കൊവിഡ് പ്രതിസന്ധിക്കിടയിലും ലഖ്‌നൗ ഐഐഎമ്മില്‍ ക്യാംപസ് പ്ലേസ്മെന്റ്; ശരാശരി വേതനം 26 ലക്ഷം

By Web Team  |  First Published Feb 25, 2021, 10:44 PM IST

കൺസൾട്ടിങ്, ഫിനാൻസ്, ജനറൽ മാനേജ്മെന്റ്, ഐടി ആന്റ് അനലറ്റിക്സ്, സെയിൽസ് ആന്റ് മാർക്കറ്റിങ് രംഗങ്ങളിലാണ് എല്ലാവർക്കും ജോലി ലഭിച്ചത്.


ദില്ലി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ലഖ്നൗ വിദ്യാർത്ഥികളുടെ ക്യാംപസ് പ്ലേസ്മെന്റ് പൂർത്തിയായി. കമ്പനികൾ ഇക്കുറി വിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്ത പ്രതിവർഷ വേതനം ഉയർന്ന് ശരാശരി 26 ലക്ഷത്തിലെത്തി. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികൾ മറികടന്ന് വിജയകരമായി തന്നെ പ്ലേസ്മെന്റ് പൂർത്തിയാക്കാനായെന്ന് കോളേജ് അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം 24.25 ലക്ഷമായിരുന്നു ശരാശരി വേതനം. 

കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന വേതനം 54 ലക്ഷമായിരുന്നത് ഇത്തവണ 51 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഏറ്റവും ഉയർന്ന അന്താരാഷ്ട്ര വേതനം 58.47 ലക്ഷമായിരുന്നു. ഇക്കുറി അതും 56 ലക്ഷമായി കുറഞ്ഞു. കൺസൾട്ടിങ്, ഫിനാൻസ്, ജനറൽ മാനേജ്മെന്റ്, ഐടി ആന്റ് അനലറ്റിക്സ്, സെയിൽസ് ആന്റ് മാർക്കറ്റിങ് രംഗങ്ങളിലാണ് എല്ലാവർക്കും ജോലി ലഭിച്ചത്.

Latest Videos

ആമസോൺ, ഫ്ലിപ്കാർട്ട്, ഡെലോയ്റ്റ്, പിഡബ്ല്യുസി, മകിൻസി ആന്റ് കമ്പനി, കെപിഎംജി, അവന്റസ് കാപിറ്റൽ, മോർഗൻ സ്റ്റാൻലി, സിറ്റി, ഗോൾഡ്മാൻ സാക്സ്, ഐസിഐസിഐ, റിലയൻസ് ഇന്റസ്ട്രീസ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, മൈക്രോസോഫ്റ്റ്, നെസ്റ്റ്ലെ, ടാറ്റ അഡ്മിനിസ്ട്രേറ്റീവ് സർവീസസ് എന്നിവരാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുത്തത്. അന്താരാഷ്ട്ര രംഗത്ത് ഓഫറുകൾ നൽകിയത് ആഫ്രിക്കൻ ഇന്റസ്ട്രീസ് ഗ്രൂപ്പ്, ദുബൈ ആസ്ഥാനമായ ലാന്റ്മാർക് ഗ്രൂപ് എന്നിവരാണ്.

click me!