ബാങ്കിന്റെ വായ്പ ദുരുപയോഗം ചെയ്തതിനാണ് നടപടി
അനിൽ അംബാനിക്ക് വീണ്ടും തിരിച്ചടി. റിലയന്‍സ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൻ്റെ വായ്പാ അക്കൗണ്ട് 'ഫ്രോഡ്' വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതുമായി സംബന്ധിച്ച് കനറാ ബാങ്ക് നോട്ടീസ് നൽകി. ബാങ്കിന്റെ വായ്പ ദുരുപയോഗം ചെയ്തതിനാണ് നടപടി. കമ്പനിക്ക് അനുവദിച്ച 1,050 കോടി രൂപയുടെ വായ്പ വിനിയോഗം ചെയ്തതിലുള്ള പ്രശ്നങ്ങൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾക്ക് നൽകിയ റിപ്പോർട്ടിൽ കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ, അനില്‍ അംബാനിയുടെ റിലയന്‍സ് പവറിനും അനുബന്ധ സ്ഥാപനമായ റിലയന്‍സ് എന്‍ യു ബെസ്സിനുമെതിരെ നടപടിയുമായി സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ രംഗത്തെത്തിയിരുന്നു. വ്യാജ ബാങ്ക് ഗ്യാരന്‍റി സമര്‍പ്പിച്ചതിന് റിലയന്‍സ് പവറിനെ ലേലത്തിൽ പങ്കെടുക്കുന്നതിൽ നിന്നും മൂന്ന് വർഷത്തേക്ക് വിലക്കിയിട്ടുണ്ട്. ദേശ ബാങ്ക് ഗ്യാരന്‍റി രൂപത്തിലുള്ള വ്യാജ രേഖകള്‍ സമര്‍പ്പിച്ചുവെന്നതാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കെതിരായ ആരോപണം. ഫസ്റ്റ് റാന്‍ഡ് ബാങ്കിന്‍റെ മനില (ഫിലിപ്പീന്‍സ്) ബ്രാഞ്ച് നല്‍കിയ ബാങ്ക് ഗാരന്‍റി ആണ് റിലയന്‍സ് നല്‍കിയിരുന്നത്. വിശദമായി അന്വേഷിച്ചപ്പോള്‍, ഫിലിപ്പീന്‍സില്‍ ബാങ്കിന്‍റെ അത്തരമൊരു ശാഖ ഇല്ലെന്ന് ബാങ്കിന്‍റെ ഇന്ത്യന്‍ ശാഖ സ്ഥിരീകരിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആണ്, ഹാജരാക്കിയ ബാങ്ക് ഗ്യാരന്‍റി വ്യാജമാണെന്ന് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന് മനസിലായത്. ഇത് മനപ്പൂര്‍വം ചെയ്തതാണെന്നും ടെന്‍ഡര്‍ നടപടികള്‍ അട്ടിമറിച്ച് തട്ടിപ്പ് നടത്തി കരാര്‍ സ്വന്തമാക്കുകയായിരുന്നുവെന്ന് റിലയന്‍സിന്‍റെ ലക്ഷ്യമെന്നും സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ആരോപിച്ചു.
അതേസമയം, വഞ്ചനയുടെയും ഗൂഢാലോചനയുടെ ഇരയാണ് തങ്ങള്‍ എന്ന് റിലയന്‍സ് പവര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒരു ക്രിമിനല്‍ പരാതി 2024 ഒക്ടോബര്‍ 16 ന് മറ്റൊരു കക്ഷിക്കെതിരെ ഡല്‍ഹി പോലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2024 നവംബര്‍ 11ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഷയം അന്വേഷണത്തിലാണ്. നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കുമെന്നും കമ്പനി വ്യക്തമാക്കി.