ടാറ്റ ഗ്രൂപ്പിന്റെ വിആർഎസ് സ്‌കീം പ്രകാരം ഈ വർഷം എയർ ഇന്ത്യയിൽ നിന്നും 4,500 ജീവനക്കാർ വിരമിക്കാൻ ഒരുങ്ങുന്നു? റിപ്പോർട്ടുകൾ പറയുന്നത് ഇങ്ങനെ
ദില്ലി: സ്വകാര്യവത്കരിച്ച മുൻ കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനി എയർ ഇന്ത്യയുടെ (Air India) ജീവനക്കാർക്ക് വോളണ്ടറി റിട്ടയർമെന്റ് (VRS) സ്കീം ടാറ്റ ഗ്രൂപ്പ് അവതരിപ്പിച്ചിരുന്നു. ഏകദേശം 4,500 ജീവനക്കാർ വിരമിക്കലിന് തീരുമാനിച്ചതായാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട്. കൂടാതെ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ 4,000 പേർ കൂടി കമ്പനിയിൽ നിന്ന് വിരമിക്കും.
എയർ ഇന്ത്യയിൽ ആകെ 12,085 ജീവനക്കാരുണ്ട്, അവരിൽ 8,084 പേർ സ്ഥിരം ജോലിക്കാരും 4,001 പേർ കരാറുകാരുമാണ്. ചെലവ് കുറഞ്ഞ അന്താരാഷ്ട്ര വിഭാഗമായ എയർ ഇന്ത്യ എക്‌സ്പ്രസിന് 1,434 ജീവനക്കാരാണുള്ളത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5,000 എയർ ഇന്ത്യ ജീവനക്കാരാണ് വിരമിക്കാനൊരുങ്ങുന്നത്.
സാങ്കേതിക മേഖലയിലും നൂതന പരിഷ്കാരങ്ങൾ കൊണ്ട് വരാൻ എയർ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. അതിനാൽ തന്നെ പുതിയ എഞ്ചിനുകളും മെഷീനുകളും കൈകാര്യം ചെയ്യാൻ അന്താരാഷ്ട്ര പരിചയമുള്ള ജീവനക്കാർ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും വിവിധ തസ്തികകളിലേക്ക് ഉടനെ തന്നെ വലിയ തോതിലുള്ള റിക്രൂട്ട്മെന്റ് ഉണ്ടാകുമെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചു.
Read Also: 300 ചെറിയ ജെറ്റുകൾ; ചരിത്രത്തിലെ ഏറ്റവും വലിയ വിമാന കരാറിലേക്ക് എയർ ഇന്ത്യ
ടാറ്റ സൺസിന് കീഴിലെ മൂന്നാമത്തെ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ. എയർ ഏഷ്യാ ഇന്ത്യയിലും വിസ്താരയിലും ഭൂരിഭാഗം ഓഹരികളും ടാറ്റ ഗ്രൂപ്പിന്റെ പക്കലുണ്ട്. സിങ്കപ്പൂർ എയർലൈൻസ് ലിമിറ്റഡുമായി ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ. 1932 ൽ ടാറ്റ എയർലൈൻസായി ജെആർഡി ടാറ്റയാണ് എയർ ഇന്ത്യയെന്ന വിമാനക്കമ്പനിക്ക് ജന്മം നൽകിയത്. അന്ന് ടാറ്റ എയർലൈൻസ് എന്നായിരുന്നു പേരെങ്കിലും 1946 ൽ എയർ ഇന്ത്യയെന്ന് പുനർനാമകരണം ചെയ്തു. 1953 ൽ കേന്ദ്രസർക്കാർ ഈ വിമാനക്കമ്പനിയെ ദേശസാത്കരിച്ചതോടെയാണ് ഇത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായത്. ദിവസം 20 കോടിയോളം രൂപ നഷ്ടം വരുത്തിയതോടെയാണ് എയർ ഇന്ത്യയെന്ന ബാധ്യത വിറ്റൊഴിയാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.