കൊവിഡ് ഭീതി ഒഴിഞ്ഞ് വിമാന സർവീസുകൾ ആരംഭിച്ചാലും എയർ ഇന്ത്യ ഈ വ്യോമത്താവളങ്ങളിലേക്ക് സർവീസ് നടത്തില്ല.
ദില്ലി: കൊവിഡ് കാലത്ത് ചെലവ് ചുരുക്കാൻ ലക്ഷ്യമിട്ട് അഞ്ച് യൂറോപ്യൻ സ്റ്റേഷനുകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. കോപ്പൻഹേഗൻ, വിയന്ന, സ്റ്റോക്ഹോം, മാഡ്രിഡ്, മിലൻ എന്നിവിടങ്ങളിലെ പ്രവർത്തനമാണ് നിർത്തുന്നത്.
കൊവിഡ് ഭീതി ഒഴിഞ്ഞ് വിമാന സർവീസുകൾ ആരംഭിച്ചാലും എയർ ഇന്ത്യ ഈ വ്യോമത്താവളങ്ങളിലേക്ക് സർവീസ് നടത്തില്ല. സ്റ്റേഷനുകളിലെ പ്രവർത്തനം അവസാനിപ്പിക്കാനും അന്താരാഷ്ട്ര ബുക്കിങ് ഓഫീസുകൾ അടയ്ക്കാനും നിർദ്ദേശം നൽകി.
ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കൊവിഡിനെ തുടർന്ന് അന്താരാഷ്ട്ര താവളങ്ങളിലെ സ്റ്റേഷനുകൾ നിലനിർത്തുന്നത് വലിയ ബാധ്യതയായി തീർന്നു. ഉടൻ അന്താരാഷ്ട്ര സർവീസുകൾ ആരംഭിച്ചാലും യാത്രക്കാരുടെ എണ്ണത്തിൽ വലിയ മാറ്റമുണ്ടാകില്ല. ഈ സാഹചര്യത്തിലാണ് തീരുമാനം. ആകെ 60 ആഭ്യന്തര-അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കാണ് നിലവിൽ എയർ ഇന്ത്യ സർവീസ് നടത്തുന്നത്.