പോസ്റ്റ് ഓഫീസുകളും മാറുന്നു, ഇ-കെവൈസിക്ക് തുടക്കം; ഇനി എല്ലാം പേപ്പര്‍ രഹിതമാകും

By Web Desk  |  First Published Jan 10, 2025, 8:39 PM IST

പുതിയ ഉപഭോക്താക്കളുടെ അക്കൗണ്ട് തുറക്കുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനുമുള്ള സൗകര്യം ഒരുക്കും.


രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ആധാര്‍ അധിഷ്ഠിത ബയോമെട്രിക് വഴി  സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.  പഴയ അക്കൗണ്ട് ഉടമകളെയും ഇ - കെവൈസിയുമായി ബന്ധിപ്പിക്കും. ആദ്യ ഘട്ടത്തില്‍, ഈ സൗകര്യം പോസ്റ്റ് ഓഫീസ് കൗണ്ടറുകളില്‍ മാത്രമേ ലഭ്യമാകൂ. ഇത് വഴി പുതിയ ഉപഭോക്താക്കളുടെ അക്കൗണ്ട് തുറക്കുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനുമുള്ള സൗകര്യം ഒരുക്കും. ഇതിനുപുറമെ, നിലവിലുള്ള ഉപഭോക്താക്കളുടെ ഇ-കെവൈസി,കെവൈസി വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യും.

അടുത്ത ഘട്ടത്തില്‍, റെക്കറിംഗ് ഡെപ്പോസിറ്റ്, ടൈം ഡെപ്പോസിറ്റ്, മന്ത്ലി ഇന്‍കം സ്കീം തുടങ്ങിയവയ്ക്കുള്ള അക്കൗണ്ട് തുറക്കല്‍, പണമടയ്ക്കല്‍, ഇടപാടുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇ-കെവൈസി വഴി നല്‍കും. നിലവില്‍ പോസ്റ്റ് ഓഫീസില്‍ ആധാര്‍ ബയോമെട്രിക്സ് വഴി 5,000 രൂപ വരെയുള്ള ഇടപാടുകള്‍ മാത്രമേ നടത്തൂ. ഈ തുകയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക്, വൗച്ചറുകള്‍ ഉപയോഗിക്കേണ്ടിവരും. ഈ മുഴുവന്‍ സംവിധാനവും പോസ്റ്റ് ഓഫീസിലെ ഫിനാക്കിള്‍ സോഫ്റ്റ്വെയറിന് കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. ഇതിനുപുറമെ, അക്കൗണ്ട് അവസാനിപ്പിക്കല്‍, കൈമാറ്റം തുടങ്ങിയ മറ്റ് സൗകര്യങ്ങളും ഈ സോഫ്റ്റ്വെയറിന് കീഴില്‍ കൊണ്ടുവരുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.

Latest Videos

പേപ്പര്‍ രഹിത പ്രവര്‍ത്തനങ്ങള്‍ക്കായി പോസ്റ്റ് ഓഫീസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് അതിവേഗം നീങ്ങുകയാണ്. ഇത് കണക്കിലെടുത്താണ് ആധാര്‍ ബയോമെട്രിക് വഴി ഉപഭോക്താക്കള്‍ക്ക് സൗകര്യം ഒരുക്കാന്‍ വകുപ്പ് തീരുമാനിച്ചത്. 024 നവംബര്‍ 26 ന്, പൈലറ്റ് പ്രോജക്ടിന് കീഴില്‍ രാജ്യത്തെ 12 ഹെഡ് പോസ്റ്റ് ഓഫീസുകളിലും 2 സബ് പോസ്റ്റ് ഓഫീസുകളിലും ഇ - കെവൈസി ആരംഭിച്ചിരുന്നു. അതേ സമയം ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ആധാര്‍ വിശദാംശങ്ങള്‍ അടങ്ങിയ എല്ലാ രേഖകളിലും മാസ്ക് ചെയ്ത ആധാര്‍ നമ്പറുകള്‍ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പോസ്റ്റ് ഓഫീസ് ജീവനക്കാരുടെ ഉത്തരവാദിത്തമാണ്.

click me!