അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ ആദിത്യ ബിർള ഗ്രൂപ്പിന്റെ അൾട്രാടെക്കിനെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് നിർമ്മാതാക്കളാകാൻ ആണ് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്.
നിരവധി സിമന്റ് കമ്പനികളെ ഏറ്റെടുക്കാനുള്ള സാധ്യതകൾ പരിശോധിച്ച് അദാനി ഗ്രൂപ്പ്. ഹൈദരാബാദ് ആസ്ഥാനമായുള്ള പെന്ന സിമന്റ്, ഗുജറാത്ത് ആസ്ഥാനമായുള്ള സൗരാഷ്ട്ര സിമന്റ്, ജയ്പ്രകാശ് അസോസിയേറ്റ്‌സിന്റെ സിമന്റ് ബിസിനസ്, എബിജി ഷിപ്പ്‌യാർഡിന്റെ ഉടമസ്ഥതയിലുള്ള വദരാജ് സിമന്റ് എന്നിവയാണ് ഏറ്റെടുക്കുന്നതിനായി അദാനി ഗ്രൂപ്പ് പരിഗണിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു . ഇതിനായി അദാനി ഗ്രൂപ്പ് 3 ബില്യൺ ഡോളർ ആണ് ചെലഴിക്കുക. സിമന്റ് ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് അദാനി ഗ്രൂപ്പിന്റെ നീക്കം.അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ ആദിത്യ ബിർള ഗ്രൂപ്പിന്റെ അൾട്രാടെക്കിനെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് നിർമ്മാതാക്കളാകാൻ ആണ് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്.
അംബുജ സിമന്റും എസിസി ലിമിറ്റഡും നിലവിൽ അദാനിയുടെ ഉടമസ്ഥതയിലാണ്. ഇവയുടെ വാർഷിക ഉൽപ്പാദന ശേഷി 77.4 ദശലക്ഷം ടൺ ആണ്. രാജ്യത്തുടനീളമുള്ള 18 സംയോജിത പ്ലാന്റുകളിൽ നിന്നും 18 ഗ്രൈൻഡിംഗ് യൂണിറ്റുകളിൽ നിന്നുമാണ് ഇവ വിപണിയിലെത്തിക്കുന്നത്. അടുത്തിടെ, സിമന്റ് ഉൽപ്പാദന ശേഷി കൂടുതൽ വിപുലീകരിക്കുന്നതിനായി സംഘി ഇൻഡസ്ട്രീസ് ലിമിറ്റഡും അദാനി ഏറ്റെടുത്തിരുന്നു. ഗൗതം അദാനിയുടെ നേതൃത്വത്തിൽ, 2028 സാമ്പത്തിക വർഷത്തോടെ ഇന്ത്യൻ സിമന്റ് വിപണിയുടെ 20 ശതമാനവും പിടിച്ചെടുക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
അടിസ്ഥാന സൗകര്യവികസനവുമായി മുന്നോട്ടുപോകാൻ സർക്കാർ തയ്യാറെടുക്കുന്ന രീതിയും അതിൽ വലിയ നിക്ഷേപം നടത്തുന്നതും പരിഗണിക്കുമ്പോൾ, സിമന്റ് ഡിമാൻഡിൽ 7 മുതൽ 8 ശതമാനം വരെ വളർച്ച പ്രതീക്ഷിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഈ മേഖലയിലെ ഏറ്റവും വലിയ കമ്പനിയായ അൾട്രാടെക്കിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയാൽ വലിയ വരുമാനം ഉണ്ടാക്കാമെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതീക്ഷ.