അമേരിക്കയുടെ ഗതികേടോ? വില കൂടിയതോടെ യുഎസിലേക്ക് മുട്ടകള്‍ കള്ളക്കടത്ത് നടത്തുന്നു

അമേരിക്കയില്‍ മുട്ടവില കുതിച്ചുയര്‍ന്നതോടെയാണ് മുട്ടക്കടത്ത് കൂടിയത്. പന്ത്രണ്ട് മുട്ടകള്‍ക്ക് 5.9 ഡോളര്‍ വരെയായാണ് അമേരിക്കയില്‍ വില കൂടിയത്.

Americans are smuggling eggs from mexico

തിര്‍ത്തികടന്നുള്ള ആയുധക്കടത്തും സ്വര്‍ണ്ണക്കടത്തുമെല്ലാം വാര്‍ത്തകളിലിടം പിടിക്കാറുണ്ട്. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള ഒരു കള്ളക്കടത്തിന്‍റെ വാര്‍ത്ത ഒരേ സമയം കൗതുകവും ആശങ്കയും സൃഷ്ടിക്കുന്നതാണ്. കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നും അമേരിക്കയിലേക്ക് മുട്ടക്കടത്തുന്നതായാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ മുട്ടവില കുതിച്ചുയര്‍ന്നതോടെയാണ് മുട്ടക്കടത്ത് കൂടിയത്. പന്ത്രണ്ട് മുട്ടകള്‍ക്ക് 5.9 ഡോളര്‍ വരെയായാണ് അമേരിക്കയില്‍ വില കൂടിയത്. അതായത് 500 രൂപയ്ക്ക് മുകളിലാണ് വില. കഴിഞ്ഞ വര്‍ഷം ഇതിന്‍റെ പകുതിയായിരുന്നു വില. ചില നഗരങ്ങളില്‍ മുട്ട ഡസന് 10 ഡോളര്‍ വരെ ഈടാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അമേരിക്കയില്‍ വില കൂടിയതോടെയാണ് അയല്‍ രാജ്യങ്ങളായ മെക്സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നും കുറഞ്ഞവിലയ്ക്കുള്ള മുട്ട അനധികൃതമായി അമേരിക്കയിലേക്ക് കടത്താന്‍ തുടങ്ങിയത്. മെക്സിക്കോയിലെ വില ഒരു ഡസന് ശരാശരി 2 ഡോളറില്‍ താഴെയാണ്.

2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2024 ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ യുഎസിലെ തുറമുഖങ്ങളില്‍  മുട്ടകള്‍ പിടിച്ചെടുക്കുന്നതില്‍ 29% വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അറിയിച്ചു.

Latest Videos


യുഎസില്‍ മുട്ടയുടെ വില കുതിച്ചുയരുന്നത് എന്തുകൊണ്ട്?


പക്ഷിപ്പനി പൊട്ടിപ്പുറപ്പെടുന്നത് വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്.  2015 ല്‍ യുഎസില്‍ അവസാനമായി പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വലിയ കുതിച്ചുചാട്ടമായിരുന്നു മുട്ട വിലയിലുണ്ടായിരിക്കുന്നത്. ചിലര്‍ മുട്ട വന്‍തോതില്‍ വാങ്ങിക്കൂട്ടി കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതായും ആരോപണമുണ്ട്.  വലിയ ഉല്‍പാദകര്‍ വില ഉയര്‍ത്താനോ വിതരണം നിര്‍ത്തലാക്കാനോ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നതുള്‍പ്പെടെ അന്വേഷണങ്ങളും നടക്കുന്നുണ്ട്. ക്ഷാമം പരിഹരിക്കുന്നതിന് മുട്ടകളുടെ ഇറക്കുമതി വര്‍ദ്ധിപ്പിക്കുന്നത് യുഎസ് പരിഗണിക്കുമെന്ന് കൃഷി സെക്രട്ടറി ബ്രൂക്ക് റോളിന്‍സ് പറഞ്ഞു.  തുര്‍ക്കി ഏകദേശം 16,000 ടണ്‍ മുട്ടകള്‍ യുഎസിലേക്ക് കയറ്റി അയയ്ക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. വിലക്കയറ്റം കാരണം അമേരിക്കയില്‍ മുട്ട ഉപഭോഗം കുറയാനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം വാഫിള്‍ ഹൗസ് ഒരു പാത്രത്തിലെ ഓരോ മുട്ടയ്ക്കും 50 സെന്‍റ് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

click me!