'ഹേമന്ത് കർക്കറെയെ അപമാനിച്ചത് വലിയ തെറ്റ്', പ്രഗ്യാ സിംഗ് ഠാക്കൂറിനെ തള്ളിപ്പറഞ്ഞ് ഫട്‍നവിസ്

By Anoop Balachandran  |  First Published Apr 24, 2019, 6:38 PM IST

ഇതാദ്യമായാണ് ഒരു ബിജെപി മുഖ്യമന്ത്രി ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥിയും മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിനെ തള്ളിപ്പറഞ്ഞ് രംഗത്തു വരുന്നത്. മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച കർക്കറെയെ അപമാനിച്ച പ്രഗ്യയെ അനുകൂലിക്കുന്നത് ഫട്‍നവിസിന് എളുപ്പമാകില്ല. 


മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹേമന്ത് കർക്കറെയെ അപമാനിച്ച പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‍നവിസ്. തന്‍റെ ശാപം മൂലമാണ് മഹാരാഷ്ട്ര എടിഎസ് തലവൻ ഹേമന്ദ് കർക്കറെ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചതെന്ന ഭോപ്പാൽ ബിജെപി സ്ഥാനാർത്ഥിയും മാലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പ്രസ്താവന വലിയ തെറ്റാണെന്ന് ഫട്‍നവിസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

''അത്തരം പരാമർശം പ്രഗ്യാ സിംഗ് പറയരുതായിരുന്നു. ഹേമന്ത് കർക്കറെ മഹാനായ രക്തസാക്ഷിയാണ്. ദേശത്തോട് സ്നേഹമുള്ളയാളായിരുന്നു. ഞങ്ങൾക്ക് വീര രക്തസാക്ഷിയാണ് കർക്കറെ. പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞെങ്കിലും പ്രഗ്യാ സിംഗ് പറഞ്ഞത് വലിയ തെറ്റായിപ്പോയി'', ഫട്‍നവസ് പറ‍ഞ്ഞു. 

Latest Videos

ഇതാദ്യമായാണ് ഒരു ബിജെപി മുഖ്യമന്ത്രി ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥിയും മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിനെ തള്ളിപ്പറഞ്ഞ് രംഗത്തു വരുന്നത്. മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച കർക്കറെയെ അപമാനിച്ച പ്രഗ്യയെ അനുകൂലിക്കുന്നത് ഫട്‍നവിസിന് എളുപ്പമാകില്ല. ഇത് മുന്നിൽക്കണ്ടു തന്നെയാണ് ഫട്‍നവിസ് പ്രഗ്യാ സിംഗിനെ എതിർക്കുന്നതും. 

പിണങ്ങി നിന്ന ശിവസേനയെ ഒപ്പം കൊണ്ടുവന്നതിനെക്കുറിച്ചും ഫട്‍നവിസ് മനസ്സ് തുറന്നു. ''ബിജെപിയുടെയും ശിവസേനയുടെയും വോട്ട് ബാങ്ക് ഒന്നാണെന്നത് ഒരു രാഷ്ട്രീയയാഥാർത്ഥ്യമാണ്. അതിൽ നയത്തിന്‍റെയോ തന്ത്രത്തിന്‍റെയോ കാര്യമില്ല. വോട്ടർമാർ ഞങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. സമവായചർച്ചകളിലും അങ്ങനെത്തന്നെയാണ് ഞാനവരോട് പറഞ്ഞത്. ഇപ്പോൾ ഞങ്ങൾ സുശക്തരായ സഖ്യമാണ്. ഈ സഖ്യത്തെ തോൽപിക്കാനാവില്ലെന്ന് എല്ലാവരും തിരിച്ചറിയുകയും ചെയ്യുന്നു'', ഫട്‍നവിസ് പറയുന്നു.

മഹാരാഷ്ട്രയിൽ വൻ തരംഗമുണ്ടാക്കാനാകുമോ എന്നതിനെക്കുറിച്ച് തികഞ്ഞ പ്രതീക്ഷയാണ് ഫട്‍നവിസിന്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഏതാണ്ട് ഒപ്പത്തിനൊപ്പം വരുന്ന മഹാരാഷ്ട്രയിൽ ഇരു തെരഞ്ഞെടുപ്പുകളിലും ബിജെപി വൻ നേട്ടമാണ് കഴിഞ്ഞ തവണ ഉണ്ടാക്കിയത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 48 സീറ്റുകളിൽ 42 സീറ്റുകളും നേടി എൻഡിഎ സഖ്യം അന്ന് ചരിത്രം സൃഷ്ടിച്ചു. 2014 നിയമസഭാ തെരഞ്ഞെടുപ്പിൽ 288 സീറ്റുകളിൽ 185 സീറ്റുകൾ നേടി വൻ വിജയമാണ് ബിജെപി - ശിവസേന സഖ്യം നേടിയത്. രണ്ടക്കമോ, അമ്പത് സീറ്റുകളെന്ന കണക്കോ പോലും കടന്നു കൂടാനാകാതെ അന്ന് കോൺഗ്രസ് നാണം കെട്ടു.

മോദി തരംഗം മഹാരാഷ്ട്രയിലും ആഞ്ഞടിച്ചതുപോലെ ഇത്തവണയും ഒരു തരംഗമുണ്ടാകുമെന്നും അഞ്ച് വർഷത്തെ മോദി ഭരണത്തിൽ ജനങ്ങൾ തൃപ്തരാണെന്നുമാണ് ഫട്‍നവിസ് പറയുന്നത്. ഇത്തവണ കൂടുതൽ സീറ്റുകൾ കിട്ടുമെന്നും, ഇത് മോദി മാജിക്കാണെന്നും ഫട്‍നവിസ് പറയുന്നു. മഹാരാഷ്ട്ര സർക്കാരിനും ജനങ്ങൾ മികച്ച മാർക്കിടും - സംശയമില്ല ഫട്‍നവിസിന്. 

തെരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു സഖ്യമോ, സമവായചർച്ചയോ അജണ്ടയിലേ ഇല്ലെന്ന് ഫട്‍നവിസ് പറയുന്നു. തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് എൻസിപിയുടെയോ മറ്റ് പ്രതിപക്ഷ പാർട്ടികളുടെയോ പിന്തുണ ആവശ്യം വരില്ല. സഖ്യത്തിന് ഒറ്റയ്ക്ക് വലിയ ഭൂരിപക്ഷം തന്നെ കിട്ടും - ഫട്‍നവിസ് പറയുന്നു. 

കേരളത്തിൽ താമര വിരിയുമോ? 

കേരളത്തിലിത്തവണ ബിജെപി അദ്ഭുതം സൃഷ്ടിച്ചുവെന്നാണ് ദേവേന്ദ്ര ഫട്‍നവിസ് പറയുന്നത്. ബിജെപി ലോക്സഭയിൽ കേരളത്തിൽ നിന്ന് അക്കൗണ്ട് തുറക്കും. ശബരിമല പ്രശ്നത്തിൽ, വിശ്വാസികളെ അപമാനിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്യുന്നതായിരുന്നു കേരളത്തിലെ സർക്കാരിന്‍റെ നിലപാടെന്ന് ഫട്‍നവിസ് ആരോപിച്ചു. 

ശനി ഷിംഗ്‍നാപൂരിലെ സ്ത്രീപ്രവേശനവും ശബരിമലയിലെ സ്ത്രീപ്രവേശവും സർക്കാർ കൈകാര്യം ചെയ്ത രീതിയിലാണ് വ്യത്യസ്തമായതെന്നാണ് ഫട്‍നവിസ് പറയുന്നത്. പിണറായി വിജയൻ സർക്കാർ വിശ്വാസികളെ അപമാനിച്ചു. ബിജെപി സർക്കാർ സമവായമുണ്ടാക്കി - ഫട്‍നവിസ് വ്യക്തമാക്കി. 

click me!