ഇന്ത്യയിലെ മറ്റ് എഫ്എംസിജി ബ്രാൻഡുകളും കൂടുതൽ ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടാനിയ, നെസ്‌ലെ, ഐടിസി എന്നിവ പുതിയ പദ്ധതികളുമായി മുന്നോട്ട്.
ദില്ലി: സമ്പൂർണ ഭക്ഷണ പാനീയ കമ്പനിയാകാൻ അമുൽ. ഇന്ത്യയിലെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ ആണ് അമുൽ എന്ന പേരിൽ പാലും പാലുത്പന്നങ്ങളും വിപണിയിലെത്തിക്കുന്നത്. പാൽ ഇതര ഉൽപന്നങ്ങളുടെ പട്ടിക വിപുലീകരിക്കുകയാണെന്ന് അമുലിന്റെ പുതിയ മാനേജിംഗ് ഡയറക്ടർ (എംഡി) ജയൻ മേത്ത പറഞ്ഞു. നെസ്‌ലെ, ബ്രിട്ടാനിയ, കൊക്കകോള, ഐടിസി എന്നിവയുമായി മത്സരിക്കാൻ കൂടുതൽ ഉത്പന്നങ്ങൾ പുറത്തിറക്കുമെന്ന് ജയൻ മേത്ത പറഞ്ഞു.
പാൽ വിപണി ഞങ്ങളുടെ ഏറ്റവും ശക്തമായ മേഖല തന്നെയാണെങ്കിലും വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ഉത്പന്നങ്ങളിലേക്ക് ശ്രദ്ധ നൽകേണ്ടിയിരിക്കുന്നു. എല്ലാ ഭക്ഷണ പാനീയ ഉത്പന്നങ്ങളും നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ജയൻ മേത്ത പറഞ്ഞു.
undefined
ALSO READ: ഗൗതം അദാനിയുടെ മരുമകൾ ചില്ലറക്കാരിയല്ല; ആരാണ് പരിധി ഷ്രോഫ്
ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ ഉടമസ്ഥതയിലുള്ള 61,000 കോടി രൂപയുടെ ബ്രാൻഡാണ് അമുൽ. വളരെ വേഗം തന്നെ കമ്പനി മാറ്റ് ഉത്പന്നങ്ങൾ പുറത്തിറക്കും. പാൽ ഇതര പാനീയങ്ങൾ, ലഘുഭക്ഷണങ്ങൾ, പയർവർഗ്ഗങ്ങൾ, കുക്കികൾ, ഭക്ഷ്യ എണ്ണ, ഓർഗാനിക് ഭക്ഷണങ്ങൾ, ശീതീകരിച്ച ഭക്ഷണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രീമിയം ഐസ് ക്രീമുകൾക്കായി "ഐസ് ലോഞ്ച്" പാർലറുകളും അമുൽ സ്ഥാപിക്കുന്നുണ്ട്.
അടുത്തിടെ, ഇന്ത്യയിലെ മറ്റ് എഫ്എംസിജി ബ്രാൻഡുകളും കൂടുതൽ ഉൽപ്പന്നങ്ങളും വിഭാഗങ്ങളും നിർമ്മിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. കഴിഞ്ഞ നവംബറിൽ, ഫ്രഞ്ച് ചീസ് നിർമ്മാതാക്കളായ ബെൽ എസ്എയുമായി ബ്രിട്ടാനിയ സംയുക്ത സംരംഭം പ്രഖ്യാപിച്ചിരുന്നു. നെസ്‌ലെയും ഐടിസിയും ഉൽപ്പാദനത്തിലും നൂതനത്വത്തിലും വളർച്ച കൈവരിക്കാനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
ക്ഷീരമേഖലയിലെ ഉയർന്ന പണപ്പെരുപ്പത്തെക്കുറിച്ചും കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായ വിലവർദ്ധനകളെക്കുറിച്ചും മേത്ത സംസാരിച്ചു.