ഈ വര്‍ഷം അദാനി ഓഹരികളിലെ നേട്ടം 8.5 ലക്ഷം കോടി! ഈ മാജിക് 2023-ലും ആവര്‍ത്തിക്കുമോ?

By Web Team  |  First Published Dec 30, 2022, 4:11 PM IST

റിലയന്‍സ്, ടാറ്റ ഗ്രൂപ്പ് ഓഹരികളേയും പ്രധാന സൂചികകളെയുമൊക്കെ ബഹുദൂരം പിന്നിലാക്കിയാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ ഈവര്‍ഷത്തെ തേരോട്ടം. 2023 ലും ഇതാവർത്തിക്കുമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍


2022-ല്‍ തിളക്കമാര്‍ന്ന പ്രകടനം പുറത്തെടുത്ത് അദാനി ഗ്രൂപ്പ് ഓഹരികള്‍. റിലയന്‍സ്, ടാറ്റ ഗ്രൂപ്പ് ഓഹരികളേയും പ്രധാന സൂചികകളെയുമൊക്കെ ബഹുദൂരം പിന്നിലാക്കിയാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ ഈവര്‍ഷത്തെ തേരോട്ടം. അദാനി ഗ്രൂപ്പിന്റെ ഭാഗമായ 10 ഓഹരികളില്‍ 5 എണ്ണവും നിക്ഷേപകര്‍ക്ക് 100 ശതമാനത്തിലധികം നേട്ടം ഒരു വര്‍ഷ കാലയളവിനിടെ സമ്മാനിച്ചു. ലിസ്റ്റ് ചെയ്യപ്പെട്ട അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തിലാകട്ടെ 8,54,915 കോടി രൂപയുടെ വര്‍ധനയും രേഖപ്പെടുത്തുന്നു.

ഇതില്‍ 204 ശതമാനം മുന്നേറ്റം രേഖപ്പെടുത്തിയ അദാനി പവര്‍ ഓഹരികളാണ് നേട്ടക്കണക്കില്‍ മുന്നിലുള്ളത്. 2021 ഡിസംബര്‍ 31-ന് 99.75 രൂപയില്‍ നിന്നിരുന്ന അദാനി പവര്‍ ഓഹരികള്‍ 303 രൂപ നിലവാരത്തിലാണ് ഇപ്പോള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. അതുപോലെ നിഫ്റ്റി-50 സൂചികയുടെ ഭാഗവുമായ അദാനി എന്റര്‍പ്രൈസസ് ഓഹരികളില്‍ 122 ശതമാനം മുന്നേറ്റം ഇതുവരെയായി രേഖപ്പെടുത്തി. 2022 തുടക്കത്തില്‍ ലിസ്റ്റ് ചെയ്യപ്പെട്ട എഫ്എംസിജി മേഖലയിലെ ഗ്രൂപ്പ് കമ്പനിയായ അദാനി വില്‍മറിന്റെ ഓഹരികൡ 118 ശതമാനം വര്‍ധനയും അദാനി ടോട്ടല്‍ ഗ്യാസ് ഓഹരിയില്‍ 110 ശതമാനം നേട്ടവും കുറിച്ചു.

വ്യോമയാനം, തുറമുഖം, അടിസ്ഥാനസൗകര്യ വികസനം, എഫ്എംസിജി മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന അദാനി ഗ്രൂപ്പ്, 2022-ല്‍ സിമന്റ്, മീഡിയ തുടങ്ങിയ പുതിയ വ്യവസായ രംഗങ്ങളിലേക്കും പ്രവേശിച്ചു. എസിസി, അംബുജ സിമന്റ്‌സ് എന്നീ മുന്‍നിര കമ്പനികളെ ഏറ്റെടുത്താണ് സിമന്റ് ഉത്പാദന മേഖലയിലേക്ക് അദാനി കടന്നെത്തിയത്. സമാനമായി രാജ്യത്തെ പ്രമുഖ ചാനലായ എന്‍ഡിടിവിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയാണ് മീഡിയ രംഗത്തേക്ക് ഗൗതം അദാനി പ്രവേശിച്ചത്. അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനെ തുടര്‍ന്ന് എന്‍ഡിടിവിയുടെ ഓഹരികളില്‍ 187 ശതമാനം മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. സമാനമായി അംബുജ സിമന്റ്‌സ് ഓഹരികളില്‍ 37 ശതമാനവും എസിസി ഓഹരിയില്‍ 11 ശതമാനം വീതം നേട്ടവും 2022-ല്‍ ഇതുവരെയായി കരസ്ഥമാക്കി.

അദാനി ഗ്രൂപ്പിന്റെ മറ്റ് ഓഹരികളായ, അദാനി ട്രാന്‍സ്മിഷന്‍ 48 ശതമാനവും അദാനി ഗ്രീന്‍ എനര്‍ജി 43 ശതമാനവും അദാനി പോര്‍ട്ട്‌സ് 11 ശതമാനം വീതം നേട്ടവും ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ രേഖപ്പെടുത്തി. അദാനി ഗ്രൂപ്പിന്റെ 10 ഓഹരികളും ചുരുങ്ങിയത് ഇരട്ടയക്ക നേട്ടത്തോടെയാണ് 2022 പിന്നിടുന്നതെന്നതും ശ്രദ്ധേയം.

അദാനി നേട്ടം നിലനിര്‍ത്തുമോ?

കമ്പനികളുടെ ഉയര്‍ന്ന കടബാധ്യതയും ഓഹരികള്‍ മൂല്യമതിപ്പില്‍ ചെലവേറിയ നിലയിലും നില്‍ക്കുന്നതിനാല്‍ ചില അദാനി ഗ്രൂപ്പ് ഓഹരികളെ കുറിച്ച് ഒരുവിഭാഗം വിപണി വിദഗ്ധര്‍ ആശങ്ക പങ്കുവെയ്ക്കുന്നു. അതേസമയം ആശങ്ക രേഖപ്പെടുത്തുമ്പോഴും സമ്പദ്ഘടനയുടെ അടിസ്ഥാന മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഗ്രൂപ്പ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ കുതിപ്പ് അദാനിക്ക് ഗുണകരമാകാനുള്ള സാധ്യതയും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.

(അറിയിപ്പ്: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ മാര്‍ഗോപദേശം തേടാം.)

click me!