സംസ്ഥാന സർക്കാരിന് ഇടതുമുന്നണി യോഗത്തിന്റെ അംഗീകാരം ലഭിച്ചു. ബസ് ചാർജ് വർധിപ്പിച്ചാൽ ഇതിന് പിന്നാലെ ഓട്ടോ, ടാക്സി ചാർജുകളും വർധിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കും. മിനിമം ചാർജ് പത്ത് രൂപയായി വർധിപ്പിക്കാനാണ് തീരുമാനം. നേരത്തെയിത് എട്ട് രൂപയായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഇടതുമുന്നണി യോഗത്തിന്റെ അംഗീകാരം ലഭിച്ചു. ബസ് ചാർജ് വർധിപ്പിച്ചാൽ ഇതിന് പിന്നാലെ ഓട്ടോ, ടാക്സി ചാർജുകളും വർധിപ്പിക്കും.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവും ഇതുമൂലമുണ്ടാകുന്ന വിലക്കയറ്റവും മൂലമാണ് ഈയൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ഇടതുമുന്നണി കൺവീനർ വ്യക്തമാക്കി. നേരത്തെ നിരക്ക് വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബസ് ഉടമകൾ സമരം നടത്തിയിരുന്നു.
ഇതിന് നേരത്തെ തന്നെ അനുകൂല നിലപാട് എടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. മിനിമം ചാർജ് 12 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ നിലപാട്. എന്നാൽ പൊതുജനത്തിന്റെ ബുദ്ധിമുട്ട് പരമാവധി ലഘൂകരിച്ചുള്ള തീരുമാനമാണ് ഇടതുമുന്നണി യോഗത്തിൽ ഉയർന്നു വന്നതെന്ന് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബസുടമകൾക്ക് യാതൊരു ഉറപ്പും നൽകിയിരുന്നില്ല
ബസ് ചാർജ് (Bus Charge) വർധനവ് നേരത്തെ അംഗീകരിച്ചതായിരുന്നുവെന്നും ബസ് ഉടമകൾ അനാവശ്യമായി (Bus Owners) സമരത്തിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മാർച്ച് 27 ന് പറഞ്ഞിരുന്നു. ബസുടമകളുമായി മന്ത്രിയും മുഖ്യമന്ത്രിയും നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു വിമർശനം. സമരം കൊണ്ട് എന്ത് നേട്ടമാണുണ്ടായതെന്ന് മന്ത്രി ചോദിച്ചു. പുതിയതായി ഒരുറപ്പും ബസ് ഉടമകൾക്ക് നൽകിയില്ല. ചാർജ് വർധനയിലടക്കം ഈ മാസം 30 തിന് എൽഡിഎഫ് ചർച്ച ചെയ്തു തീരുമാനമെടുക്കും. സമരം കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല. ഓട്ടോ- ടാക്സികൾ സമര രംഗത്തേക്ക് വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബസുടമകളുടെ ആവശ്യം
നിരക്ക് വർധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബസ് ഉടമകൾ സമരം ആരംഭിച്ചത്. മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചിരുന്നു. നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. രാമചന്ദ്രൻ നായർ ശുപാർശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നൽകുമ്പോഴും എപ്പോൾ മുതൽ എന്നതിൽ തീരുമാനം വൈകിയതാണ് സമരത്തിലേക്ക് നയിച്ചത്.
ഒരുറപ്പും കിട്ടാതെ അവസാനിപ്പിച്ച സമരം
നിരക്ക് വർദ്ധനവ് എന്ന് മുതൽ, എത്ര രൂപ കൂടും എന്നിവയിൽ കൃത്യമായ ഉറപ്പില്ലാതെയാണ് സ്വകാര്യ ബസ്സുടമകൾ സമരം പിൻവലിച്ചത്. സമര പ്രഖ്യാപനം നടത്തിയപ്പോൾ തന്നെ നിരക്ക് വർദ്ധനവിൽ 30ന് ചേരുന്ന എൽഡിഎഫ് ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മന്ത്രിയുടെ ഉറപ്പ് പരിഗണിക്കാതെ ബസ്സുടമകൾ സമരവുമായി മുന്നോട്ട് പോകുകയായിരുന്നു. സർക്കാറാകട്ടെ ചർച്ചക്കും തയ്യാറായില്ല. സമരം നാലാം ദിവസത്തിലെത്തിയപ്പോഴാണ് ബസ്സുമടകളും മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ചർച്ച നടത്തിയത്. പിന്നാലെ സമരം നിർത്തി.