ആറ് മിനിട്ടിനുള്ളില്‍ റുബിക്സ് ക്യൂബുകള്‍ കൊണ്ട് യൂസഫലിയുടെ ചിത്രം തീര്‍ത്തു. ലുലു മാളിലെ പ്രകടനത്തിനിടെയായിരുന്നു അഫാന്‍റെ ഈ വേറിട്ട പിറന്നാള്‍ സമ്മാനം
തിരുവനന്തപുരം: കണ്ണുകെട്ടി റുബിക്സ് ക്യൂബിലെ കട്ടകള്‍ ക്രമപ്പെടുത്തി ചടുലവേഗത്തില്‍ യൂസഫലിയുടെ ചിത്രം തീര്‍ത്തു. ഒപ്പം ക്യൂബുകളില്‍ അക്ഷരങ്ങള്‍ വിതറി ഹാപ്പി ബര്‍ത്ത് ഡേ ടവറും ഒരുക്കി. ലുലു മാളിലെ റുബിക്സ് ക്യൂബ് പ്രകടനത്തിനിടെയാണ് ഗിന്നസ് റെക്കോര്‍ഡുകാരന്‍ അഫാന്‍ കുട്ടി എം.എ യൂസഫലിയ്ക്ക് ഈ അപ്രതീക്ഷിത പിറന്നാള്‍ സമ്മാനമൊരുക്കിയത്.
റുബിക്സ് ക്യൂബില്‍ അദ്ഭുതം തീര്‍ത്ത് ശ്രദ്ധേയനായ അഫാന്‍ ലുലു മാളിലെ ശിശുദിനാഘോഷങ്ങളുടെ ഭാഗമായാണ് പ്രകടനം കാഴ്ചവെയ്ക്കാനെത്തിയത്. കണ്ണുകള്‍ കെട്ടി ക്യൂബുകളില്‍ അക്ഷരങ്ങള്‍ ക്രമപ്പെടുത്തി കാഴ്ചക്കാരെ ഒരിക്കല്‍ കൂടി വിസ്മയിപ്പിച്ച അഫാന്‍ അടുത്ത പ്രകടനമായി എം.എ യൂസഫലിയ്ക്ക് പിറന്നാള്‍ സമ്മാനം തീര്‍ക്കുകയായിരുന്നു. ആദ്യം 121 റുബിക്സ് ക്യൂബുകളില്‍ അക്ഷരങ്ങള്‍ ക്രമപ്പെടുത്തി "ഹാപ്പി ബര്‍ത്ത്ഡേ എം.എ യൂസഫലി" എന്ന ടവര്‍ അഫാന്‍ തയ്യാറാക്കി. പിന്നാലെ ആറ് മിനിട്ടിനുള്ളില്‍ 42 റുബിക്സ് ക്യൂബുകള്‍ കൊണ്ടാണ് യൂസഫലിയുടെ ചിത്രം അഫാന്‍ ഒരുക്കിയത്.
അതേസമയം ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിന്റെ ഭാഗമായി ലോഹ നട്ടുകൾ കൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ ലോകകപ്പ് മാതൃക തലസ്ഥാനത്തെ ലുലു മാളില്‍ പ്രദര്‍ശിപ്പിക്കുകയാണ്. 16185 നട്ടുകൾ ഉപയോഗിച്ച് ലുലു ഇവന്റ്സ് ടീമാണ് കപ്പ് നിർമ്മിച്ചത്. നട്ടുകൾ കൊണ്ടുള്ള കപ്പിന്റെ മാതൃക ഒരുക്കിയ ബംഗളുരു ലുലു മാൾ അടുത്തിടെ ലോക റെക്കോര്‍ഡില്‍ ഇടം പിടിയ്ക്കുകയും ചെയ്തിരുന്നു.
10 അടി ഉയരവും 370 കിലോയോളം ഭാരവുമുള്ള കപ്പ് തിരുവനന്തപുരം ലുലുമാളിലെ ഗ്രാന്‍ഡ് ഏട്രിയത്തിലാണ് പ്രദര്‍ശിപ്പിച്ചിരിയ്ക്കുന്നത്. ക്രിക്കറ്റ് ലോകകപ്പ് 2023ന്റെ അതേ മാതൃകയിലാണ് നട്ടുകൾ കൊണ്ടുള്ള ഈ കപ്പും. മാളിലെത്തുന്നവർക്ക് മനോഹരമായ ദൃശ്യവിസ്മയം കൂടിയാണ് ഈ ലോകകപ്പ് മോഡൽ. ലുലു ഇവന്റസ് ടീമിലെ നാല് പേര്‍ ചേര്‍ന്ന് 12 ദിവസം നീണ്ട പ്രയത്നം കൊണ്ടാണ് ലോകകപ്പ് നിർമ്മിച്ചത്. 16185 നട്ടുകൾ ഓരോന്നായി ചേർത്ത് വെൽഡ് ചെയ്യുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...