അഡിഡാസും ബോയിങും വരെ ധാരണപത്രത്തിൽ ഒപ്പിടാൻ റെഡി! സംസ്ഥാനത്തിന് നിർണായക ദിനമെന്ന് വ്യവസായ മന്ത്രി ടിആർബി രാജ

By Web Team  |  First Published Jan 8, 2024, 12:07 AM IST

ആദ്യ ദിനം തന്നെ വമ്പൻ നിക്ഷേപങ്ങളാണ് തമിഴ് നാട് ആഗോള നിക്ഷേപ സംഗമത്തിൽ ഉണ്ടായിരിക്കുന്നത്. 5.5 ലക്ഷം കോടിയുടെ 100 ധാരണാപത്രങ്ങളാണ് ഇതുവരെ ഒപ്പിട്ടത്


ചെന്നൈ: തമിഴ് നാട് സർക്കാരിന്‍റെ ആഗോള നിക്ഷേപ സംഗമത്തിൽ ഇന്ന് നിർണായക ദിനമെന്ന് വ്യവസായ മന്ത്രി ടി ആർ ബി രാജ. ആദ്യ ദിനത്തിൽ തന്നെ ബമ്പർ ഹിറ്റായ നിക്ഷേപ സംഗമത്തിൽ ഇന്ന് ആഗോള തലത്തിലെ വമ്പൻമാർ ധാരണാപത്രത്തിൽ ഒപ്പിടുമെന്ന പ്രതീക്ഷയാണ് തമിഴ് നാട് വ്യവസായ മന്ത്രി പങ്കുവച്ചത്. ലോകോത്തര ബ്രാൻ‍ഡുകളായ അഡിഡാസ്, ബോയിങ് തുടങ്ങിയവർ തമിഴകത്ത് വമ്പൻ നിക്ഷേപത്തിനുള്ള ധാരണാപത്രം ഇന്ന് ഒപ്പിടുമെന്നും അദ്ദേഹം വിവരിച്ചു.

ഞെട്ടിച്ച് അംബാനി, ഒറ്റയടിക്ക് അറുപതിനായിരം കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു; ബമ്പർ ഹിറ്റായി ആഗോള നിക്ഷേപ സംഗമം

Latest Videos

undefined

അതേസമയം ആദ്യ ദിനം തന്നെ വമ്പൻ നിക്ഷേപങ്ങളാണ് തമിഴ് നാട് ആഗോള നിക്ഷേപ സംഗമത്തിൽ ഉണ്ടായിരിക്കുന്നത്. 5.5 ലക്ഷം കോടിയുടെ 100 ധാരണാപത്രങ്ങളാണ് ഇതുവരെ ഒപ്പിട്ടതെന്ന് വ്യവസായ മന്ത്രി ടി ആർ ബി രാജ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാ സർക്കാർ പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് ആഗോള നിക്ഷേപ സംഗമത്തിൽ ഉണ്ടാകുന്നതെന്നും ആദ്യ ദിനം തന്നെ ലക്ഷ്യം മറികടക്കാനായെന്നുമാണ് വ്യവസായമന്ത്രി ടി ആർ ബി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

അറുപതിനായിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച മുകേഷ് അംബാനിയാണ് ആദ്യ ദിനത്തിലെ താരമായത്. റിലയൻസ് റിട്ടെയിൽ 25000 കോടിയുടെ നിക്ഷേപവും ജിയോ 35000 കോടിയുടെ നിക്ഷേപവും നടത്തുമെന്നാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. തമിഴ് നാട് ഉടൻ തന്നെ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായുള്ള സംസ്ഥാനമായി മാറുമെന്നുമാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ ഐ എൽ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഗ്ലോബൽ ഇൻവെസ്‌റ്റേഴ്‌സ് മീറ്റിൽ പറഞ്ഞത്. റിലയൻസ് ഗ്രൂപ്പ് ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് നടത്തിയ നിക്ഷേപങ്ങളെ കുറിച്ച് അംബാനി എടുത്തുപറഞ്ഞു. രാജ്യത്തെ ഏറ്റവും ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌ നാടെന്നും സംസ്ഥാന സർക്കാരിൽ ആത്മവിശ്വാസം മികച്ചതാണെന്നും അംബാനി ചൂണ്ടികാട്ടി.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന ആഗോള നിക്ഷേപ സംഗമം മുഖ്യമന്ത്രി സ്റ്റാലിനും കേന്ദ്രമന്ത്രി പിയൂഷ്‌ ഗോയലും ചേർന്ന് ഞായറാഴ്ച രാവിലെയാണ് ഉദ്ഘാടനം ചെയ്തത്. 50 രാജ്യങ്ങളില്‍ നിന്നുള്ള 450 അന്താരാഷ്ട്ര പ്രതിനിധികൾ അടക്കം 30,000 പേരാണ് നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുന്നത്. കമ്പനികളുടെ നിക്ഷേപം കൂടുന്നതോടെ തൊഴിലവസരവും കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!