വിമാന ടിക്കറ്റ് നിരക്കില്‍ 38% വരെ കുറവ്, ദീപാവലിക്ക് യാത്ര പോകാം ഈ സ്ഥലങ്ങളിലേക്ക്

By Web Team  |  First Published Oct 14, 2024, 11:14 AM IST

കഴിഞ്ഞ വര്‍ഷത്തെ ദീപാവലി സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ആവശ്യത്തിന് വിമാന സര്‍വീസുകള്‍ ഉണ്ടായതുകൊണ്ട് തന്നെ ശരാശരി വിമാനനിരക്കുകളില്‍ 20-25% ഇടിവ് ഉണ്ടായിട്ടുണ്ട്.


ദീപാവലി അവധിക്ക് എവിടെയെങ്കിലും യാത്ര പോകാം എന്ന് പ്ലാന്‍ ചെയ്യുന്നവരുണ്ടെങ്കില്‍ അവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. ഇത്തവണത്തെ ദീപാവലി സീസണില്‍ എയര്‍ലൈന്‍ ടിക്കറ്റുകളുടെ ശരാശരി നിരക്ക് ഒരു വര്‍ഷം മുമ്പുള്ള നിരക്കുകളുടെ അപേക്ഷിച്ച് 20-25% കുറഞ്ഞുവെന്ന് ഓണ്‍ലൈന്‍ യാത്ര പോര്‍ട്ടലായ ഇക്സിഗോയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബെംഗളൂരു-കൊല്‍ക്കത്ത റൂട്ടിലാണ് ഏറ്റവും വലിയ നിരക്ക് കുറവ് ഉണ്ടായിരിക്കുന്നത്. 38 ശതമാനമാണ് ഈ റൂട്ടിലെ  വിമാനയാത്രാ ടിക്കറ്റ് നിരക്കുകളില്‍ ഇടിവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ശരാശരി 10,195 രൂപയായിരുന്നു ഈ റൂട്ടിലെ ടിക്കറ്റ് നിരക്കുകള്‍ എങ്കില്‍ ഈ വര്‍ഷം ഇത്  വെറും 6,319 രൂപ മാത്രമാണ്. ചെന്നൈ-കൊല്‍ക്കത്ത റൂട്ടിലെ വിമാനടിക്കറ്റ് നിരക്കുകളും കുത്തനെ കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ നിരക്കായ 8,725ല്‍ നിന്നും 36% ഇടിഞ്ഞ് 5,604 രൂപയാണ് ഇത്തവണത്തെ നിരക്ക്. മുംബൈ-ഡല്‍ഹി ടിക്കറ്റ് നിരക്ക് 8,788 രൂപയില്‍ നിന്ന് 34 ശതമാനം ഇടിഞ്ഞ് 5,762 രൂപയായി. ഡല്‍ഹി-ഉദയ്പൂര്‍ വിമാനടിക്കറ്റ് നിരക്ക് 11,296 രൂപയില്‍ നിന്ന് 7,469 രൂപയായി കുറഞ്ഞു. ഡല്‍ഹി-കൊല്‍ക്കത്ത, ഹൈദരാബാദ്-ഡല്‍ഹി, ഡല്‍ഹി-ശ്രീനഗര്‍ വിമാന ടിക്കറ്റ് നിരക്കുകളില്‍ 32 ശതമാനം ഇടിവ് രേഖപ്പെടുത്തി.

വിമാന ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണം 

Latest Videos

undefined

കഴിഞ്ഞ വര്‍ഷം, വിമാന സീറ്റുകളിലെ എണ്ണത്തിലുണ്ടായ കുറവാണ് ടിക്കറ്റ് നിരക്ക് കൂടാന്‍ കാരണം. പ്രധാനമായും ഗോ ഫസ്റ്റ് എയര്‍ലൈന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതാണ് കഴിഞ്ഞ വര്‍ഷം സീറ്റുകളുടെ എണ്ണത്തിലെ കുറവിന് കാരണം.  കഴിഞ്ഞ വര്‍ഷത്തെ ദീപാവലി സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ആവശ്യത്തിന് വിമാന സര്‍വീസുകള്‍ ഉണ്ടായതുകൊണ്ട് തന്നെ ശരാശരി വിമാനനിരക്കുകളില്‍ 20-25% ഇടിവ് ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം എണ്ണവില 15% ഇടിഞ്ഞതും ടിക്കറ്റ് നിരക്ക് കുറയുന്നതിന് കാരണമായി.

അതേ സമയം ചില റൂട്ടുകളിലെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചിട്ടുണ്ട്. അഹമ്മദാബാദ്-ഡല്‍ഹി റൂട്ടില്‍ വിമാനനിരക്ക് 34% ഉയര്‍ന്ന് 6,533 രൂപയില്‍ നിന്ന് 8,758 രൂപയായും മുംബൈ-ഡെറാഡൂണ്‍ റൂട്ടില്‍ 11,710 രൂപയില്‍ നിന്ന് 15,527 രൂപയായും ഉയര്‍ന്നു.

click me!