ലോക സമ്പന്നരിൽ മൂന്നാമൻ ജെഫ് ബെസോസ് വീണ്ടും ആഡംബര വീട് സ്വന്തമാക്കി. ലോറൻ സാഞ്ചസുമായുള്ള വിവാഹനിശ്ചയത്തിനു ശേഷം ബെസോസ് നടത്തുന്ന രണ്ടാമത്തെ പ്രോപ്പർട്ടി നിക്ഷേപമാണിത്.
ആമസോൺ എന്ന ഇ-കൊമേഴ്സ് ഭീമന്റെ സ്ഥാപകനാണ് ജെഫ് ബെസോസ്. ദീർഘകാലം ലോകത്തെ അതിസമ്പന്നരുടെ നിരയിൽ ഒന്നാമനായിരുന്നു ബെസോസ്. ഇപ്പോൾ ഹുറൂൺ പട്ടിക പ്രകാരം, ലോക സമ്പന്നരിൽ മൂന്നാം സ്ഥാനത്തുള്ള അദ്ദേഹത്തിന്റെ ആസ്തി 114 ബില്യൺ ഡോളറാണ്, അതായത്, പത്ത് ലക്ഷം കോടി രൂപയിലേറെ. ഇപ്പോൾ 659 കോടി രൂപ വിലമതിക്കുന്ന ആഡംബര മാൻഷൻ വാങ്ങിയിരിക്കുകയാണ് ജെഫ് ബെസോസ് .
യുഎസ്എയിലെ ഫ്ലോറിഡയിലെ ബില്യണയർ ബങ്കറിൽ 79 മില്യൺ ഡോളർ വിലമതിക്കുന്ന പുതിയ മാൻഷന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ദീർഘകാലത്തെ ദാമ്പ്യാത്യത്തിന് ശേഷം പങ്കാളിയായ മക്കെൻസി സ്കോട്ടുമായി ബെസോസ് വിവാഹമോചനം നേടിയിരുന്നു. ശേഷം പത്രപ്രവർത്തകയും അവതാരകയുമായ ലോറൻ സാഞ്ചസുമായി അടുത്തിടെ വിവാഹനിശ്ചയം കഴിഞ്ഞു. ലോറൻ സാഞ്ചസുമായുള്ള വിവാഹനിശ്ചയത്തിനു ശേഷം ബെസോസ് നടത്തുന്ന രണ്ടാമത്തെ പ്രോപ്പർട്ടി നിക്ഷേപമാണിത്.
കോടീശ്വരന്മാരുടെ സങ്കേതമായ ഇന്ത്യൻ ക്രീക്ക് ദ്വീപ് എന്ന് വിളിക്കപ്പെടുന്ന, ഒറ്റപ്പെട്ട ദ്വീപിലാണ് അതിഗംഭീരമായ മാളിക ഈ സ്ഥിതി ചെയ്യുന്നത്. മൂന്ന് കിടപ്പുമുറികളുള്ള വീട്ടിൽ ഒരു ലൈബ്രറി, ഒരു വൈൻ നിലവറ ഒപ്പം മുൻവശത്ത് ഒരു ആഡംബര വാട്ടർ ഫൗണ്ടൻ എന്നിവയുണ്ട്. ഉയർന്ന സുരക്ഷാ വാതിലുകളാണ് വീടിനുള്ളത് എന്നതും ശ്രദ്ധേയമാണ്.
2023 ലെ ഹുറൂൺ സമ്പന്ന പട്ടിക പ്രകാരം ജെഫ് ബെസോസിന്റെ മൊത്തം ആസ്തി 114 ബില്യൺ ഡോളറാണ്. ബെർണാഡ് അർനോൾട്ടിനും എലോൺ മസ്‌കിനും ശേഷം ലോകത്തിലെ ഏറ്റവും ധനികനായ മൂന്നാമത്തെ വ്യക്തിയാണ്.
ALSO READ: നാടുവിട്ട് യുകെയിലേക്കാണോ? കൈ പൊള്ളുമെന്നുറപ്പ്; വിസ നിരക്കുകള്‍ കുത്തനെ കൂട്ടി
ആമസോണിന്റെ സിഇഒ സ്ഥാനത്ത് നിന്ന് 2021 ലാണ് ബെസോസ് ഒഴിഞ്ഞത്. ഇപ്പോഴും കമ്പനിയിൽ പത്ത് ശതമാനം ഓഹരി ബെസോസിനുണ്ട്. ആഗോള തലത്തിൽ കേൾവികേട്ട മാധ്യമസ്ഥാപനം വാഷിങ്ടൺ പോസ്റ്റും സ്പേസ് ടൂറിസം കമ്പനിയായ ബ്ലൂ ഒറിജിനും ഇദ്ദേഹത്തിന്റേതാണ്. ബ്ലൂ ഒറിജിന്‍ വാണിജ്യ ബഹിരാകാശ നിലയം ആരംഭിക്കുന്നതായി നേരത്തെ ബെസോസ് പ്രഖ്യാപിച്ചിരുന്നു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 'ഓര്‍ബിറ്റല്‍ റീഫ്' എന്ന് പേരിട്ടിരിക്കുന്ന സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് അധികൃതര്‍ പദ്ധതിയേക്കുറിച്ച് നേരത്തെ പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം