അംബാനി കുടുംബത്തിൻ്റെ സമ്പത്ത് ഇന്ത്യയുടെ ജിഡിപിയുടെ 10 ശതമാനത്തോളം; ഹുറൂൺ റിപ്പോർട്ട്

By Web Team  |  First Published Aug 9, 2024, 5:44 PM IST

റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ മുഴുവൻ കുടുംബത്തിന്റെയും ആസ്തിയുടെ ആകെ മൂല്യം 25,75,100 കോടി രൂപയാണ്.


ന്ത്യയുടെ ആകെ ജിഡിപിയുടെ പത്തിലൊന്ന് മൂല്യം വരുന്ന ആസ്തി ഒരു കുടുംബത്തിന് സ്വന്തം. സംശയിക്കാനൊന്നുമില്ല, സമ്പത്തിന്റെ കൊടുമുടിയിൽ  നിൽക്കുന്ന ഈ കുടുംബം അംബാനിയുടേത് തന്നെ. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ മുഴുവൻ കുടുംബത്തിന്റെയും ആസ്തിയുടെ ആകെ മൂല്യം 25,75,100 കോടി രൂപയാണ്. ഈ തുക രാജ്യത്തിന്റെ ജിഡിപിയുടെ ഏകദേശം പത്തിലൊന്നിന് തുല്യമാണ്. ഹുറൂൺ ഇന്ത്യ തയാറാക്കിയ ഏറ്റവും മൂല്യമുള്ള കുടുംബ ബിസിനസുകളുടെ പട്ടികയിൽ ആണ് ഈ വിവരങ്ങളുള്ളത്.  

നീരജ് ബജാജിന്റെ കുടുംബമാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 7,12,700 കോടി രൂപയാണ് ബജാജ് കുടുംബത്തിന്റെ ആകെ ആസ്തി. മൂന്നാം സ്ഥാനത്ത് കുമാർ മംഗലം ബിർളയുടെ കുടുംബമാണ്, കുടുംബത്തിന്റെ ആകെ ആസ്തിയുടെ മൂല്യം 5,38,500 കോടി രൂപയാണ്. ഈ  മൂന്ന് കുടുംബങ്ങളുടെ ആകെ സമ്പത്ത് സിംഗപ്പൂരിന്റെ ജിഡിപിക്ക് തുല്യമാണ് . നാലാം സ്ഥാനത്ത് സാജൻ ജിൻഡാലിന്റെ നേതൃത്വത്തിലുള്ള ജിൻഡാൽ കുടുംബമാണ്. 471,200 കോടി രൂപയാണ് ആകെ ആസ്തി മൂല്യം. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കുടുംബ ബിസിനസുകളുടെ മൊത്തം ആസ്തി 6,009,100 കോടി രൂപയാണ്.

Latest Videos

ഒന്നാം തലമുറ ബിസിനസ്സ് കുടുംബങ്ങൾ പട്ടികയിൽ  ഉൾപ്പെട്ടിട്ടില്ല. ഇതുകൊണ്ട് തന്നെ രാജ്യത്തെ രണ്ടാമത്തെ ധനികനായ വ്യവസായി ഗൗതം അദാനിയുടെ പേര് ഈ പട്ടികയിലില്ല.  ഗൗതം അദാനി സ്ഥാപിച്ച അദാനി ഗ്രൂപ്പ് 15.44 ലക്ഷം കോടി രൂപ മൂല്യമുള്ള ഏറ്റവും മൂല്യവത്തായ ഒന്നാം തലമുറ കുടുംബ ബിസിനസ്സാണ്. ഈ പട്ടികയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള പൂനാവാല കുടുംബമാണ് 2.37 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി രണ്ടാം സ്ഥാനത്ത്. 91,200 കോടി രൂപ മൂല്യമുള്ള മറ്റൊരു ഫാർമ കമ്പനിയായ ദിവി കുടുംബമാണ് പട്ടികയിൽ മൂന്നാമത്.

click me!