പ്രവാസികള്‍ക്കുള്ള ആദായ നികുതി നിയമങ്ങൾ ലളിതമാക്കുമോ? ബജറ്റിൽ പ്രതീക്ഷയുമായി എൻആർഐകൾ

By Web Desk  |  First Published Jan 9, 2025, 1:41 PM IST

തങ്ങളുടെ നികുതി ഇടപാടുകളുടെ സങ്കീര്‍ണത പരിഹരിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.


വീണ്ടുമൊരു കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ തങ്ങളുടെ നികുതി ഇടപാടുകളുടെ സങ്കീര്‍ണത പരിഹരിക്കാന്‍ ധനമന്ത്രി ഇടപെടും എന്നുള്ള പ്രതീക്ഷയിലാണ് പ്രവാസികള്‍. ഇന്ത്യക്കാരായ നികുതി ദായകര്‍ ആഗോളതലത്തില്‍ നേടിയ സ്വത്തിന് നികുതി നല്‍കേണ്ടി വരുമ്പോള്‍ പ്രവാസികള്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ച വരുമാനത്തിനാണ് നികുതി നല്‍കേണ്ടത്. വാടക വരുമാനം , ബാങ്കില്‍ നിന്നുള്ള പലിശ വരുമാനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിലെ സങ്കീര്‍ണതയാണ് പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് നേടലും ഫോമുകള്‍ പൂരിപ്പിക്കലും പണം അടയ്ക്കുന്നതും തുടങ്ങി ഇതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ ഏറെയാണ്. ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പ്രവാസികള്‍ മുന്നോട്ടുവയ്ക്കുന്നത്

1. ടാക്സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ്
 നികുതി ഇളവുകള്‍ നേടുന്നതിനും, കുറഞ്ഞ നികുതി സ്ലാബില്‍ ഉള്‍പ്പെടുന്നതിനും വേണ്ടി പ്രവാസികള്‍ നല്‍കേണ്ട സര്‍ട്ടിഫിക്കറ്റ് ആണ് ടാക്സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ്. എന്നാല്‍ നാട്ടില്‍ കുറഞ്ഞ വരുമാനം നേടിയ പ്രവാസികള്‍ ആണെങ്കിലും ടാക്സ് റസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടി വരുന്നു എന്നുള്ളത് ഏറെ സമയം എടുക്കുന്ന പ്രക്രിയയാണ്. അതുകൊണ്ടുതന്നെ ടാക്സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട ആളുകള്‍ക്ക് ഒരു നിശ്ചിത വരുമാനപരിധി നിശ്ചയിക്കണം എന്നാണ് പ്രവാസികളുടെ ആവശ്യം

Latest Videos

 2. ഫോം 10 എഫ്

 നികുതി ഇളവുകള്‍ നേടുന്നതിന് ഫോം 10 എഫ് ഓണ്‍ലൈനായി പ്രവാസികള്‍ പൂരിപ്പിച്ച് നല്‍കുകയും ടാക്സ് റസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും വേണം. എന്നാല്‍ വരാനിരിക്കുന്ന തീയതി വെച്ച് ടാക്സ് െ റസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിദേശരാജ്യങ്ങളില്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ തൊട്ടുമുന്‍വര്‍ഷത്തെ ടാക്സ് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അനുമതി നല്‍കണമെന്നാണ് മറ്റൊരാവശ്യം

3. നികുതി അടക്കല്‍ പ്രക്രിയ

 പ്രവാസികള്‍ അവരുടെ നികുതി ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് അടക്കേണ്ടത്. ഇതിന് പകരം വിദേശത്തുള്ള അക്കൗണ്ടുകള്‍ വഴി നേരിട്ട്  നികുതി അടയ്ക്കുന്നതിനുള്ള സംവിധാനം വേണമെന്നാണ് മറ്റൊരു ആവശ്യം.

 4. ഇ-വെരിഫിക്കേഷന്‍ ലളിതമാക്കള്‍

 നികുതി ഫയലിംഗ് ഓണ്‍ലൈന്‍ ആണെങ്കിലും ഇ-വെരിഫിക്കേഷനു വേണ്ടി ഇന്ത്യയിലെ മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. വിദേശത്തുള്ള ഫോണ്‍ നമ്പറോ ഇ-മെയിലോ അടിസ്ഥാനമാക്കി ഇ-വെരിഫിക്കേഷന്‍ നടപ്പാക്കിയാല്‍ പ്രവാസികള്‍ക്ക് ഇത് ഏറെ ആശ്വാസകരമായിരിക്കുമെന്ന് അവര്‍ പറയുന്നു

5 - നികുതിയുടെ റീഫണ്ട്

 നിലവിലെ നിയമപ്രകാരം ടാക്സ് റീഫണ്ട് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലേക്ക് ആണ് ലഭ്യമാക്കുക. ഇത് വിദേശത്തുള്ള ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കണമെന്നാണ് മറ്റൊരാവശ്യം

click me!