സമീപകാലങ്ങളിൽ കാനി വെസ്റ്റിന്റെ അഭിപ്രായങ്ങളും പ്രവർത്തനങ്ങളും അസ്വീകാര്യവും വെറുപ്പുളവാക്കുന്നതും അപകടകരവുമാണ്. അഡിഡാസ് പിന്തുടരുന്ന മൂല്യങ്ങളെ തകർക്കുന്നവയെ കൂട്ടുപിടിക്കില്ല
ന്യൂയോർക്ക്: യഹൂദവിരുദ്ധ പരാമർശം നടത്തിയതിനാൽ റാപ്പറും ഫാഷൻ ഡിസൈനറുമായ കാനി വെസ്റ്റുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് അഡിഡാസ്. യഹൂദവിരുദ്ധതയും മറ്റേതെങ്കിലും തരത്തിലുള്ള വിദ്വേഷ പ്രസംഗവും അംഗീകരിക്കില്ലെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സമീപകാലങ്ങളിൽ കാനി വെസ്റ്റിന്റെ അഭിപ്രായങ്ങളും പ്രവർത്തനങ്ങളും അസ്വീകാര്യവും വെറുപ്പുളവാക്കുന്നതും അപകടകരവുമാണ് എന്നും അവ കമ്പനിയുടെ വൈവിധ്യത്തിൽ അധിഷ്‌ഠിതമായ മൂല്യങ്ങളെ തകർക്കാൻ പോന്നവയാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അഡിഡാസുമായുള്ള കരാർ അവസാനിച്ചതോടെ കാനി വെസ്റ്റിന്റെ ആസ്തി 400 മില്യൺ ഡോളറായി ചുരുങ്ങിയെന്ന് ഫോർബ്സ് റിപ്പോർട്ട് ചെയ്തു. മുൻപ് അഡിഡാസുമായി പങ്കാളിത്തം ഉണ്ടായിരുന്നപ്പോൾ 1.5 ബില്യൺ ഡോളർ വരുമാനം ലഭിക്കുമായിരുന്നു.
അഡിഡാസിനെ സംബന്ധിച്ചിടത്തോളം, കാനി വേസ്റ്റുമായുള്ള എല്ലാ പങ്കാളിത്തം അവസാനിപ്പിക്കുകയും എല്ലാ പേയ്‌മെന്റുകളും കൊടുത്തു തീർക്കുന്നതും കമ്പനിയുടെ അട്ട വരുമാനത്തിൽ 248.90 ദശലക്ഷം ഡോളറിന്റെ നഷ്ടം ഉണ്ടാക്കിയേക്കും.
യഹൂദ വിരുദ്ധ പരാമർശത്തെ തുടർന്ന് കാനി വെസ്റ്റിന്റെ ട്വിറ്റർ, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അദ്ദേഹത്തിന്റെ ചില ഓൺലൈൻ പോസ്റ്റുകൾ നീക്കം ചെയ്തു, മുൻപും ഇത്തരത്തിലുള്ള നീക്കങ്ങൾ കണി വെസ്റ്റിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ഹാസ്യ നടൻ ട്രെവർ നോഹിനെതിരെ വംശീയ അധിക്ഷേപം നടത്തിയതിന് ഇരുപത്തിനാല് മണിക്കൂർ വെസ്റ്റിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.
‘വൈറ്റ് ലൈവ്സ് മാറ്റർ’ എന്ന് എഴുതിയ ഷർട്ട് ധരിച്ചാണ് പാരീസ് ഫാഷൻ ഷോയിൽ കാനി വെസ്റ്റ് പങ്കെടുത്തത്. ഇവിടെ “ബ്ലാക്ക് ലൈവ്സ് മാറ്റർ” എന്ന മുദ്രാവാക്യം ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്. ഇതോടെ കമ്പനി യോഗം ചേർന്ന് ഈ വിഷയത്തിൽ തീരുമാനം എടുക്കുകയായിരുന്നു.