വിയറ്റ്നാമിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾ കേരളത്തിലേക്ക് എളുപ്പത്തിൽ എത്താൻ ഇതിലൂടെ സാധിക്കും. കേരളത്തിൽ നിന്നടക്കം ഇന്ത്യാക്കാർക്ക് നേരിട്ട് വിയറ്റ്നാമിലേക്കും പറക്കാം
കൊച്ചി: കൊച്ചിയിൽ നിന്ന് ഹോചിമിൻ സിറ്റിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഓഗസ്റ്റ് 12ന് തുടങ്ങുന്നു. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലായി ആഴ്ചയിൽ നാല് സര്‍വീസുകളാണ് ഉണ്ടാവുക. കൊച്ചിയിൽ നിന്ന് വിമാനം ഇന്ത്യൻ സമയം രാത്രി 11.50ന് പുറപ്പെട്ട് വിയറ്റ്നാം സമയം 6.40ന് ഹോചിമിൻ സിറ്റിയിലെത്തും. തിരിച്ച് അവിടെ നിന്ന് വൈകിട്ട് വൈകിട്ട് 7.20ന് പുറപ്പെട്ട് രാത്രി 10.30ന് കൊച്ചിയിലെത്തും. വിനോദസഞ്ചാര മേഖലയിൽ ഇന്ത്യക്കും വിയറ്റ്നാമിനും വിമാന സർവീസ് ഏറെ പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.
വിയറ്റ്നാമിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾ കേരളത്തിലേക്ക് എളുപ്പത്തിൽ എത്താൻ ഇതിലൂടെ സാധിക്കും. കേരളത്തിൽ നിന്നടക്കം ഇന്ത്യാക്കാർക്ക് നേരിട്ട് വിയറ്റ്നാമിലേക്കും പറക്കാം. കൂടാതെ, മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ നിന്ന് ഹാനോയിലേക്കും അഹമ്മദാബാദില്‍ നിന്ന് ഹോചിമിൻ സിറ്റിയിലേക്കും സര്‍വ്വീസുണ്ട്. ഇതിനൊപ്പം ഹോചിമിൻ സിറ്റിയിൽ നിന്ന് ഇന്തോനേഷ്യയിലേക്കും ജക്കാര്‍ത്തയിലേക്കും വിയറ്റ്ജെറ്റ് സര്‍വ്വീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സര്‍വ്വീസ് ഈ മാസം അഞ്ചിന് ആരംഭിക്കും. ആഴ്ചയിൽ ഇന്ത്യയില്‍ നിന്ന് 32 വിമാനങ്ങളാണ് വിയറ്റ്നാമിലേക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്നത്. കൂടാതെ, കുറഞ്ഞ നിരക്കിൽ ഇന്ത്യക്കാര്‍ക്ക് ഹോങ്കോംഗ്, ഓസ്ട്രേലിയ, ബാലി, തായ്‍ലൻഡ‍്, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‍വാൻ, മലേഷ്യ, സിങ്കപ്പുര്‍, കസാഖിസ്ഥാൻ എന്നിവിടങ്ങളിലേക്കും പറക്കാവുന്നതാണ്. ഇന്ത്യക്കാരുടെ അഭിരുചിക്ക് അനുസൃതമായ ഭക്ഷണവും വിമാനത്തിൽ ലഭ്യമാണ്.
അതേസമയം, വിയറ്റ്നാമിലെ നിരക്ക് കുറഞ്ഞ എയർലൈനായ വിയറ്റ്ജെറ്റ് ഒരു ദിവസത്തേക്ക് ടിക്കറ്റ് നിരക്കിൽ 88 ശതമാനം ഡിസ്കൗണ്ട് അനുവദിക്കുന്നുണ്ട്. ഈമാസം എട്ടാം തീയതിയിലെ യാത്രയ്ക്കാണ് ഈ വമ്പൻ ഓഫർ. വിയറ്റ്ജെറ്റിന്റെ എല്ലാ വിമാനങ്ങളിലും മുഴുവൻ റൂട്ടുകളിലും ഈ വേനൽക്കാല ഓഫർ ലഭ്യമാണ്. "സമ്മർ88" എന്ന് കോഡ് ഉപയോഗിച്ച് www.vietjetair.com എന്ന് വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ പുലര്‍ച്ചെ 12നും രാത്രി 11.59നും ഇടയിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം