രണ്ടാഴ്ച കൂടി കഴിഞ്ഞാൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കാം. മാർച്ച് 31 നുള്ളിൽ നിർബന്ധമായും പാൻ കാർഡ് ഉടമകൾ ഈ കാര്യം ചെയ്യുക
ദില്ലി: പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക, ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാൻ ഇനി രണ്ടാഴ്ച കൂടിയേ ശേഷിക്കുന്നുള്ളു. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കാം. പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31 ആണ്.
2022 മാർച്ച് 31നകം പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചിരുന്നു. ഇതിൽ പരാജയപ്പെടുന്നവർക്ക് 1000 രൂപ വരെ പിഴ ചുമത്തുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ അത്തരം കാർഡ് ഉടമകൾക്ക് പാൻ കാർഡ് ഉപയോഗിക്കാൻ അനുമതിയുണ്ടാകും. എന്നാൽ 2023 ഏപ്രിൽ മുതൽ ആധാറും പാൻ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ അവ പ്രവർത്തന രഹിതമാകും.
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലതവണ ആദായ നികുതി വകുപ്പ് നീട്ടിയിരുന്നു. 2017 ജൂലായ് 1-ന് പാൻ കാർഡ് അനുവദിച്ചിട്ടുള്ള വ്യക്തികൾ ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കണം എന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് ഇത് 2022 ജൂൺ വരെ നീണ്ടു. ഇനിയും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല എന്നുണ്ടെങ്കിൽ അടുത്ത വർഷത്തോടെ പാൻ പ്രവർത്തനരഹിതമാകും.
പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം
1] ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക;
2] ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള 'ലിങ്ക് ആധാർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
3] നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകുക;
4] 'ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു' എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
5] നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.