ചേട്ടനൊപ്പം നടന്നുകയറാന്‍ അനിയനും; സിംഗിളായി വന്ന് സിങ്കമാകുമോ അനില്‍ അംബാനി

By Web TeamFirst Published Sep 19, 2024, 2:02 PM IST
Highlights

ഓഹരി വിപണിയില്‍ ഇന്നലെ മിന്നും പ്രകടനം കാഴ്ച വച്ച രണ്ട് കമ്പനികള്‍ അനില്‍ അംബാനിയുടേതാണ്. റിലയന്‍സ് പവറും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറും. റിലയന്‍സ് പവറിന്‍റെ ഓഹരി അഞ്ച് ശതമാനം നേട്ടമാണ് ഇന്നലെ കൈവരിച്ചത്.

റേഞ്ച് റോവറുകളിലും ബെന്‍സ് ജി വാഗണുകളിലും നിറയെ സുരക്ഷാ ഭടന്‍മാരുടെ അകമ്പടിയില്‍ മുംബൈ നഗരത്തെ ത്രസിപ്പിച്ച് യാത്ര ചെയ്യുന്ന മുകേഷ് അംബാനി... രാവിലെ ഒരു സൈക്കിളുമെടുത്ത് അതേ മുംബൈയില്‍ പ്രഭാത സവാരിക്കെത്തുന്ന മുകേഷിന്‍റെ അനിയന്‍ അനില്‍ അംബാനി... ബിസിനസെല്ലാം പൊളിഞ്ഞ് പാപ്പരായ അതേ അനില്‍ അംബാനി ആളും ആരവവുമില്ലാതെ പതിയെ തന്‍റെ നല്ല കാലത്തേക്ക് തിരിച്ചുവരികയാണോ.. പുറത്തുവരുന്ന ചില വാര്‍ത്തകള്‍ അക്കാര്യം ശരിവയ്ക്കുന്നതാണ്.  ഓഹരി വിപണിയില്‍ ഇന്നലെ മിന്നും പ്രകടനം കാഴ്ച വച്ച രണ്ട് കമ്പനികള്‍ അനില്‍ അംബാനിയുടേതാണ്. റിലയന്‍സ് പവറും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറും. റിലയന്‍സ് പവറിന്‍റെ ഓഹരി അഞ്ച് ശതമാനം നേട്ടമാണ് ഇന്നലെ കൈവരിച്ചത്. റിലയന്‍സ് ഇന്‍ഫ്രയുടെ ഓഹരി 20 ശതമാനം ഉയര്‍ന്ന് 283.73 രൂപയിലുമെത്തി. റിലയന്‍സ് പവര്‍ പൂര്‍ണമായും കട രഹിത കമ്പനിയായി മാറിയതും റിലയന്‍സ് ഇന്‍ഫ്ര 3831 കോടി രൂപയുടെ വായ്പ തിരിച്ചടച്ചതും ആണ് രണ്ട് കമ്പനികളുടേയും ഓഹരികള്‍ക്ക് ഗുണകരമായത്.

3872.04 കോടി രൂപയുടെ കുടിശ്ശിക വായ്പ അടച്ചതായി റിലയന്‍സ് പവര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ഈ വാര്‍ത്തയെത്തുടര്‍ന്ന്, റിലയന്‍സ് പവര്‍ ഓഹരി  5 ശതമാനം ഉയര്‍ന്ന്  32.97 രൂപയിലെത്തി. റിലയന്‍സ് പവര്‍ സ്വകാര്യ മേഖലയിലെ വൈദ്യുതി ഉല്‍പ്പാദന രംഗത്ത് രാജ്യത്തെ മുന്‍നിര കമ്പനികളിലൊന്നാണ്. കല്‍ക്കരി, വാതകം, ജലവൈദ്യുതി, പുനരുപയോഗ ഊര്‍ജ അധിഷ്ഠിത പദ്ധതികള്‍ വഴി 5300 മെഗാവാട്ട് വൈദ്യുതിയാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്.

Latest Videos

റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്‍റെ മൊത്തം കടം 3831 കോടി രൂപയില്‍ നിന്ന് 475 കോടി രൂപയായി കുറഞ്ഞതായി കമ്പനി അറിയിച്ചു. എല്‍ഐസി, എഡല്‍വീസ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവയുള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കാനുള്ള വായ്പകളും റിലയന്‍സ് ഇന്‍ഫ്ര അടച്ചിട്ടുണ്ട്. കമ്പനിയുടെ കുടിശ്ശികയായ 600 കോടി രൂപയ്ക്ക് പകരമായി എല്‍ഐസിക്ക് നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ (എന്‍സിഡി) നല്‍കിയിട്ടുണ്ട്. ഇനി എല്‍ഐസിയ്ക്ക് കമ്പനി കുടിശ്ശികയൊന്നും നല്‍കാനില്ല. 235 കോടി രൂപയുടെ കുടിശ്ശികയ്ക്ക് പകരമായി കമ്പനി എഡല്‍വീസിനും എന്‍സിഡിനല്‍കിയിട്ടുണ്ട്. കമ്പനിയുടെ വിദേശ കടബാധ്യത 475 കോടി രൂപയായി കുറഞ്ഞതും അനുകൂല ഘടകമാണ്. 

click me!