ഫിക്സഡ് ഡെപ്പോസിറ്റിന് 9 ശതമാനത്തിൽ കൂടുതൽ പലിശയുമായി ഈ മൂന്ന് ബാങ്കുകൾ. ബമ്പറടിച്ചത് മുതിർന്ന പൗരന്മാർക്ക്.
ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്താൻ തുടങ്ങിയതിന് ശേഷം രാജ്യത്തെ പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ സ്ഥിര നിക്ഷേപ നിരക്കുകൾ വർദ്ധിപ്പിക്കുകയാണ്. 2022 മെയ് മുതൽ വമ്പൻ വർദ്ധനവാണ് പലിശ നിരക്കിൽ ഉണ്ടായത്. റിസ്കില്ലാതെ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച വരുമാനം ഉറപ്പാക്കാനുള്ള മാർഗമാണ് സ്ഥിര നിക്ഷേപം.
രാജ്യത്തെ മൂന്ന് ചെറുകിട ഫിനാൻസ് ബാങ്കുകള്‍ ഇപ്പോൾ 9 ശതമാനവും അതിലും ഉയർന്നതുമായ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ തന്നെ നിക്ഷേപിക്കാൻ ബെസ്റ്റ് ടൈം ആണിത്. മിക്ക ചെറുകിട ധനകാര്യ ബാങ്കുകളും ഡിഐസിജിസി ഇൻഷ്വർ ചെയ്തിട്ടുള്ളവയാണ്, അതായത് നിങ്ങളുടെ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ മറ്റേതൊരു സ്വകാര്യ അല്ലെങ്കിൽ പൊതുമേഖലാ ബാങ്കുകളെപ്പോലെ സർക്കാർ ഇൻഷ്വർ ചെയ്തിരിക്കുന്നു. അതിനാൽ തന്നെ സുരക്ഷയുടെ കാര്യത്തിൽ പേടി വേണ്ട.
ALSO READ :ALSO READ: മുതിർന്ന പൗരന്മാർക്ക് കോളടിച്ചു; ഫിക്സഡ് ഡെപ്പോസിറ്റിന് വമ്പൻ പലിശയുമായി ഈ പൊതുമേഖലാ ബാങ്ക്
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്.
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 4.50 ശതമാനം മുതൽ 9.50 ശതമാനം വരെ പലിശ നിരക്കിൽ സ്ഥിരകാല നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും ഉയർന്ന പലിശ നിരക്ക് 9.50 ശതമാനമാണ്. 1001 ദിവസത്തെ കാലാവധിയാണ് ഈ നിക്ഷേപത്തിനുള്ളത്. 181 മുതൽ 501 ദിവസത്തെ കാലാവധിക്ക് 9.25 ശതമാനം പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 2023 ഫെബ്രുവരി 15 മുതൽ ഈ നിരക്കുകൾ നിലവിൽ വന്നിട്ടുണ്ട്.
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്
മുതിർന്ന പൗരന്മാർക്ക് 4.75 ശതമാനം മുതൽ 9 ശതമാനം വരെ പലിശ നിരക്കിൽ സ്ഥിരകാല നിക്ഷേപങ്ങൾ ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 700 ദിവസത്തെ കാലാവധിയിൽ 9 ശതമാനമാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക്. 2023 ഫെബ്രുവരി 27 മുതൽ ഈ നിരക്കുകൾ ബാധകമാണ്.
ALSO READ: റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തോ? സമയ പരിധി നീട്ടി; ഓൺലൈനായും ഓഫ്‌ലൈനായും ചെയ്യാം
ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക്
ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 3.60 ശതമാനം മുതൽ 9.01 ശതമാനം വരെ പലിശ നിരക്ക് നൽകും. ഏറ്റവും ഉയർന്ന പലിശ നിരക്ക് 9.01 ശതമാനമാണ്. 2023 മാർച്ച് 24 മുതൽ ഈ നിരക്കുകൾ ബാധകമാണ്.