റെയിൽവേയ്ക്ക് വരുന്ന ബജറ്റ് നിർണായകം; യാത്രക്കാരുടെ ശേഷിയും സുരക്ഷയും പരിഗണിക്കപ്പെടുമോ..

By Web Team  |  First Published Jul 19, 2024, 6:01 PM IST

11 ലക്ഷം കോടി രൂപയുടെ റെയിൽ ഇടനാഴി പദ്ധതികൾ സർക്കാരിന്റെ പരിഗണനയിലാണെന്ന് ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.


ടിയ്ക്കടിയുള്ള അപകടങ്ങൾ, ജനറൽ കോച്ചുകളിലെ തിരക്ക് എന്നിവയ്ക്ക് കടുത്ത വിമർശനം നേരിടുന്ന റെയിൽവേയ്ക്ക് വരുന്ന ബജറ്റ് നിർണായകം. കൂടുതൽ  യാത്രക്കാരെ വഹിക്കുന്നതിനും  റെയിൽവേ ശൃംഖലയിലെ സുരക്ഷയ്ക്കും  ശ്രദ്ധ നൽകുന്നതിനുള്ള നിർദേശങ്ങൾക്കായിരിക്കും ബജറ്റിൽ  ഊന്നൽ നൽകുകയെന്നാണ് സൂചന. 11 ലക്ഷം കോടി രൂപയുടെ റെയിൽ ഇടനാഴി പദ്ധതികൾ സർക്കാരിന്റെ പരിഗണനയിലാണെന്ന് ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിൽ 10,000 എയർകണ്ടീഷൻ ചെയ്യാത്ത കോച്ചുകൾ നിർമ്മിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം ബജറ്റിൽ ഉൾപ്പെടുത്തിയേക്കും.

ജീവനക്കാരുടെ കുറവുമൂലമുള്ള ബുദ്ധിമുട്ടുകൾ  ട്രേഡ് യൂണിയനുകൾ ഉന്നയിച്ചതിനെത്തുടർന്ന്, ഈ വർഷം അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെ നിയമനം മൂന്നിരട്ടിയായി വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. മെട്രോ ശൃംഖല, നമോ ഭാരത് ഇടനാഴികൾ, വന്ദേ ഭാരത് ട്രെയിനുകൾ, അതിവേഗ ഇടനാഴികൾ, സാമ്പത്തിക ഇടനാഴികൾ എന്നിവയുടെ വിപുലീകരണത്തിന് ബജറ്റിൽ നിർദേശം ഉണ്ടായേക്കും.  മെയ്ക്ക് ഇൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്ത് നിന്നുള്ള സാങ്കേതികവിദ്യ, സേവനങ്ങൾ, റെയിൽ കാറുകൾ,നിർമാണ ഘടകങ്ങൾ എന്നിവയുടെ കയറ്റുമതിക്ക്  നടപടി ഉണ്ടായേക്കും.

Latest Videos

ഈ വർഷം തിരഞ്ഞെടുപ്പിന് മുമ്പ് അവതരിപ്പിച്ച 2024-25 ഇടക്കാല ബജറ്റിൽ റെയിൽവേയ്‌ക്കായി 2.52 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 2.41 ലക്ഷം കോടി രൂപയായിരുന്നു. വരാനിരിക്കുന്ന ബജറ്റിൽ ഈ വിഹിതം ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ബജറ്റ് വിഹിതം  3 ലക്ഷം കോടി രൂപയിലെത്താൻ സാധ്യതയുണ്ടെന്നാണ് സൂചന

click me!