ആപ്പിള്‍ അധിക തീരുവയുടെ ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറുകയാണെങ്കില്‍ ഐ ഫോണ്‍ വിലയില്‍ 30% മുതല്‍ 40% വരെ വര്‍ദ്ധനവുണ്ടാകും.
യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് മറ്റ് രാജ്യങ്ങള്‍ക്ക് നേരെ തീരുവ പ്രഖ്യാപിച്ചതിന് ശേഷം യുഎസ് വിപണിയില്‍ ഏറ്റവും കൂടുതല്‍ ഇടിവുണ്ടായത് ആപ്പിളിന്‍റെ ഓഹരികളിലാണ്. താരിഫിന് ശേഷം ഐഫോണ്‍ വില കുത്തനെ കൂടുമെന്ന വിലയിരുത്തലാണ് ആപ്പിളിന് തിരിച്ചടിയായത്. തീരുവ ചെലവ് കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് കൈമാറിയാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുക ഐഫോണുകള്‍ പോലുള്ള ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ ആയിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഉദാഹരണത്തിന് ആപ്പിള്‍ അധിക തീരുവയുടെ ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറുകയാണെങ്കില്‍ ഐ ഫോണ്‍ വിലയില്‍ 30% മുതല്‍ 40% വരെ വര്‍ദ്ധനവുണ്ടാകും.
ട്രംപ് 54% താരിഫ് ചുമത്തിയ ചൈനയിലാണ് മിക്ക ഐഫോണുകളും ഇപ്പോഴും നിര്‍മ്മിക്കുന്നത്. ഏറ്റവും വിലകുറഞ്ഞ ഐഫോണ്‍ 16 മോഡല്‍ യുഎസില്‍ 799 ഡോളറിനാണ് വില്‍ക്കുന്നത്. താരിഫ് ചെലവ് ഫോണിന്‍റെ വിലയില്‍ ചുമത്തിയാല്‍ വില 1,142 ഡോളറായി ഉയരും. അതായത് 67915 രൂപ വിലയുള്ള ഐഫോണ്‍ 97070 രൂപ ആയി ഉയരും. 6.9 ഇഞ്ച് ഡിസ്പ്ലേയും 1 ടെറാബൈറ്റ് സ്റ്റോറേജുമുള്ള, നിലവില്‍ 1599 ഡോളറിന് (1,35,915 രൂപ) വില്‍ക്കുന്ന ഐഫോണ്‍ 16 പ്രോ മാക്സിന്‍റെ വില ഏകദേശം 2300 ഡോളര്‍ (195,500 രൂപ) ആയി ഉയരും. ആപ്പിള്‍ പ്രതിവര്‍ഷം 220 ദശലക്ഷത്തിലധികം ഐഫോണുകള്‍ വില്‍ക്കുന്നുണ്ട്. അതിന്‍റെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് അമേരിക്ക.
ആപ്പിള്‍ എന്ത് ചെയ്യും?
ആപ്പിള്‍ മിക്ക ഐഫോണുകളും ഇപ്പോഴും ചൈനയിലാണ് നിര്‍മ്മിക്കുന്നത്. ഉല്‍പാദനം വിയറ്റ്നാമിലേക്കും ഇന്ത്യയിലേക്കും മാറ്റിയാലും കമ്പനിയുടെ അധിക ചെലവില്‍ വലിയ വ്യത്യാസമുണ്ടാകില്ല. കാരണം വിയറ്റ്നാമിന് 46% തീരുവയും ഇന്ത്യയ്ക്ക് 26% തീരുവയും ട്രംപ് ചുമത്തിയിട്ടുണ്ട്. ഇറക്കുമതി തീരുവ നികത്താന്‍ ആപ്പിളിന് ശരാശരി 30% എങ്കിലും വില ഉയര്‍ത്തേണ്ടിവരുമെന്നാണ് നിലവിലെ വിലയിരുത്തല്‍.
സാംസങ്ങിന് ലോട്ടറിയടിക്കുമോ?
ഐഫോണ്‍ വില കുത്തനെ കൂട്ടിയാല്‍ അതിന്‍റെ ഡിമാന്‍റ് കുറയാന്‍ സാധ്യതയുണ്ട്. അത് ദക്ഷിണ കൊറിയ.ആസ്ഥാനമായുള്ള സാംസങ് ഇലക്ട്രോണിക്സിന് മുന്‍തൂക്കം നല്‍കും. കാരണം യുഎസില്‍ വില്‍ക്കുന്ന ഐഫോണുകള്‍ നിര്‍മ്മിക്കുന്ന ചൈനയേക്കാള്‍ കുറഞ്ഞ തീരുവയാണ് ദക്ഷിണകൊറിയയ്ക്ക് ട്രംപ് ചുമത്തിയിട്ടുള്ളൂ. 25 ശതമാനമാണ് കൊറിയയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവ