നികുതി നൽകേണ്ടതില്ലാത്ത ചില വരുമാനമാർഗങ്ങളെക്കുറിച്ച് പലർക്കും അറിയുകയില്ല
എല്ലാ വരുമാനത്തിനും നികുതി നൽകേണ്ടതില്ല. ഇപ്പോഴും നികുതി നൽകേണ്ടതില്ലാത്ത ചില വരുമാനമാർഗങ്ങളെക്കുറിച്ച് പലർക്കും അറിയുകയില്ല. ഏതൊക്കെ വരുമാനങ്ങളെയാണ് നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നതെന്ന് അറിഞ്ഞുവെയ്ക്കുന്നത് നികുതിദായകർക്ക് അവരുടെ നികുതി ഭാരം കുറയ്ക്കാൻ സഹായിക്കും.
നികുതിയേതര വരുമാനം: ആദായനികുതിക്ക് വിധേയമല്ലാത്ത ഏതൊരു വരുമാനവും നികുതിയേതര വരുമാനമാണ്. ഒരു വ്യക്തിയുടെ നികുതി ബാധ്യതയുടെ കണക്കുകൂട്ടലുകളിൽ ഇത്തരം വരുമാനം പൂർണ്ണമായും ഒഴിവാക്കിയിരിക്കും. ഒരു രൂപ പോലും നികുതി നൽകേണ്ടതില്ലാത്ത ചില വരുമാനമാർഗങ്ങൾ പരിചയപ്പെടാം
സമ്മാനങ്ങൾ/പൈതൃകസ്വത്ത്: ബന്ധുക്കൾ വഴി ലഭിക്കുന്ന വരുമാനത്തിനോ, സമ്മാനങ്ങൾക്കോ നികുതി നൽകേണ്ടതില്ല, അത് പൊതുവെ നികുതി വിധേയമായ വരുമാനമായി കണക്കാക്കാറില്ല. ബന്ധുക്കളിൽ നിന്നല്ലാതെ കൈപ്പറ്റുന്ന സമ്മാനങ്ങൾക്കും നികുതി ഇളവ് ലഭിക്കും. പക്ഷെ ഇത്തരം സമ്മാനങ്ങളുടെ മൂല്യം 50,000 രൂപയിൽ താഴെയായിരിക്കണം.. വിവാഹ വേളയിൽ ഇത്തരത്തിൽ സമ്മാനം ലഭിച്ചാൽ, അതും നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടും
ലൈഫ് ഇൻഷുറൻസ് റിട്ടേണുകൾ: കാലാവധി പൂർത്തിയായിക്കഴിഞ്ഞ ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്ന് ലഭിക്കുന്ന ആദായത്തിനും, (മരണ ആനുകൂല്യം ഉൾപ്പെടെ), നികുതി നൽകേണ്ടതില്ല.
കാർഷിക വരുമാനം: ആദായനികുതി നിയമത്തിലെ സെക്ഷൻ 10(1) പ്രകാരം, കൃഷിയിൽ നിന്നുമുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല. കോഴി വളർത്തൽ, പശു വളർത്തൽ എന്നിവയിൽ നിന്നും ലഭിക്കുന്ന വരുമാനവും നികുതിരഹിതമാണ്
ഗ്രാറ്റുവിറ്റി : സ്ഥാപനങ്ങൾ ജീവനക്കാരുടെ ദീർഘകാല സേവനത്തിനു നൽകുന്ന ആനുകൂല്യമാണ് ഗ്രാറ്റുവിറ്റി. സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ ഗ്രാറ്റുവിറ്റി തുക പൂർണമായും നികുതി രഹിതമാണ്. 1972 ലെ ഗ്രാറ്റുവിറ്റി നിയമത്തിന് കീഴിൽ വരുന്ന സർക്കാർ ഇതര ജീവനക്കാർക്ക്, ഗ്രാറ്റുവിറ്റി തുക 10 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ നികുതി ഇളവ് ലഭിക്കും.
കൂടാതെ സുകന്യ സമൃദ്ധി സ്കീം, ഗോൾഡ് ഡെപ്പോസിറ്റ് ബോണ്ടുകൾ, നികുതി രഹിത ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ തുടങ്ങിയ ചില സ്കീമുകളിൽ നിന്ന് ലഭിക്കുന്ന ആദായവും പൂർണ്ണമായും നികുതി രഹിതമാണ്.