പരിസ്ഥിതി സൗഹൃദവും സുഖപ്രദവുമായ യൂണിഫോമാണ് കമ്പനി ജീവനക്കാർക്കായി നൽകിയത്
രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ, ജീവനക്കാർക്കുള്ള യൂണിഫോം പുറത്തിറക്കി. ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ആകാശ എയർ. 72 ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾ വാങ്ങാൻ കമ്പനി ഓർഡർ നൽകിയിട്ടുണ്ട്. ഇതിൽ ആദ്യ വിമാനം ലഭിച്ചു കഴിഞ്ഞു.
ജീവനക്കാർക്കായി പരിസ്ഥിതി സൗഹൃദ യൂണിഫോം ആണ് എയർലൈൻ നൽകിയിരിക്കുന്നത്. ട്രൗസറുകൾ, ജാക്കറ്റുകൾ, ഭാരം കുറഞ്ഞ ഷൂസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്ലാസ്റ്റിക് ഉപയോഗിക്കാതെ റീസൈക്കിൾ ചെയ്ത റബ്ബർ ഉപയോഗിച്ചാണ് ഷൂ സോൾ നിർമ്മിച്ചിരിക്കുന്നത്. കൂടാതെ റീസൈക്കിൾ ചെയ്ത പോളിസ്റ്റർ ഫാബ്രിക് ഉപയോഗിച്ച് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ തുണിത്തരങ്ങളാണ് യൂണിഫോമിനായി ഉപയോഗിച്ചിരിക്കുന്നത്.
ഡൽഹി ആസ്ഥാനമായുള്ള ഫാഷൻ ഡിസൈനർ രാജേഷ് പ്രതാപ് സിംഗാണ് ജാക്കറ്റുകളും ട്രൗസറുകളും ഡിസൈൻ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ബന്ദ്ഗാല ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജാക്കറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.