പൈലറ്റ് ട്രെയിനിംഗ് അക്കാദമിയുമായി എയർ ഇന്ത്യ; 34 പരിശീലന വിമാനങ്ങള്‍ വാങ്ങും

By Web Team  |  First Published Dec 20, 2024, 1:11 PM IST

കേഡറ്റ് പൈലറ്റുമാരെ തങ്ങളുടെ ഫ്ളയിംഗ് ട്രെയിനിംഗ് ഓര്‍ഗനൈസേഷനില്‍ (എഫ്ടിഒ) പരിശീലിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി എയര്‍ ഇന്ത്യ


നൂതന പരിശീലനം നല്‍കി പുതിയ പൈലറ്റുമാരെ വാര്‍ത്തെടുക്കാനൊരുങ്ങി എയര്‍ ഇന്ത്യ. കേഡറ്റ് പൈലറ്റുമാരെ തങ്ങളുടെ ഫ്ളയിംഗ് ട്രെയിനിംഗ് ഓര്‍ഗനൈസേഷനില്‍ (എഫ്ടിഒ) പരിശീലിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി എയര്‍ ഇന്ത്യ  അറിയിച്ചു. ഇതിനായി 34 പരിശീലന വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. അടുത്ത വര്‍ഷം രണ്ടാം പകുതിയോടെ എഫ്ടിഒ തയ്യാറാകും. അമേരിക്കയുടെ പൈപ്പര്‍ എയര്‍ക്രാഫ്റ്റില്‍ നിന്നുള്ള 31 സിംഗിള്‍ എഞ്ചിന്‍ വിമാനങ്ങളും ഓസ്ട്രിയയുടെ ഡയമണ്ട് എയര്‍ക്രാഫ്റ്റില്‍ നിന്നുള്ള 3 ഇരട്ട എഞ്ചിന്‍ വിമാനങ്ങളും ആണ് പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതിന് എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

പുതിയ പൈലറ്റുമാര്‍ക്ക് ആധുനിക പരിശീലനം ഉറപ്പാക്കുന്ന ഗ്ലാസ് കോക്ക്പിറ്റ്, ജി1000 ഏവിയോണിക്സ് സിസ്റ്റം, ജെറ്റ് എ1 എഞ്ചിന്‍ എന്നിവയടങ്ങിയതാണ് ഈ പരിശീലന വിമാനങ്ങള്‍. മഹാരാഷ്ട്രയിലെ അമരാവതിയിലെ ബെലോറ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എഫ്ടിഒ പ്രതിവര്‍ഷം 180 പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കി പുറത്തിറക്കാന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുന്നത്. ഡിജിറ്റലായി പ്രവര്‍ത്തനക്ഷമമാക്കിയ ക്ലാസ് മുറികള്‍, ഡിജിറ്റലൈസ്ഡ് ഓപ്പറേഷന്‍ സെന്‍റര്‍, ഓണ്‍-സൈറ്റ് മെയിന്‍റനന്‍സ് സൗകര്യങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവയുള്‍പ്പെടെ വിപുലമായ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പരിശീലന കേന്ദ്രം. ആഗോള നിലവാരം പുലര്‍ത്തുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന കേന്ദ്രം സുരക്ഷയിലും പ്രവര്‍ത്തനക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഉയര്‍ന്ന നിലവാരമുള്ള പരിശീലനം നല്‍കും.

Latest Videos

പരിശീലന വിമാനങ്ങള്‍ ഭാരം കുറഞ്ഞതും ലളിതവുമാണ്. പുതിയ പൈലറ്റുമാര്‍ വിമാനം നിയന്ത്രിക്കാന്‍ പഠിക്കുന്നത് ഇത്തരം വിമാനങ്ങളിലൂടെയാണ്. പരിശീലന അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ ചുവടുവയ്പാണ് എഫ്ടിഒയെന്ന് എയര്‍ ഇന്ത്യ ഏവിയേഷന്‍ അക്കാദമി ഡയറക്ടര്‍ സുനില്‍ ഭാസ്കരന്‍ പറഞ്ഞു. എയര്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ വ്യോമയാന വ്യവസായത്തിനും യോഗ്യരായ പൈലറ്റുമാരെ സൃഷ്ടിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  ടാറ്റ ഏറ്റെടുത്ത ശേഷം എയര്‍ ഇന്ത്യ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ശ്രമങ്ങളിലാണ്. അടുത്തിടെ 100 പുതിയ വിമാനങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്തിരുന്നു.

click me!