മൂന്ന് വർഷത്തിലേറെയായി അമുൽ ഉൽപ്പാദിപ്പിക്കാത്ത ഉത്പന്നം ഇപ്പോഴും അമുലിന്റെ പേരിൽ വിപണിയിൽ വിറ്റുപോകുന്നുണ്ടെന്ന് കമ്പനി ആരോപിക്കുന്നു.
തങ്ങളുടെ ബ്രാൻഡിന്റെ പേരിൽ പുറത്തിറക്കുന്ന വ്യാജ നെയ്യിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ ഡയറി ബ്രാൻഡായ അമുൽ. മൂന്ന് വർഷത്തിലേറെയായി അമുൽ ഉൽപ്പാദിപ്പിക്കാത്ത ഉത്പന്നം ഇപ്പോഴും അമുലിന്റെ പേരിൽ വിപണിയിൽ വിറ്റുപോകുന്നുണ്ടെന്ന് കമ്പനി ആരോപിക്കുന്നു.
ഉത്പന്നത്തിൽ ഏതെങ്കിലും തരത്തിലുള്ള മായം ചേർക്കുന്നത് തടയാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഡ്യൂപ്ലിക്കേഷൻ പ്രൂഫ് കാർട്ടൺ പായ്ക്കിലേക്ക് അമുൽ മാറിയിട്ടുണ്ട്. ഉയർന്ന നിലവാരം ഉറപ്പാക്കാൻ അമുലിൻ്റെ ഐഎസ്ഒ സർട്ടിഫൈഡ് ഡയറികളിൽ നൂതന അസെപ്റ്റിക് ഫില്ലിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ പാക്കേജിംഗ് നടത്തുന്നതെന്ന് കമ്പനി വ്യക്തമാക്കി. തങ്ങളുടെ ഉത്പന്നം വാങ്ങുന്നവർ ആധികാരികത ഉറപ്പുവരുത്തണം എന്നും ജാഗ്രത പാലിക്കണം എന്നും കമ്പനി ഉപഭോക്താക്കളോട് പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും സംശയങ്ങൾ, ആശങ്കകൾ ഉണ്ടെങ്കിൽ അമുലിൻ്റെ ടോൾ ഫ്രീ നമ്പറായ 1800 258 3333 എന്ന നമ്പറിൽ ബന്ധപ്പെടാനും കമ്പനി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) ഒരിക്കലും നെയ്യ് നൽകിയിട്ടില്ലെന്ന് കഴിഞ്ഞ മാസം അമുൽ വ്യക്തമാക്കിയിരുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് നെയ്യ് എത്തിച്ച് നൽകുന്നത് അമുൽ ആണെന്നുള്ള ചില സോഷ്യൽ മീഡിയ പോസ്റ്റുകളെ പരാമർശിച്ചാണ് അമുൽ പ്രതികരിച്ചത്.
സോഷ്യൽ മീഡിയ പ്ലാറ്റഫോമായ എക്സിലാണ് അമുൽ ഇതിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് ഐഎസ്ഒ സർട്ടിഫൈഡ് കമ്പനികളിൽ അത്യാധുനിക ഉൽപ്പാദന കേന്ദ്രങ്ങളിൽ ഗുണമേന്മയുള്ള പാലിൽ നിന്നാണ് അമുൽ നെയ്യ് നിർമ്മിക്കുന്നതെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു .
ഉയർന്ന ഗുണമേന്മയുള്ള ശുദ്ധമായ പാൽ കൊഴുപ്പിൽ നിന്നാണ് അമുൽ നെയ്യ് നിർമ്മിക്കുന്നത്. എഫ്എസ്എസ്എഐ മാർഗ്ഗനിര്ദേശപ്രകാരമുള്ള എല്ലാ ഗുണനിലവാര പരിശോധനകളിലൂടെയും കടന്നുപോകുന്നതാണ് അമുലിന്റെ ഉത്പന്നങ്ങൾ. അമുലിനെതിരായ തെറ്റായ പ്രചാരണം അവസാനിപ്പിക്കാനാണ് ഈ പോസ്റ്റ് എന്നും അമുൽ വ്യക്തമാക്കി