്ക് മാറാനുള്ള ഓപ്ഷൻ ബാങ്ക് നിലനിർത്തിയിട്ടുണ്ട്.
അടുത്ത അവലോകനം വരെ പുതിയ എംസിഎൽആർ നിരക്കുകൾ തുടരുമെന്ന് ബാങ്ക് അറിയിപ്പിൽ വ്യക്തമാക്കി. എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിലേക്ക് മാറാൻ തയ്യാറുള്ളവർക്ക് അവരുടെ അടുത്തുള്ള കാനറ ബാങ്ക് ശാഖയുമായി ബന്ധപ്പെടാം. വർദ്ധിച്ച എംസിഎൽആർ അതിന്റെ സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിനും ലാഭം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു.