158 കോടി രൂപ തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച് ബൈജൂസുമായി ഒത്തുതീർപ്പിലെത്തിയതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്.
കടുത്ത പ്രതിസന്ധിയിലായ എജ്യൂടെക് സ്ഥാപനമായ ബൈജൂസിന് വലിയ ആശ്വാസം, ബിസിസിഐയ്ക്ക് നല്‍കാനുള്ള കുടിശിക കൊടുത്തുതീര്‍ക്കാനുള്ള അപേക്ഷ നാഷണല്‍ കമ്പനി ലോ അപ്പലൈറ്റ് ട്രൈബ്യൂണല്‍ അംഗീകരിച്ചു. വ്യവസ്ഥ പ്രകാരം ഇന്നും വരുന്ന ഒമ്പതാം തീയതിയുമായി മുഴുവന്‍ തുകയും കൈമാറണം. ഇത് നടപ്പാക്കിയാല്‍ പാപ്പരത്ത നടപടികളില്‍ നിന്ന് ബൈജൂസിന് പുറത്തുകടക്കാം.
158 കോടി രൂപ തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച് ബൈജൂസുമായി ഒത്തുതീർപ്പിലെത്തിയതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിനെ അറിയിക്കുകയായിരുന്നു. ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന്റെ സഹോദരൻ റിജു രവീന്ദ്രൻ ജൂലായ് ഒന്നിന് 50 കോടി രൂപ അടച്ചതായി എൻസിഎൽഎടി ചെന്നൈ ബഞ്ചിനെ ബിസിസിഐ അറിയിച്ചു. ബാക്കി തുകയായ 25 കോടി ഇന്നേക്കകം നൽകുമെന്നും ബാക്കിയുള്ള 83 കോടി ആഗസ്റ്റ് 9നകം നൽകുമെന്നും ബൈജൂസ് അറിയിച്ചതായി ബിസിസിഐ വ്യക്തമാക്കി. ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനെതിരെ 158.90 കോടി രൂപ തിരിച്ചടയ്ക്കാത്തതിന് കോർപ്പറേറ്റ് പാപ്പരത്വ നടപടികൾ ആരംഭിക്കുന്നതിനുള്ള ബിസിസിഐയുടെ അപേക്ഷ എൻസിഎൽടിയുടെ ബെംഗളൂരു ബെഞ്ച് കഴിഞ്ഞ മാസം അംഗീകരിച്ചിരുന്നു.
അതേ സമയം തങ്ങളെ തെറ്റിദ്ധരിപ്പിച്ചുണ്ടാക്കിയ പണം കൊണ്ടാണ് ബിസിസിഐയുടെ ബാധ്യത ബൈജൂസ് പരിഹരിക്കുന്നതെന്ന് യുഎസ് ആസ്ഥാനമായുള്ള സാമ്പത്തിക സ്ഥാപനത്തിന്റെ പരാതി ട്രിബ്യൂണൽ തള്ളിക്കളഞ്ഞു, അതിനുള്ള തെളിവുകൾ നൽകുന്നതിൽ യുഎസ് കമ്പനി പരാജയപ്പെട്ടെന്ന് ട്രിബ്യൂണൽ വിധിച്ചു. റിജു രവീന്ദ്രൻ ഓഹരി വിറ്റാണ് പണം നൽകിയതെന്ന് വ്യക്തമായതായി ട്രൈബ്യൂണൽ പറഞ്ഞു.