'ലേറ്റാ വന്താലും ലേറ്റസ്റ്റാ വന്നു' വടകരയിലെ സ്ഥാനാർത്ഥിത്വത്തോടെ കോൺഗ്രസിൽ കരുത്തനായി മുരളീധരൻ

By Sujith Chandran  |  First Published Mar 19, 2019, 5:33 PM IST

മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാതെ വിട്ടുനിന്ന മണ്ഡലത്തിലേക്കാണ്, ഉമ്മൻചാണ്ടിയും കെ സി വേണുഗോപാലും വി എം സുധീരനും മത്സരിക്കാൻ വിസമ്മതിച്ച തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങാനാണ് മുരളീധരൻ കോൺഗ്രസിനുവേണ്ടി കച്ചമുറുക്കുന്നത് 


തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും അഴിയാക്കുരുക്കുകൾക്കും ശേഷവും കീറാമുട്ടിയായിരുന്ന വടകര മണ്ഡലത്തിലേക്ക് അപ്രതീക്ഷിതമായാണ് കെ മുരളീധരൻ സ്ഥാനാർത്ഥിയായി എത്തുന്നത്. കരുത്തനായ പി ജയരാജനെതിരെ കോൺഗ്രസിന് ഇറക്കിക്കളിക്കാവുന്ന തുറുപ്പുചീട്ട് തന്നെയാണ് കെ മുരളീധരൻ. വടകരയിൽ മത്സരിക്കാൻ മുരളീധരൻ എടുത്ത തീരുമാനത്തെ ഒരുപക്ഷേ സാഹസികം എന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാതെ വിട്ടുനിന്ന മണ്ഡലത്തിലേക്കാണ്, ഉമ്മൻചാണ്ടിയും കെ സി വേണുഗോപാലും വി എം സുധീരനും മത്സരിക്കാൻ വിസമ്മതിച്ച തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങാനാണ് അദ്ദേഹം കോൺഗ്രസിനുവേണ്ടി കച്ചമുറുക്കുന്നത് എന്നതുതന്നെ കാര്യം.

അഴിക്കുംതോറും കുരുങ്ങിയ സ്ഥാനാർത്ഥി നിർണ്ണയത്തിൽ തീരുമാനമാകാതെ ത്രിശങ്കുവിൽ നിന്ന നേതൃത്വത്തെ പ്രതിസന്ധി ഘട്ടത്തിൽ പിന്തുണച്ച രക്ഷകനായാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിൽ മുരളീധരന്‍റെ പ്രതിച്ഛായ വളർന്നത്. സമൂഹമാധ്യമ ഫീഡുകളിലെ തെരഞ്ഞെടുപ്പ് ചർച്ചകളെല്ലാം മുരളീധരന്‍റെ സ്ഥാനാർത്ഥിത്വത്തിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. ഇടതുപക്ഷം പ്രചാരണം തുടങ്ങി പതിനൊന്ന് ദിവസമായിട്ടും സ്വന്തം സ്ഥാനാർ‍ത്ഥി ആരെന്നറിയാതെ അലസരും നിരാശരുമായിപ്പോയ അണികൾ വർദ്ധിത വീര്യത്തോടെ കൊടിയെടുത്ത് തെരുവിലിറങ്ങി. പാർട്ടി ഓഫീസുകൾ സജീവമായി. പ്രചാരണത്തിൽ ഒരുപടി മുന്നിലെത്തിയ ഇടതുക്യാമ്പിലും മുരളീധരന്‍റെ രംഗപ്രവേശം ആശങ്ക വിതച്ചിട്ടുണ്ട്.

Latest Videos

undefined

ടി സിദ്ദിഖ്, വിദ്യാബാലകൃഷ്ണന്‍, സതീശന്‍ പാച്ചേനി, അഡ്വ. കെ പ്രവീണ്‍കുമാര്‍ എന്നിങ്ങനെ പല പേരുകളും വടകര സീറ്റിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ പി ജയരാജനെ നേരിടാൻ കൂടുതൽ കരുത്തനായ ഒരാൾ വേണമെന്നായിരുന്നു കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്‍റേയും മുസ്ലീം ലീഗിന്‍റേയും ആവശ്യം. സിറ്റിംഗ് എംപിയായ മുല്ലപ്പള്ളിയെ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് പരമാവധി സമ്മർദ്ദം ചെലുത്തി. എന്നാൽ രണ്ട് ദിവസത്തെ നിരന്തര സമ്മർദ്ദത്തിന് ശേഷവും മുല്ലപ്പള്ളി വഴങ്ങില്ലെന്നായപ്പോൾ പരിഗണിച്ച പേരുകളിൽ തന്നെ ചുറ്റിപ്പറ്റി വടകര ചർച്ച തീരുമാനമാവാതെ നീണ്ടു. 'പി ജയരാജനെ പിടിച്ചാൽ കിട്ടില്ല' എന്ന മനോഭാവത്തോടെ ദുർബലരായ സ്ഥാനാർഥികളെ നിർത്താൻ ആലോചിച്ച നേതൃത്വത്തിനെതിരെ ശക്തമായ വികാരം പ്രവർത്തകരിൽ നിന്ന് ഉയരുന്നുണ്ടായിരുന്നു. 

ഇതിനിടെ വടകരയിൽ ചെറുതല്ലാത്ത സ്വാധീന ശേഷിയുള്ള ആർഎംപി മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യം കോൺഗ്രസ് നേതൃത്വത്തോട് ഉന്നയിച്ചു. എഐസിസിയുടെ സമൂഹമാധ്യ അക്കൗണ്ടുകളിലേക്കും ഫാക്സ് സന്ദേശങ്ങളായും ഈ ആവശ്യം നിരന്തരം എത്തിക്കൊണ്ടിരുന്നു. ഉമ്മൻചാണ്ടിയുടെ ശക്തമായ ഇടപെടൽ കൂടി ആയപ്പോൾ കെ മുരളീധരനെ പരീക്ഷിക്കാൻ ഹൈക്കമാൻഡ് ഇടപെട്ട് അന്തിമ തീരുമാനം എടുത്തു. മുസ്ലീം ലീഗുമായുള്ള നല്ല ബന്ധവും കോഴിക്കോട് എംപി എന്ന നിലയിൽ മലബാറിൽ മുരളീധരനുള്ള ദീർഘകാല വ്യക്തിബന്ധങ്ങളും പ്രവർത്തനപരിചയവും സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായകമായി. 

ദില്ലി ചർച്ചകൾക്ക് ശേഷം കേരളത്തിലെത്തിയ ഉമ്മൻചാണ്ടി മുരളീധരനോട് വടകരയിൽ സ്ഥാനാർത്ഥിയാകണം എന്നാവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് ശശി തരൂരിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ഹൈക്കമാൻഡിൽ നിന്ന് ഈ സന്ദേശം എത്തുന്നതും മുരളീധരൻ അത് അംഗീകരിക്കുന്നതും. അവിടെവച്ചുതന്നെ ഇക്കാര്യം സ്ഥിരീകരിച്ച് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.

പി ജയരാജന് എതിരായി കെ മുരളീധരൻ എത്തുന്നതോടെ സംസ്ഥാനത്തെ ഏറ്റവും തീപാറുന്ന രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമായി വടകര മാറും. ഇരു മുന്നണികളുടേയും പടകുടീരങ്ങളിലെ ഏറ്റവും ശക്തിയുള്ള ആയുധങ്ങൾ വടകരയിൽ പരമാവധി പ്രഹരശേഷിയോടെ വർഷിക്കപ്പെടും. കോൺഗ്രസിലേക്കുള്ള തിരിച്ചുവരവിന് ശേഷം മുൻനിര നേതൃത്വത്തിലേക്ക് ഉയരാനാകാതെ രണ്ടാം നിരയിലെ ഒന്നാം നിരക്കാരനായി ക്ഷമയോടെ ഒതുങ്ങിക്കൂടുകയായിരുന്നു മുൻ കെപിസിസി പ്രസിഡന്‍റ്. വട്ടിയൂർക്കാവിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശേഷം മണ്ഡലത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. സംസ്ഥാന, ദേശീയ വിഷയങ്ങളിൽ അപൂർവമായി മാത്രം ഇടപെട്ടു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ മാത്രമല്ല, യുഡിഎഫിന്‍റെ തന്നെ പ്രധാന പോർമുനയായി മുരളീധരൻ മാറുന്ന അപ്രതീക്ഷിത സാഹചര്യത്തിലേക്കാണ് വടകരയിൽ തട്ടി വഴിമുട്ടിയ കോൺഗ്രസിന്‍റെ സീറ്റ് നിർണ്ണയം വികസിച്ചത്.

ദേശീയതലത്തിൽ കോൺഗ്രസിനെ സംബന്ധിച്ച് അതിനിർണ്ണായകമായ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ കേരളത്തിൽ എ, ഐ ഗ്രൂപ്പുകൾ തുറന്ന പോര് തുടങ്ങിയതിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ട്. സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ വിഷമിച്ച സമയത്ത് ധൈര്യമായി മുന്നോട്ടുവന്ന് ദൗത്യമേറ്റെടുത്ത മുരളീധരൻ ഇതോടെ ഹൈക്കമാൻഡിനും പ്രിയപ്പെട്ടവനാകും. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ശശി തരൂരിനേക്കാൾ സീനിയർ നേതാവെന്ന നിലയിൽ കേന്ദ്രമന്ത്രി സ്ഥാനത്തേക്കും മുരളീധരനെ പരിഗണിച്ചേക്കും. വടകരയിൽ മുരളീധരനുവേണ്ടിയുള്ള യുഡിഎഫ് പ്രചാരണത്തിൽ ഈ സാധ്യതയടക്കം ഉയരും.

വടകരയിൽ ജയിച്ചാലും തോറ്റാലും കോൺഗ്രസിൽ മുരളീധരൻ കൂടുതൽ കരുത്തനാകും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്കും രമേശിനും മുല്ലപ്പള്ളിക്കും കെ സി വേണുഗോപാലിനുമൊപ്പം എണ്ണുന്ന പേരായി, ഇതിൽ ചിലരേക്കാളെങ്കിലും പ്രാധാന്യമുള്ള നേതാവായി മുരളീധരൻ മാറുകയും ചെയ്യും. സംസ്ഥാന കോൺഗ്രസിലെ ഏറ്റവും കരുത്തനായ ഉമ്മൻചാണ്ടിയുമായി വടകര സ്ഥാനാർത്ഥിത്വത്തോടെ മുരളീധരൻ കൂടുതൽ അടുക്കും. എ, ഐ പോരിനിടയിൽ വിശാല ഐ ഗ്രൂപ്പ് എവിടേക്കെന്നതിന്‍റെ ദിശാസൂചിയുമാകും വടകര.

വടകരയില്‍ 'കോലീബീ' സഖ്യത്തിന് സാധ്യതയുണ്ടെന്നും 91 ആവർത്തിക്കുമെന്നും ഇടത് സ്ഥാനാർത്ഥി പി ജയരാജൻ ആരോപണം ഉന്നയിച്ചുകഴിഞ്ഞു. മുരളീധരൻ വിജയിച്ചാല്‍ ഒഴിവ് വരുന്ന വട്ടിയൂര്‍ക്കാവ് സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കോൺഗ്രസ് ബിജെപിയെ പകരം പിന്തുണയ്ക്കുമെന്നാണ് ധാരണയെന്നും സിപിഎം ഉപശാലകളിൽ നിന്ന് ആരോപണം ഉയരുന്നു. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് വടകരയിലേത് എന്നാണ് സ്ഥാനാർത്ഥിത്വത്തിന് ശേഷം മുരളീധരന്‍റെ ആദ്യ പ്രതികരണം. യുഡിഎഫ് പ്രചാരണം അക്രമരാഷ്ട്രീയത്തെ തന്നെയാണ് പ്രശ്നവൽക്കരിക്കുന്നത്. ഏത് വിധേനെയും വടകരയിൽ ജയരാജനെ തോൽപ്പിക്കണമെന്ന രാഷ്ട്രീയമുള്ള ബിജെപിയുടെ സ്ഥാനാർത്ഥി ആരെന്ന് ഇനിയും തീരുമാനിച്ചിട്ടുമില്ല.  

ഏതായാലും വടകരയിലെ സിപിഎം, എൽഡിഎഫ് സംവിധാനങ്ങൾ എണ്ണയിട്ട യന്ത്രം പോലെ സജീവമാണ്. മണ്ഡലം കൺവെൻഷനുകൾ പൂ‍ർത്തിയാക്കി ബൂത്ത് കൺവെൻഷനുകൾ വരെയെത്തിയ ഇടതുമുന്നണി പ്രചാരണരംഗത്ത് ഏറെ മുന്നിൽത്തന്നെ. ഗ്രൂപ്പുപോരിൽ മനം മടുത്തിരുന്ന കോൺഗ്രസ്, യു‍ഡിഎഫ് അണികളും മുരളീധരന്‍റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ പ്രചാരണത്തിന് ആവേശത്തുടക്കമിട്ടു. എൽഡിഎഫ് ഉണ്ടാക്കിയ മുൻതൂക്കം മുരളീധരന്‍റെ സ്ഥാനാ‍ർത്ഥിത്വം കൊണ്ട് മറികടക്കാമെന്ന് അവർ കണക്കുകൂട്ടുന്നു. ബിജെപി, ആർഎംപി വോട്ടുകൾ എന്ത് സ്വാധീനമാണ് ഉണ്ടാക്കുന്നതെന്നും പ്രചാരണം മുന്നേറുമ്പോൾ എന്തൊക്കെ അടിയൊഴുക്കുകളാണ് ഉണ്ടാവുകയെന്നും കാത്തിരുന്ന് കാണണം. ഏതായാലും വടകരയിൽ തീപ്പൊരി ചിതറി തീപാറുമെന്നുറപ്പ്.

click me!