ഇൻസ്‌റ്റാമാർട്ടിനെ ചോദിച്ച് ആമസോൺ; 'ഇൻസ്‌റ്റന്റായി' വിൽക്കാൻ തയ്യാറാകുമോ സ്വിഗ്ഗി

By Web Team  |  First Published Jul 22, 2024, 3:07 PM IST

ഇൻസ്‌റ്റാമാർട്ടിനെ ഏറ്റെടുക്കുന്നതിനുള്ള താൽപ്പര്യം പ്രകടിപ്പിച്ച് ആഗോള ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ.


ൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ ഉടമസ്ഥതയിലുള്ള ക്വിക്ക് കൊമേഴ്‌സ് സംരംഭമായ ഇൻസ്‌റ്റാമാർട്ടിനെ ഏറ്റെടുക്കുന്നതിനുള്ള താൽപ്പര്യം പ്രകടിപ്പിച്ച് ആഗോള ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ. കഴിഞ്ഞ വർഷം സ്വിഗ്ഗിയുമായി സമാനമായ ഇടപാടിന് ഇ-കൊമേഴ്‌സ് കമ്പനിയായ  ഫ്ലിപ്പ്കാർട്ട് ശ്രമിച്ചിരുന്നുവെങ്കിലും മൂല്യനിർണ്ണയത്തിലെ തർക്കം കാരണം ചർച്ചകൾ പരാജയപ്പെടുകയായിരുന്നു.  ഇന്ത്യയിൽ ക്വിക്ക് കൊമേഴ്‌സ് സംരംഭം തുടങ്ങുന്നതിന് ശ്രമിച്ചുവരുന്ന ആമസോണിന് പുതിയ കമ്പനി തുടങ്ങുന്നതിനുള്ള നിയമ നടപടികളുടെ സങ്കീർണത പരിഗണിച്ചാണ് ഇൻസ്‌റ്റാമാർട്ടിനെ ഏറ്റെടുക്കുന്നതിനുള്ള ശ്രമം നടത്തുന്നത്.

ഓർഡർ ചെയ്ത് 10-30 മിനിറ്റിനുള്ളിൽ ചരക്കുകളും സേവനങ്ങളും വിതരണം ചെയ്യുന്ന ഒരു ബിസിനസ്സ് മോഡലാണ് ക്വിക്ക് കൊമേഴ്‌സ് . പലചരക്ക് സാധനങ്ങൾ, സ്റ്റേഷനറികൾ, വ്യക്തിഗത ശുചിത്വ ഉൽപ്പന്നങ്ങൾ, തുടങ്ങി ചെറിയ അളവിലുള്ള  സാധനങ്ങളുടെ വിതരണമാണ്  ക്വിക്ക് കൊമേഴ്‌സ് കമ്പനികൾ നിർവഹിക്കുന്നത്.

Latest Videos

നിലവിലെ സാഹചര്യത്തിൽ സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ട് വിൽക്കാൻ സാധ്യതയില്ലെന്നാണ് സൂചന. കമ്പനിയുടെ കുറച്ച് ഓഹരികൾ മാത്രമായി  ആമസോൺ വാങ്ങാനും സാധ്യതയില്ല.  സാധാരണയായി ഒരു കമ്പനിയുടെ ന്യൂനപക്ഷ ഓഹരികൾ ആമസോൺ  ഏറ്റെടുക്കാറില്ല. നിലവിലെ രൂപത്തിലുള്ള ഇടപാടിന്റെ  സങ്കീർണ്ണമായ ഘടന കണക്കിലെടുത്ത് ഉടനെ ഈ ഇടപാടിൽ ഒരു അന്തിമ തീരുമാനം ഉണ്ടായേക്കില്ല.
 
ഈ വർഷം ഐപിഒ നടത്തുന്നതിനുള്ള ശ്രമത്തിലാണ് സ്വിഗ്ഗി.  ഓഹരി വില്‍പനയിലൂടെ 10,400 കോടി രൂപ സമാഹരിക്കാനാണ്  സ്വിഗ്ഗിയുടെ ശ്രമം.  സ്വിഗ്ഗിയുടെ  സഹസ്ഥാപകരായ ശ്രീഹർഷ മജെറ്റി, നന്ദൻ റെഡ്ഡി, രാഹുൽ ജയ്മിനി എന്നിവർക്ക് യഥാക്രമം 4%, 1.6%, 1.2% ഓഹരികൾ സ്വിഗ്ഗിയിൽ ഉണ്ട്. 33% ഓഹരിയുള്ള ഡച്ച്-ലിസ്റ്റഡ് കമ്പനിയായ പ്രോസസാണ് സ്വിഗ്ഗിയുടെ മുൻനിര നിക്ഷേപകർ. സോഫ്റ്റ്ബാങ്ക്, ഇ.ടി. ടെൻസെന്റ്, ആക്‌സൽ, എലിവേഷൻ ക്യാപിറ്റൽ, എന്നിവയാണ് മറ്റ് ഓഹരി ഉടമകൾ. 2023 മാർച്ചിൽ അവസാനിച്ച   സാമ്പത്തിക വർഷത്തിൽ സ്വിഗ്ഗിയുടെ പ്രവർത്തന വരുമാനം 8,265 കോടി രൂപയായിരുന്നു .

click me!