കര്‍ശനമായ നികുതി നിയമങ്ങള്‍ ക്രിപ്റ്റോക്ക് ബാധകമാണ്
ഇന്ത്യയില്‍ ബിറ്റ്കോയിന്‍ നിയമപരമാണോ? നിക്ഷേപം നടത്തുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.. ക്രിപ്റ്റോകറന്‍സികള്‍ക്ക് അനുകൂലമായ സുപ്രീം കോടതി വിധിയോടെ ബിറ്റ്കോയിനും മറ്റെല്ലാ ക്രിപ്റ്റോകറന്‍സികളും ഇന്ത്യയില്‍ നിയമപരമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യമുമ്പ് ഏര്‍പ്പെടുത്തിയ നിരോധനം കോടതി നീക്കിയിരുന്നു.
എന്നിരുന്നാലും, കര്‍ശനമായ നികുതി നിയമങ്ങള്‍ ക്രിപ്റ്റോക്ക് ബാധകമാണ്. വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള (വിഡിഎ) നേട്ടത്തിന് 30% നികുതിയും ഒരു ശതമാനം ടിഡിഎസും നല്‍കണം. ലാഭം ഉണ്ടായാലും ഇല്ലെങ്കിലും മൊത്തം വില്‍പ്പന തുകയ്ക്ക് ടിഡിഎസ് ബാധകമാണ്. ഒരു വിഡിഎയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള നഷ്ടം നികത്താനും സാധ്യമല്ല. ഉദാഹരണത്തിന്,എഥിറിയത്തിലെ ട്രേഡിംഗില്‍ നിന്നുള്ള നഷ്ടം ബിറ്റ്കോയിനിലെ ട്രേഡിംഗില്‍ നിന്നുള്ള നേട്ടം ഉപയോഗിച്ച് നികത്താനാകില്ല.
ഇന്ത്യയില്‍ ബിറ്റ്കോയിനില്‍ എങ്ങനെ നിക്ഷേപിക്കാം?
ഒരു സര്‍ട്ടിഫൈഡ് ക്രിപ്റ്റോ എക്സ്ചേഞ്ച് തിരഞ്ഞെടുത്ത്, കെവൈസി വിശദാംശങ്ങള്‍ നല്‍കി സ്വയം രജിസ്റ്റര്‍ ചെയ്യുക. ബാങ്ക് ട്രാന്‍സ്ഫര്‍ പോലുള്ള രീതികള്‍ ഉപയോഗിച്ച് ഫണ്ട് നിക്ഷേപിക്കുക, തുടര്‍ന്ന് ട്രേഡുകള്‍ നടത്തുകയും ആസ്തികള്‍ സുരക്ഷിതമായ ക്രിപ്റ്റോ വാലറ്റുകളില്‍ സൂക്ഷിക്കുകയും ചെയ്ത് ബിറ്റ്കോയിനില്‍ നിക്ഷേപിക്കാന്‍ കഴിയും.
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!
വിലകളുടെ അസ്ഥിര സ്വഭാവം കാരണം ക്രിപ്റ്റോ ട്രേഡിംഗ് വളരെ അപകടസാധ്യതയുള്ളതാണെന്ന് ഓര്‍മ്മിക്കേണ്ടതാണ്. അതിലുപരി, ഇവ ഹാക്കുകള്‍ക്കും തട്ടിപ്പുകള്‍ക്കും ഇരയാകുന്നു. സര്‍ക്കാര്‍ നിയന്ത്രണങ്ങളും അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെടാം. ഉദാഹരണത്തിന്, ക്രിപ്റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍, സ്വകാര്യ ക്രിപ്റ്റോകറന്‍സികള്‍ നിരോധിച്ചുകൊണ്ട് ഇവ നിയന്ത്രിക്കാനും അതേ സമയം ആര്‍ബിഐയുടെ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിക്ക് വേദിയൊരുക്കാനും ലക്ഷ്യമിടുന്നു.